ലോകമെമ്പാടുമായി ഒരുകോടി മുപ്പതു ലക്ഷം ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്.  ഇന്ത്യന്‍ ഭരണത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ ഒന്നരക്കോടി വോട്ടെന്നത് ചെറിയ സംഖ്യയല്ല. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ലെന്നു മാത്രം.

ഏത് തിരഞ്ഞെടുപ്പായാലും നാട്ടിലുള്ളവരെക്കാൾ ആവേശം പ്രവാസികൾക്കാണ്. പ്രവാസം ആരംഭിച്ചതുമുതല്‍ അവരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ പ്രവാസികള്‍ക്കൂടി പങ്കാളികളായികൊണ്ടുള്ള ഒരു സര്‍ക്കാര്‍ എന്നത്. പതിറ്റാണ്ടുകളായി ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഇന്നുവരെ നടപ്പായില്ല. ലോകമെമ്പാടുമായി ഒരുകോടി മുപ്പതു ലക്ഷം ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. 
ഇന്ത്യന്‍ ഭരണത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ ഒന്നരക്കോടി വോട്ടെന്നത് ചെറിയ സംഖ്യയല്ല. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ലെന്നു മാത്രം. 2014ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയുടെ പശ്ചാതലത്തിലാണ് പ്രവാസി വോട്ട് ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പെടുകയും 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അതിന്‍റെ ബില്‍ പാസാക്കുകയും ചെയ്തത്. 

എന്നാല്‍ പിന്നീടത് രാജ്യസയില്‍ പാസാക്കിയെടുക്കാനുള്ള നടപടി ഉണ്ടായില്ല. രാജ്യസഭയില്‍ കൂടി പാസാവാതെ ഈ നിയമം നടപ്പിലാവുകയോ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്യില്ല. വരാനിരിക്കുന്ന നിര്‍ണായകമായ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് നടപ്പാക്കുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാട്ടിയില്ല. 

വിവാദമായ മുത്തലാഖ് ഉൾപ്പെടെ ഏതാനും വിഷയങ്ങളിൽ ബിൽ പാസാകാത്തതിനാൽ വീണ്ടും ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ നടപടിയെടുത്തപ്പോഴും പ്രവാസിവോട്ടിന്‍റെ കാര്യത്തിൽ ഓർഡിനൻസിന്‍റെ സൂചനപോലും ഉണ്ടായില്ല. അതേസമയം പ്രോക്സി വോട്ടിനോടുള്ള വിയോജിപ്പും ഒരു പക്ഷം പ്രവാസികള്‍ രേഖപ്പെടുത്തുന്നു. 

പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്. വോട്ടർ പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക. ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 

പ്രോക്സി വോട്ടിന്‍റെ പേരിൽ ആർക്കും ചാടിക്കയറി പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ പ്രവാസി ഇതിനു മാസങ്ങൾക്ക് മുൻപേ റിട്ടേണിങ് ഓഫീസർക്ക് പ്രതിനിധിയാരെന്ന് വ്യക്തമാക്കി പ്രോക്സി വോട്ടിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകണം. 

അപ്പോഴും പ്രശ്നമുണ്ട്!

ഒരു പ്രോക്സിക്ക് ഒന്നിലേറെ ആള്‍ക്കാരുടെ പ്രോക്സിയായി വോട്ട് രേഖപ്പെടുത്താനാവും. ഒരാള്‍ക്ക് ഒരുവോട്ട് എന്ന മുന്‍കാല ധാരണയ്ക്ക് എതിരാണിത്. പ്രോക്സി വരുന്നതോടെ പ്രവാസി നിയോഗിക്കുന്ന പ്രതിനിധി ഒന്നിലേറെ വോട്ടുകളുടെ ഉടമയായി മാറും. ഒരു വ്യക്തി ഒരുവോട്ടിംഗ് കേന്ദ്രമായി മാറുന്ന അവസ്ഥ. നമ്മള്‍ പറയുന്ന സ്ഥാനാര്‍ത്ഥിക്കു തന്നെ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്തുമോയെന്ന് ഉറപ്പിച്ചു പറയാനുമാവില്ല.

അതു കൊണ്ട് ഇ വോട്ടാണ് പ്രവാസികളുടെ ആവശ്യം

യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഫിലിപ്പൈന്‍സുകാര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഇ വോട്ടിംഗ് പരീക്ഷിച്ച് വിജയിച്ചവരാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മ്മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റാണ് ഇ-വോട്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ആറുമാസമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് രേഖകല്‍ ഹാജരാക്കിയാല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കും. 

അവരുടെ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇ-ബാലറ്റ് അയക്കുകയും ചെയ്യും. നാട്ടില്‍ പോളിംഗ് നടക്കുന്ന അതേദിവസമായിരിക്കും ഇ-ബാലറ്റ് അയക്കുക. ഇതിനൊപ്പം ഒരു രഹസ്യ പിന്‍ നമ്പറും ഇവര്‍ക്ക് നല്‍കും. നേരത്തേ സമര്‍പ്പിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖയിലെ നമ്പറിനൊപ്പം ബാലറ്റില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ തിരികെ അയയ്ക്കണം. ഈ രീതിക്ക് അഞ്ച് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് പച്ചക്കൊടികാട്ടിയതുമാണ് എന്നാല്‍ വ്യക്തമായ തീരുമാനത്തിലെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കായിട്ടില്ല എന്നത് മറ്റൊരാശ്വാസം!

ബിജെപി സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരോട് കാണിച്ച തികഞ്ഞ അവഗണനതന്നെയാണ് പ്രവാസി വോട്ട് നടപ്പാക്കാത്തത്. ലോകത്തെ കുറിച്ച് തികഞ്ഞ വീക്ഷണമുള്ളവരാണ് രാജ്യത്ത് പുറത്തുകഴിയുന്ന ഓരോ ഇന്ത്യക്കാരനും. നാളത്തെ ഇന്ത്യ എന്തായിരിക്കണമെന്ന ചിന്തയുള്ളവര്‍. അതിലുപരി സെക്യുലറിസമെന്ന ചിന്താഗതിക്കൊപ്പം സഞ്ചരിക്കുന്നവര്‍. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ കഴിയുന്ന അറബ് മേഖലയില്‍ അവര്‍ അനുഭവിക്കുന്ന വിവേചനമില്ലായ്മ, അവരെ ഉയര്‍ന്ന ചിന്താധാരയില്‍ നയിക്കുന്നു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പ്രവാസികളും ഇന്ത്യയില്‍ മതവിരുദ്ധമായ , മതാധിഷ്ടിതമല്ലാത്ത ഭരണമുണ്ടാവണമെന്നാഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ സര്‍ക്കാരിന് അനുകാലമായി മാത്രമേവോട്ടുചെയ്യൂവെന്ന ഭയമാണ് അവസരമുണ്ടായിട്ടും പ്രവാസി വോട്ട് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവാത്തതെന്നാണ് കോണ്‍ഗ്രസ്സ് ക്യാമ്പിന്‍റെ ആരോപണം. 

ഇനി പ്രവാസി വോട്ട് ചേര്‍ക്കാനായി അപേക്ഷ നല്‍കിയവരുടെ കാര്യമാണെങ്കില്‍ അതിലും കഷ്ട്ം. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സമര്‍പ്പിച്ച പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളിയെന്നാണ് പരാതി. ലഭിച്ചവയില്‍ പകുതിയോളം അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികളില്‍ നിന്നാണ്. കോഴിക്കോട് ജില്ലയില്‍ മുപ്പതിനായിരത്തോളം അപേക്ഷകളും മലപ്പുറം ജില്ലയില്‍ 23000 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. 

മറ്റു 12 ജില്ലകളിലുമായി പതിനായിരത്തോളം അപേക്ഷകള്‍ മാത്രം. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളും വിവരങ്ങളും വ്യക്തമല്ലാത്തതിന്റെ പേരിലാണ് അപേക്ഷകള്‍ വ്യാപകമായി തള്ളിയതെന്നായിരുന്നു വിശദീകരണം. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പ്രവാസി വോട്ടവകാശ ബില്ല് രാജ്യസഭയില്‍ പാസായാലേ പ്രതീക്ഷവേണ്ടു. തല്‍ക്കാലം ആ വെള്ളം വാങ്ങിവെയ്ക്കുന്നതാവും നന്ന്. അപ്പോള്‍ വരുന്ന തെരഞ്ഞെടുപ്പിലും ഫെയ്സ്ബുക്കിലിരുന്ന് മുദ്രാവാക്യം വിളിച്ചും, ഇലക്ഷന്‍ഫണ്ട് പിരിച്ചുകൊടുത്തും വീണ്ടും മാതൃകയാവാം.