ചൂട് പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫായിസാബാദിലെ സണ്‍ബീം സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി സംസാരിക്കുകയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പും പ്രചാരണവും രാഷ്ട്രീയവും ഒന്നുമല്ലായിരുന്നു സംസാരവിഷയം എന്ന് മാത്രം. 

ഫായിസാബാദ്: 'പാചകം ചെയ്യാനറിയാമോ?' ആ ചോദ്യം പ്രിയങ്കാ ഗാന്ധിക്ക് നേരെയായിരുന്നു. ചോദ്യം ചോദിച്ചത് പ്രാഞ്ജലി എന്ന കൊച്ചുമിടുക്കി. ചിരിച്ചുകൊണ്ട് പ്രിയങ്ക മറുപടി പറഞ്ഞു, 'എനിക്ക് പാചകം ചെയ്യാന്‍ വളരെയധികം ഇഷ്ടമാണ്'.

ചൂട് പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫായിസാബാദിലെ സണ്‍ബീം സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി സംസാരിക്കുകയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പും പ്രചാരണവും രാഷ്ട്രീയവും ഒന്നുമല്ലായിരുന്നു സംസാരവിഷയം എന്ന് മാത്രം. വീട്ടുകാര്യങ്ങള്‍ മുതല്‍ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളെപ്പറ്റി വരെ അവര്‍ ചര്‍ച്ച ചെയ്തു. തനിക്ക് പാചകത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രിയങ്ക അവരോട് മനസ്സ് തുറന്നു.

"പതിനഞ്ചാമത്തെ വയസ്സ് മുതല്‍ ഞാന്‍ തനിയെ പാചകം ചെയ്യാറുണ്ട്. നന്നായി പാചകം ചെയ്യും. ഇറ്റാലിയന്‍ വിഭവങ്ങള്‍ പാചകം ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. തായ് വിഭവങ്ങളും പാചകം ചെയ്യാറുണ്ട്. വീട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ അടുക്കളയില്‍ കയറി തനിയെ ഭക്ഷണമുണ്ടാക്കും. എനിക്ക് പാചകം അത്രയധികം ഇഷ്ടമാണ്." പ്രിയങ്ക കുട്ടികളോട് പറഞ്ഞു.

ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നം എന്താണെന്ന ചോദ്യത്തിന് നമ്മുടെ 'മതം ഏതാണെന്ന് ആരും ചോദിക്കാത്ത ഇന്ത്യയാണ് എന്റെ സ്വപ്‌നം' എന്നായിരുന്നു മറുപടി. 'സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുന്ന ഇന്ത്യ. ഭരണഘടനയില്‍ മാത്രമല്ല സമൂഹത്തിലും എല്ലാവരെയും തുല്യരായി കാണുന്ന ഇന്ത്യ. ഭരണഘടനാ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അവ രാജ്യത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് തിരിച്ചറിയുകയും ചെയ്യുന്നൊരു ഇന്ത്യ.' പ്രിയങ്ക പറഞ്ഞു.