Asianet News MalayalamAsianet News Malayalam

മൂക്കിന്റെ പാലം തകർത്തെങ്കിലും, ഇന്ദിരയ്ക്ക് ഊർജ്ജം പകർന്ന ഒരു കല്ലേറിന്റെ കഥ

 പ്രചാരണ പര്യടനങ്ങൾക്കിടയിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുടെ ഉലയിലാണ് ഇന്ദിര എന്ന ജനനേതാവിന്റെ പരുവപ്പെടൽ നടന്നത്. തുടർന്നുള്ള വർഷങ്ങളിലെ ഇന്ദിരയുടെ വിജയകരമായ ഭരണത്തിനും ഊർജ്ജം പകർന്നത് അവിചാരിതമായി ജനക്കൂട്ടത്തിൽ നിന്നും പറന്നു വന്ന് മൂക്കിന്റെ പാലം തകർത്ത ആ ഒരു കല്ലാവും..!

The stone that boosted Indira Gandhi's confidence despite breaking her nose
Author
Trivandrum, First Published Apr 4, 2019, 11:30 AM IST

അറുപതുകൾ ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയനേതാവിന്റെ പരിണാമദശയിലെ സുപ്രധാനമായ വർഷങ്ങളായിരുന്നു.  ഇന്ദിര രാഷ്ട്രഭരണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് തന്റെ അച്ഛൻ ജവഹർ ലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്ന അമ്പതുകളിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പേഴ്‌സണൽ അസിസ്റ്റന്റിനെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചുകൊണ്ടായിരുന്നു. അമ്പതുകളുടെ അവസാനത്തോടെയാണ് നെഹ്‌റു ഇന്ദിരയെ AICC പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. സ്ഥാനമേറ്റെടുത്ത്  അധികം താമസിയാതെ ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചു താഴെയിടാനും ഇന്ദിരാ ഗാന്ധിക്ക് നിയോഗമുണ്ടായി. 

 

The stone that boosted Indira Gandhi's confidence despite breaking her nose

 

1964 -ൽ നെഹ്രുവിന്റെ മരണത്തോടെ ഇന്ദിരയെ കോൺഗ്രസ് രാജ്യസഭയിലേക്ക് നിർദ്ദേശിച്ചു. ചുരുങ്ങിയ കാലം കൊണ്ട്  ഒത്തിരി ഉത്തരവാദിത്തങ്ങൾ ഇന്ദിരയിലേക്ക് വന്നുപെട്ടു.  ചെയ്യുന്നതും പറയുന്നതുമൊക്കെ നിരന്തരം രാജ്യം നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാലം.  ആകെ അമ്പരപ്പായിരുന്നു അന്നൊക്കെ ഇന്ദിര എന്ന യുവതിക്ക്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മന്ത്രിസഭയിൽ ഇന്ദിര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ വകുപ്പ് മന്ത്രിയായിരുന്നു.  രാഷ്ട്രീയത്തിലെ പ്രവർത്തന പരിചയം തുലോം തുച്ഛമായിരുന്ന  ഇന്ദിരയെ അന്ന് കിങ്ങ് മേക്കർ കാമരാജടക്കമുള്ള നേതാക്കൾ പലരും. കൂടെ നിന്ന് പരിരക്ഷിച്ചുപോന്നിരുന്നു.

 

The stone that boosted Indira Gandhi's confidence despite breaking her nose

 

ഒരു നിവൃത്തിയുണ്ടെങ്കിൽ മൗനം ഭജിക്കാൻ താത്പര്യപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയെ അന്ന് പ്രതിപക്ഷം കളിയാക്കി വിളിച്ചിരുന്ന പേരാണ്, 'ഗൂംഗി ഗുഡിയ" ( മിണ്ടാട്ടമില്ലാതെ പാവക്കുട്ടി) എന്നത്.  

1966 -ൽ  ഇന്ദിരയെ പ്രധാനമന്ത്രി പദത്തിലേക്ക് വരെ എത്തിച്ചു, കാമരാജ്. മൊറാർജി ദേശായി പ്രധാനമന്ത്രിയാകും എന്നായിരുന്നു അന്ന് പരക്കെയുണ്ടായിരുന്ന പ്രതീക്ഷ. അതിനു വിരുദ്ധമായി, ഇന്ദിര പ്രധാനമന്ത്രിപദം അലങ്കരിച്ചത് പലർക്കും രസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ദിര  പാർലമെന്റിൽ  പറയുന്ന ഓരോ വാക്കിലും പിഴവ് കണ്ടെത്തി വിമർശിക്കാൻ തയ്യാറായിരിത്തന്നെ കാത്തിരിക്കുമായിരുന്നു രാം മനോഹർ ലോഹ്യ, മീനു മസാനി, നാഥ് പൈ അങ്ങനെ പലരും.  സംഘടിതമായ ഈ ആക്രമണത്തിൽ ആകെ വലഞ്ഞു പോയിരുന്നു  ഇന്ദിര. ഒരു നിവൃത്തിയുണ്ടെങ്കിൽ മൗനം ഭജിക്കാൻ താത്പര്യപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയെ അന്ന് പ്രതിപക്ഷം കളിയാക്കി വിളിച്ചിരുന്ന പേരാണ്, 'ഗൂംഗി ഗുഡിയ" ( മിണ്ടാട്ടമില്ലാതെ പാവക്കുട്ടി) എന്നത്.  

പ്രധാനമന്ത്രി എന്ന നിലയിൽ ഒഴിവാക്കാനാകാത്ത ഒന്നാണല്ലോ ചോദ്യോത്തരവേള.  പ്രതിപക്ഷം ഉന്നയിച്ചിരുന്ന നിർണ്ണായകമായ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി എഴുന്നേൽക്കുമ്പോൾ ഇന്ദിരയുടെ കൈകൾ വിറയ്ക്കുമായിരുന്നു. ഇന്ദിരയുടെ അന്നത്തെ കുടുംബ ഡോക്ടറായിരുന്ന കെ പി മാഥുര്‍ പിന്നീട്  പറഞ്ഞിട്ടുള്ളത്, പാർലമെന്റിൽ പ്രസംഗിക്കേണ്ടുന്ന ദിവസങ്ങളിൽ ഇന്ദിരയെ അതി ശക്തമായ തലവേദന അലട്ടിയിരുന്നു എന്നാണ്. ഇടയ്ക്കിടെ ടെൻഷൻ കാരണം ടോയ്‌ലറ്റിൽ പോവാനും തോന്നിയിരുന്നത്രെ. അങ്ങനെ പെട്ടുപോയ അവസ്ഥയിലാണ് ഇന്ദിര 1967 ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും ഇന്ത്യ കണ്ട ഇന്ദിര പാർലമെന്റിൽ ഭയന്ന് വിറച്ച് മിണ്ടാട്ടം മുട്ടി നിൽക്കുന്ന ഒരു കളിപ്പാവയല്ലായിരുന്നു. അത് ആത്മധൈര്യത്തിന്റെയും, കർക്കശ്യത്തിന്റെയും, ധീരതയുടെയും ഒക്കെ പ്രതിരൂപമായ ദൃഢചിത്തയായ ഒരു പാർലമെന്റേറിയനായിരുന്നു. ലോകം പിന്നീടവരെ ബഹുമാനപൂർവ്വം ഇന്ത്യൻ പാർലമെന്റിലെ 'ഉരുക്കു വനിത' എന്നുവിളിച്ചു. അങ്ങനെയൊരു മാറ്റം ഇന്ദിരയിൽ ഉളവാക്കുന്നതിൽ 1967-ലെ  ആ തെരഞ്ഞെടുപ്പിനുവേണ്ടി ഇന്ദിര മുൻനിരയിൽ നിന്ന് നയിച്ച പ്രചാരണ പ്രവർത്തനങ്ങൾക്കും,  അവയ്ക്കിടയിലുണ്ടായ ചില തിക്താനുഭവങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.  അത്തരത്തിൽ ഒരു അനുഭവത്തെക്കുറിച്ചും, അതിനെ നേരിടാൻ ഇന്ദിരാ ഗാന്ധി അന്ന് കാണിച്ച ആത്മധൈര്യത്തെക്കുറിച്ചുമാണ് ഇനി. 

1967 -ലെ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങളുടെ ചുക്കാൻ ഇന്ദിരാഗാന്ധിയുടെ കയ്യിലായിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അവർ നേരിട്ടെത്തി.   ഗ്രാസ് റൂട്ട് ലെവലിൽ അവർ നിരന്തരപ്രചാരണങ്ങളും, ഇലക്ഷൻ റാലികളും, മൈതാന പ്രസംഗങ്ങളും ഒക്കെ നടത്തി. ആ സജീവപര്യടനങ്ങളുടെ ഭാഗമായി ഒരു ദിവസം ഇന്ദിര ഒഡിഷയിലും എത്തി. അന്നവിടെ 'ഒഡിഷ സ്വതന്ത്ര പാർട്ടി'യ്ക്ക് കാര്യമായ സ്വാധീനമുള്ള കാലമായിരുന്നു.  കോൺഗ്രസിനോട് കാര്യമായ ദ്വേഷമുള്ള ഒരു ജനക്കൂട്ടത്തിനു മുന്നിലാണ് ഇന്ദിര ജനാവലിയോടാണ് അന്ന് ഇന്ദിര വോട്ടയഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രസംഗം നടത്തിയത് .  പ്രസംഗത്തിനിടെ ജനക്കൂട്ടത്തിൽ നിന്നും കല്ലേറ് തുടങ്ങി.  അപകടം മണത്ത പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ഇന്ദിരയോട്  പ്രസംഗം നിർത്താനാവശ്യപ്പെട്ടു. അവർ കേട്ടില്ല. 

ഇന്ദിരയുടെ പ്രസംഗത്തിന്റെ തീക്ഷ്ണത ഒന്നു കൂടി ഏറിയതേയുള്ളൂ.. അവർ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു, " ഇങ്ങനെയാണോ കാര്യങ്ങൾ നടക്കേണ്ടത്..? ഇങ്ങനെയുള്ളവരെയാണോ നിങ്ങൾ പാർലമെന്റിലേക്ക് വിടേണ്ടത്.. " പറഞ്ഞു തീർന്നില്ല, ഒരു കരിങ്കല്ല് ചീറിപ്പാഞ്ഞു വന്ന് ഇന്ദിരയുടെ മൂക്കിന്റെ പാലം തകർത്തു. എല്ലിനും ക്ഷതം പറ്റി. ഇന്ദിരയുടെ മുഖം ചോരയിൽ കുളിച്ചു. 

The stone that boosted Indira Gandhi's confidence despite breaking her nose

അപ്പോഴാണ് ഇന്ദിരാ ഗാന്ധി എന്ന നേതാവിന്റെ ജനിതകഗുണം വെളിപ്പെട്ടത്. അവിചാരിതമായുണ്ടായ ആക്രമണത്തിൽ ഒരു നിമിഷം അമ്പരന്നു   പോയെങ്കിലും, ഇന്ദിര തന്റെ പ്രസംഗം നിർത്തിയില്ല.  മുഖത്തുപടർന്നു കൊണ്ടിരുന്ന ചോര രണ്ടു കൈത്തലങ്ങളും കൊണ്ട് തുടച്ചുതുടച്ച് അവർ അതു  പൂർത്തിയാക്കി.  തുടർന്നുള്ള ദിവസങ്ങളിൽ ഇന്ദിര പ്രചാരണത്തിൽ പങ്കെടുത്തത് മുഖത്തൊട്ടിച്ച പ്ലാസ്റ്ററുമായാണ്.  തന്നെക്കാണാൻ ഇപ്പോൾ ബാറ്റ്മാനെപ്പോലെയുണ്ടെന്നാണ്  അന്ന് ഇന്ദിര തമാശരൂപേണ പറഞ്ഞത്. 

എന്തായാലും ആ പ്രചാരണ പര്യടനങ്ങൾക്കിടയിൽ നേരിടേണ്ടി വന്ന ഇത്തരത്തിലുള്ള തിക്താനുഭവങ്ങളുടെ ഉലയിലാണ് ഇന്ദിര എന്ന ജനനേതാവിന്റെ പരുവപ്പെടൽ നടന്നത്. തുടർന്നുള്ള വർഷങ്ങളിലെ ഇന്ദിരയുടെ വിജയകരമായ ഭരണത്തിനും ഊർജ്ജം പകർന്നത് അവിചാരിതമായി ജനക്കൂട്ടത്തിൽ നിന്നും പറന്നു വന്ന് മൂക്കിന്റെ പാലം തകർത്ത ആ ഒരു കല്ലാവും..!

Follow Us:
Download App:
  • android
  • ios