ദില്ലി : ഉത്തർ പ്രദേശിൽ മഹാ ഗഡ്‌ബന്ധൻ എന്നു പേരായ മഹാ സഖ്യം 78  സീറ്റുകളിൽ മത്സരിച്ചു. പല സീറ്റുകളിലും മത്സരം ബിജെപിയും മഹാ ഗഡ്‌ബന്ധൻ സ്ഥാനാർത്ഥികളും തമ്മിലായിരുന്നു. ഈ മണ്ഡലങ്ങളിലൊക്കെയും കോൺഗ്രസ് എന്ന ദേശീയ പാർട്ടിക്ക് ഒരേയൊരു നിയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗഡ്‌ബന്ധന്റെ സ്ഥാനാർത്ഥികൾക്ക് കിട്ടിയേക്കുമായിരുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം എളുപ്പമാക്കുക. 

ഈ നേരം വരെ വന്ന ഫലങ്ങൾ സൂചിപ്പിക്കുന്ന ട്രെൻഡുകൾ പ്രകാരം ബിജെപി 50  സീറ്റുകളിൽ മുന്നിട്ടു നില്കുന്നു. 29  സീറ്റുകളിൽ മഹാ ഗഡ്‌ബന്ധനും. അതായത് തുടർച്ചയായ രണ്ടാം വട്ടവും ഉത്തർപ്രദേശിൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥ, " പൊടിപോലുമില്ല കണ്ടുപിടിക്കാൻ.." എന്ന പഴയ പരസ്യം പോലെ ആയിട്ടുണ്ട്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 80-ൽ 73 സീറ്റും നേടി ബിജെപി സഖ്യം ഉത്തർപ്രദേശ് തൂത്തുവാരിയിരുന്നു. ഇത്തവണ അത്രയ്ക്കങ്ങ് ക്ളീനായ സ്വീപ്പ് അല്ലെങ്കിലും, മഹാ ഗഡ്‌ബന്ധന് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന പല സീറ്റുകളിലും കുറെ വോട്ടുകൾ കോൺഗ്രസ് ചോർത്തിക്കൊണ്ടുപോയതുകൊണ്ടു മാത്രം ഗഡ്‌ബന്ധന്റെ സ്ഥാനാർത്ഥികൾ പരാജയം രുചിച്ചു. 

സഹാറൻ പൂർ, മുറാദാബാദ്, സന്ത് കബീർ നഗർ, ബദോഹി, ദേവാരിയെ, സീതാപൂർ, ഖൈരി എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർഥി  മഹാ ഗഡ്‌ബന്ധന്റെ സ്ഥാനാർത്ഥിയുടെ വോട്ടുകൾ ഭിന്നിപ്പിച്ച് അവരെ ബിജെപി സ്ഥാനാർത്ഥിക്ക് പിന്നിലേക്ക് നയിച്ചു.

പാഴായ വരവ്

തെരഞ്ഞടുപ്പിനു തൊട്ടുമുമ്പാണ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് തന്നെ ഒരു അധികാരസ്ഥാനവും എടുത്തണിഞ്ഞുകൊണ്ട് കയറിവരുന്നത്. അത് കോൺഗ്രസിന്റെ പ്രവർത്തകർക്കിടയിൽ കാര്യമായ ഉത്സാഹമുണ്ടാക്കി എന്നതൊക്കെക് ശരി തന്നെ. എന്നാൽ അത്തരം ഒരു ഉത്സാഹത്തിന്റെ യാതൊരു അനുരണനവും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഉണ്ടായതേയില്ല. റായ് ബറേലി, അമേത്തി, ധൗർ ഹരാ, കാൺപൂർ, ഉന്നക്കാവ്, ഫത്തേപ്പൂർ സ്ക്രീ എന്നിങ്ങനെ ചില സീറ്റുകളിൽ ഒഴിച്ചാൽ മറ്റൊരു മണ്ഡലത്തിലും   ആധികാരികമായ ഒരു മത്സരം പോലും കാഴ്ചവെക്കാൻ കോൺഗ്രസിനായില്ല. മറ്റെല്ലാ മണ്ഡലങ്ങളിലും ജയിക്കാൻ മഹാ ഗഡ്‌ബന്ധൻ  സ്ഥാനാർത്ഥിക്ക് രേഖപ്പെടുത്താൻ സാധ്യതയുണ്ടായിരുന്ന വോട്ടുകൾ തട്ടിപ്പറിച്ച് അവരെ തോൽപ്പിക്കുക എന്ന ഒരു റോൾ മാത്രമായിരുന്നു കോൺഗ്രസിന്. ഇക്കാര്യം ഒരു ചാനലിനോട് സമ്മതിക്കേണ്ട  ഗതികേടുവരെ ഇന്ന്  പ്രിയങ്കാ ഗാന്ധിക്കുണ്ടായി. 

ഇന്ദിരാഗാന്ധിയുടെ പ്രിയങ്കയ്ക്കുള്ള മുഖസാമ്യവും മറ്റും പറഞ്ഞുകൊണ്ട് ഗൃഹാതുരസ്മരണകൾ ഉണർത്തിവിട്ടു വോട്ടുപിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങളെ ഉത്തർപ്രദേശിലെ ജനങ്ങൾ തമസ്കരിച്ചു.