Asianet News MalayalamAsianet News Malayalam

പ്രണയച്ചിഹ്നത്തില്‍ 'വോട്ട്' തേടി അര്‍ജുനും ശില്‍പയും !!

നാടെങ്ങും തെരഞ്ഞെടുപ്പ് ആരവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ തങ്ങളുടെ വിവാഹക്ഷണക്കത്തും 'സേവ് ദ ഡേറ്റ്' വീഡിയോയുമെല്ലാം തെരഞ്ഞെടുപ്പിനെ കൂട്ട് പിടിച്ച വ്യത്യസ്തമാക്കിയിരിക്കുകയാണ് ശില്‍പയും അര്‍ജുനും.
 

wedding invitation in election poster style goes viral
Author
Kottayam, First Published Apr 6, 2019, 11:00 AM IST

കോട്ടയം: തെരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തിയതോടെ വേളൂര്‍ സ്വദേശി ശില്‍പയും കുമരകം സ്വദേശി അര്‍ജുനും 'വോട്ട്' തേടി തിരക്കിട്ട പ്രചാരണത്തിലാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ഇവരുടെ പ്രചാരണമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു വിവാഹപ്രചാരണമാണ്, ഇവര്‍ തേടുന്ന 'വോട്ട്' തങ്ങളുടെ വിവാഹത്തില്‍ നാട്ടുകാരുടെ പങ്കാളിത്തമാണ് !!

നാടെങ്ങും തെരഞ്ഞെടുപ്പ് ആരവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ തങ്ങളുടെ വിവാഹക്ഷണക്കത്തും 'സേവ് ദ ഡേറ്റ്' വീഡിയോയുമെല്ലാം തെരഞ്ഞെടുപ്പിനെ കൂട്ട് പിടിച്ച വ്യത്യസ്തമാക്കിയിരിക്കുകയാണ് ശില്‍പയും അര്‍ജുനും. ക്ഷണക്കത്തിന്റെ ഡിസൈന്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെയാണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നാണ് ഈ പോസ്റ്ററിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം വേണമല്ലോ ? പോസ്റ്ററില്‍ അതും ഉണ്ട്, പ്രണയചിഹ്നം!

wedding invitation in election poster style goes viral

ഇവരുടെ 'സേവ് ദ ഡേറ്റ്' വീഡിയോയിലും തെരഞ്ഞെടുപ്പ് തന്നെയാണ് താരം. സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഇരുവരും നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും ഒക്കെ വീഡിയോയുടെ ഭാഗമാണ്. വീഡിയോ ഇപ്പോള്‍ അവസാനവട്ട മിനുക്കുപണികളിലാണ്. തിങ്കളാഴ്ച്ച പുറത്തിറക്കും.

കോട്ടയം കുമ്മനം ലെന്‍സ് ഔട്ട് മീഡിയയിലെ നവാസ് ഷാനാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. ക്ഷണക്കത്തിലും വീഡിയോയിലും വ്യത്യസ്തത വേണമെന്ന് പറഞ്ഞപ്പോള്‍ നവാസിന്റെ ചിന്തയില്‍ ആദ്യം തെളിഞ്ഞത് തെരഞ്ഞെടുപ്പ് തന്നെ. ഇതേക്കുറിച്ച് കേട്ടതോടെ തങ്ങള്‍ക്കും ഇഷ്ടപ്പെട്ടെന്ന് അര്‍ജുന്‍  പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്ളവരാണ് ഈ വരനും വധുവും. ക്ഷണക്കത്ത് ഇത്തരത്തില്‍ തയ്യാറാക്കിയത് തെരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ശില്‍പയും പറഞ്ഞു.

വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ്-ബിന്ദു ദമ്പതിമാരുടെ മകളാണ് ശില്‍പ. കോട്ടയം എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍-പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. 
 

Follow Us:
Download App:
  • android
  • ios