Asianet News MalayalamAsianet News Malayalam

മതം: കനല്‍ വാരിയിട്ടത് എല്‍ഡിഎഫ്, ഊതിക്കാച്ചിയത് ബിജെപി, നേട്ടം കൊയ്തതോ യുഡിഎഫ്

കേരളത്തിന്റെ പ്രബുദ്ധതയായി പലരും  ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ കാണുന്നു. എന്നാൽ, അത്രയ്ക്കു മതേതരസ്വഭാവമുള്ളതാണോ  കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റ ട്രെൻഡ്..? 

Religion was the deciding factor in Kerala too
Author
Trivandrum, First Published May 23, 2019, 1:31 PM IST

രാജ്യമെങ്ങും ബിജെപി തരംഗം അലയടിക്കുമ്പോൾ അതിന് കടകവിരുദ്ധമായി  കേരളം പിന്തുണച്ചത് കോൺഗ്രസ് സഖ്യത്തെയായിരുന്നു. പലരും അതിനെ കേരളത്തിന്റെ പ്രബുദ്ധതയായും, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വർഗീയ പ്രീണന നയങ്ങളോടുള്ള ഒരു മതേതര പ്രതിഷേധമായും ഒക്കെ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് അതാണോ..?  അത്രയ്ക്കു മതേതരസ്വഭാവമുള്ളതായിരുന്നോ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റ ട്രെൻഡ്..? 
 
ഏറെക്കുറെ മതേതരമായിത്തന്നെ ചിന്തിച്ചു പോന്നിരുന്ന, തെരഞ്ഞെടുപ്പുകളിൽ വിധിയെഴുത്ത് നടത്തിപ്പോന്ന കേരളത്തിലെ ജനതയെ മതത്തിന്റെ പേരിൽ വിഭജിച്ചുകൊണ്ട് കടന്നുവന്ന വിഷയമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശം. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ എൽഡിഎഫ് സർക്കാർ കാണിച്ച ശുഷ്‌കാന്തി, ഇതര സമുദായങ്ങളുടെ ബന്ധപ്പെട്ട പല വിഷയങ്ങളിലും കാണാതിരുന്നതും സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തി. ശബരിമല വിഷയത്തെ കേരളമെങ്ങും ആളിക്കത്തിച്ചുകൊണ്ട് വോട്ടുബാങ്കുകളെ തങ്ങളുൾക്കനുകൂലമാക്കാൻ വേണ്ടി ബിജെപി പരമാവധി പ്രയത്നിച്ചെങ്കിലും അവർ അതിൽ വേണ്ടവിധം വിജയിച്ചില്ല. ഫലമോ, അങ്ങനെ ശബരിമല വിഷയത്തിൽ എൽഡിഎഫിന് എതിരായ വോട്ടുകളെല്ലാം യുഡിഎഫിനെ തുണച്ചു. 

ശബരിമല വിഷയത്തെ ഹൈന്ദവേതര മതവിഭാഗങ്ങളും പലരീതിയിലാണ് നോക്കിക്കണ്ടത്. സ്വാഭാവികമായും ഭൂരിപക്ഷം വരുന്ന പരമ്പരാഗത ഹൈന്ദവ വിശ്വാസി വോട്ടുകൾ സിപിഎമ്മിന് എതിരായി. സ്ത്രീ പ്രവേശന വിഷയത്തിലെ സിപിഎം സർക്കാരിന്റെ കടുംപിടുത്തം പിണക്കിയത് ഹൈന്ദവ വിശ്വാസികളെ മാത്രമായിരുന്നില്ല. ഇതരമതസ്ഥരുടെ വിശ്വാസങ്ങൾക്ക് മേൽ ഭരണകൂടം നടത്തിയ കടന്നുകയറ്റത്തെ, മറ്റു മതവിശ്വാസികളും പ്രതിഷേധത്തോടെ തന്നെയാണ് കണ്ടതെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ട്രെൻഡുകൾ. 

പൊന്നാനി, മലപ്പുറം തുടങ്ങിയ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് കേരളത്തിലെ പരമ്പരാഗത മുസ്‌ലിം ജനതയ്ക്കിടെ അവർക്കുള്ള സ്വാധീനത്തെത്തന്നെയാണ് പതിവുപോലെ വോട്ടാക്കി മാറ്റിയത്. അതുപോലെ തന്നെ കോഴിക്കോട്, വടകര, കണ്ണൂർ, കാസർഗോഡ്  പോലെ മുസ്‌ലിം വോട്ടുകൾക്ക് കൃത്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഗ്രാസ് റൂട്ട് ലെവലിൽ തന്നെ  ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നതും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. 

ചുരുക്കത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഈ ഉരുൾപൊട്ടൽ സ്വഭാവം സൂചിപ്പിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയൊന്നുമല്ല എന്ന് വ്യക്തം. കേരളത്തിൽ മതപരമായ വേർതിരിവിന്റെ കനൽ വാരിയിട്ടത് എൽഡിഎഫ്. അതിനെ ഊതിയൂതി ആളിച്ച് തെരഞ്ഞെടുപ്പടുക്കും വരെ കെടാതെ സൂക്ഷിച്ചത്  ബിജെപി. ഒടുവിൽ അതുകൊണ്ട് പന്തം കൊളുത്തുന്നതിൽ വിജയം കണ്ടതോ യുഡിഎഫും...!

Follow Us:
Download App:
  • android
  • ios