Asianet News MalayalamAsianet News Malayalam

ഇന്ത്യ മുഴുവൻ വോട്ടിങ്ങ് മെഷീന്‍; ഈ മണ്ഡലത്തില്‍ മാത്രം ബാലറ്റ് പേപ്പര്‍

പല ഭാഗത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും നാമനിർദേശ പത്രിക പിൻവലിക്കാൻ ഈ 178  പേരിൽ ഒരാൾ പോലും തയ്യാറാവാതെ വന്നപ്പോൾ, അവശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ഡലത്തിലെ പതിനഞ്ചു ലക്ഷത്തോളം വരുന്ന വോട്ടർമാർക്കു വേണ്ട ബാലറ്റ് പേപ്പർ  അച്ചടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ഇപ്പോൾ കമ്മീഷൻ. 

Telangana's Nizamabad, With 185 Candidates, To Vote Using Ballot Paper
Author
Nizamabad, First Published Mar 29, 2019, 10:19 AM IST

ഹൈദരാബാദ്: ആദ്യഘട്ടത്തിൽ പോളിങ്ങ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തെലങ്കാനയിലെ നിസാമാബാദ്. ഇത്തവണ ഈ മണ്ഡലം ശ്രദ്ധേയമാവാൻ പോവുന്നത് മറ്റൊരു കാരണത്താലാണ്. രാജ്യം മുഴുവൻ വോട്ടിങ്ങ് മെഷീനിൽ വിരലമർത്തി വോട്ടുചെയ്യുമ്പോൾ നിസാമാബാദ് മാത്രം ബാലറ്റിൽ സീലടിച്ച് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 

തെലങ്കാനാ രാഷ്ട്ര സമിതിയുടെ അധ്യക്ഷനും തെലങ്കാനാ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ മകൾ കൽവകുന്ദള കവിതയാണ് നിസാമാബാദിലെ സിറ്റിങ്ങ് എം പി. ഇന്നലെ വൈകുന്നേരം 4  മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ  200  പത്രികകളാണ് കമ്മീഷനു മുന്നിലെത്തിയത്. പല കാരണങ്ങളും കാണിച്ച്‌ കമ്മീഷൻ 11  പത്രികകൾ തള്ളി. ഒടുവിൽ അവശേഷിച്ചിരുന്നത് 189  പത്രികകൾ. അതിൽ 4 സ്ഥാനാർത്ഥികൾ അവരുടെ പത്രികകൾ പിൻവലിച്ചതോടെ മത്സരിക്കുന്നവരുടെ എണ്ണം 185 എന്നുറപ്പിച്ചു. 

അതോടെ വെട്ടിലായത് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആകെ 63  സ്ഥാനാർഥികളെയും, ഒരു നോട്ടയെയും അടക്കം 64  പേരെ മാത്രമേ ഉൾക്കൊള്ളിക്കാനാവൂ. നിസാമാബാദിലാണെങ്കിൽ, കഴിഞ്ഞ തവണത്തെ ജയം ആവർത്തിക്കാനായി കവിത  ഇത്തവണയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മധു യാഷ്‌കി ഗൗഡ്, ബിജെപിയ്ക്കുവേണ്ടി മത്സരിക്കുന്ന ധർമപുരി അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. 

ഒപ്പം, പാർലമെന്‍റിലേക്ക് എത്താനുള്ള പരിശ്രമവുമായി, പ്രാദേശിക പാർട്ടികളെ പ്രതിനിധീകരിക്കുന്ന നാല് സ്ഥാനാർത്ഥികൾ കൂടിയുണ്ട്. ഈ ഏഴ് സ്ഥാനാർത്ഥികൾക്ക് പുറമേ, തെലങ്കാനയിലെ കർഷക സമരങ്ങളുടെ മുൻ നിരയിലുള്ള 178  കർഷകർ കൂടി മത്സരിക്കാൻ തീരുമാനിച്ചതാണ് മത്സരിക്കുന്നവരുടെ എണ്ണം  വോട്ടിങ് മെഷീന്റെ പരിധിക്കും അപ്പുറത്തേക്ക് കൂടാനിടയാക്കിയത്. ഇവരുടെ നാമനിർദ്ദേശ പത്രികകൾ വരണാധികാരി അംഗീകരിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റുവഴികൾ തേടേണ്ടിവരും. 

പല ഭാഗത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും നാമനിർദേശ പത്രിക പിൻവലിക്കാൻ ഈ 178  പേരിൽ ഒരാൾ പോലും തയ്യാറാവാതെ വന്നപ്പോൾ, അവശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ഡലത്തിലെ പതിനഞ്ചു ലക്ഷത്തോളം വരുന്ന വോട്ടർമാർക്കു വേണ്ട ബാലറ്റ് പേപ്പർ  അച്ചടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ഇപ്പോൾ കമ്മീഷൻ. 

കർഷക സമരങ്ങൾ തെലങ്കാനയിൽ പുകയാൻ തുടങ്ങിയിട്ട് ഏറെനാളായി. ഇത്രയും കാലം ജനപ്രതിനിധികളോട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പ്രശ്നപരിഹാരം കാത്തു കിടന്ന നിസാമാബാദിലെ ജനങ്ങൾ ഒന്നും നടക്കാതെ വന്നപ്പോഴാണ് പാർലമെന്‍റില്‍ നേരിട്ട് ചെന്ന്  കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വഴി നോക്കുന്നത്. വ്യവസ്ഥാപിത പാർട്ടികളുടെ നേതാക്കളോട് മത്സരിച്ചു ജയിക്കാനാവും എന്ന തെറ്റിദ്ധാരണയൊന്നും ഇല്ലാത്തതിനാൽ പരമാവധി കർഷക പ്രതിനിധികളെ മത്സരത്തിനിറക്കിക്കൊണ്ട് തങ്ങളുടെ സംഘർഷങ്ങളിലേക്ക് ദേശീയശ്രദ്ധ ആകർഷിക്കാനാണ് അവർ ശ്രമിക്കുന്നത്.  

ഇത്രയധികം സ്ഥാനാർത്ഥികൾ വരുന്നതോടെ വലിയൊരു ജോലിയാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ തലയിൽ വന്നു വീണിരിക്കുന്നത്. ഇത്രയും പേരുകൾ ഉൾക്കൊള്ളിച്ച് പതിനഞ്ചുലക്ഷത്തിലധികം ബാലറ്റുപേപ്പറുകൾ അടിക്കണം, സ്ഥാനാർത്ഥികൾക്ക് അവരവരുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ച്, ലഭ്യമായ ചിഹ്നങ്ങൾ അനുവദിക്കണം. ബാലറ്റ് ബോക്സുകൾക്ക് ഓർഡർ നൽകി അവ നിർമിക്കണം തുടങ്ങി ചില്ലറയൊന്നുമല്ല പ്രശ്നങ്ങൾ.  മേൽപ്പറഞ്ഞ പണികളൊക്കെ ഏപ്രിൽ ആദ്യവാരത്തിലെങ്കിലും പൂർത്തിയാക്കിയില്ലെങ്കിൽ സമയത്തിന് വോട്ടിങ്ങ് നടത്താനാവില്ല. 
 

Follow Us:
Download App:
  • android
  • ios