രാഷ്ട്രീയത്തില്‍ ഒന്നുമറിയാത്ത ഒരു തുടക്കക്കാരനില്‍ നിന്ന് എന്തിനും പോന്ന തലപ്പൊക്കമുള്ള നേതാവിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ കൂടുമാറ്റം കോണ്‍ഗ്രസുകാരെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ളതായിരുന്നു. 2018 ആയപ്പോഴേക്കും കരുത്തുറ്റ വ്യക്തിപ്രഭാവവമായി രാഹുല്‍ വളര്‍ന്നു. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലുമെല്ലാം ആ മാറ്റം  സ്പഷ്ടമായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസംഗങ്ങളിലൂടെയും തന്ത്രപ്രധാന നയസ്വീകരണങ്ങളിലൂടെയും രാഹുല്‍ കയ്യടി നേടിയപ്പോള്‍ പലരും സംശയം ചോദിച്ചു, ആരാണ് രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് ? 

തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്ത് രാഹുലിന്റെ രാഷ്ട്രീയഉപദേഷ്ടാവ് മറ്റാരുമല്ല, സന്ദീപ് സിങ് എന്ന പഴയ ജെഎന്‍യു നേതാവാണ്. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കരിങ്കൊടി കാണിച്ച, 'ഐസ'യുടെ പഴയ തീപ്പൊരി നേതാവ്! രാഷ്ട്രീയ ഉപദേശകന്‍ എന്ന തസ്തികയിലേക്ക് സന്ദീപ് സിങ്ങിന് ഔദ്യോഗിക നിയമനം ലഭിച്ചിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി  പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതും സഖ്യരൂപീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഭാഗമാകുന്നതുമെല്ലാം സന്ദീപ് സിങ്ങാണ്.

സന്ദീപ് സിങ്ങ് എപ്പോഴാണ് രാഹുലിന്റെ വിശ്വസ്തനായതെന്നോ അതെങ്ങനെയാണ് സംഭവിച്ചതെന്നോ ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. 2017ലെപ്പോഴോ ആണ് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റി സന്ദീപിനെ കണ്ടുതുടങ്ങിയതെന്ന് പറയുന്നുണ്ട് കോണ്‍ഗ്രസ് വൃത്തങ്ങള്‍. 

ഐസയിലൂടെ തുടക്കം

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗാര്‍ഹിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് സിങ് അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദപഠനകാലത്താണ് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ  (ഐസ) ഭാഗമാകുന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിസംഘടനയാണ് തീവ്രഇടതുപക്ഷ സ്വഭാവമുള്ള ഐസ.

ഉന്നതപഠനത്തിനായി ജെഎന്‍യുവില്‍ എത്തുമ്പോഴേക്കും ഐസയുടെ സജീവപ്രവര്‍ത്തകനായിരുന്നു സന്ദീപ്. ഹിന്ദിയായിരുന്നു ആദ്യം പഠനവിഷയം. എന്നാല്‍ പിന്നീട് തത്വശാസ്ത്രത്തിലേക്ക് മാറി. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജെഎന്‍യുവില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികളുടെ മുന്‍നിരയില്‍ സന്ദീപ് ഉണ്ടായിരുന്നു.

പ്രസംഗകലയില്‍ അസാമാന്യ വൈഭവം ഉള്ള സന്ദീപ് 2007ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങുമ്പോഴേക്കും തീവ്രമായ ഇടത് അഭിനിവേശം സന്ദീപ് ഏറെക്കുറെ ഉപേക്ഷിച്ചിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കോണ്‍ഗ്രസിലേക്കുള്ള ചുവട് വയ്പ്

ലോക്പാലിന് വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ പ്രചോദിതനായി ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനും ഒപ്പം പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട് സന്ദീപിന്. പക്ഷേ, അതും അധികനാള്‍ തുടര്‍ന്നില്ല. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന് പ്രസംഗങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്ന വ്യക്തി എന്ന നിലയില്‍ നിന്ന് പാര്‍ട്ടി നയതന്ത്രജ്ഞനായുള്ള സന്ദീപിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. തന്നെ കരിങ്കൊടി കാണിച്ച മുന്‍ ഐസ പ്രവര്‍ത്തകന് മന്‍മോഹന്‍ സിങ് മാപ്പ് നല്‍കിയതും ഇക്കാലത്താണ്. 

എന്നാല്‍, കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യക്ക് സന്ദീപ് ഇപ്പോഴും അനഭിമതനാണ്. 2018ല്‍ ജെഎന്‍യുവിലെ എന്‍എസ്യുഐ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള വിദ്യാര്‍ത്ഥി സന്ദീപിനെതിരെ എഐസിസിക്ക് കത്തെഴുതിയ സംഭവവുമുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്‍എസ്യുഐയില്‍ അംഗമാകരുതെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായശേഷം കോണ്‍ഗ്രസില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളില്‍ എത്തണമെന്നും സന്ദീപ് കാമ്പസില്‍ പ്രചരിപ്പെന്നായിരുന്നു എന്‍എസ്യുഐയുടെ ആരോപണം.