ഗുജറാത്തിന്റെ നഗരപ്രാന്തങ്ങളിൽ ബിജെപിയ്ക്കുള്ള  സ്വാധീനമാണ്, 2017 -ലെ തെരഞ്ഞെടുപ്പിൽ അവർക്ക്  കഷ്ടിച്ച് പിടിച്ചുനിൽക്കാനുള്ള കെല്പു നൽകിയത്. എന്നാൽ ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്നു റാലികൾ നടത്തികൊണ്ട് രാഹുൽ ഗാന്ധിയും മറ്റും ജനങ്ങളെ സ്വാധീനിച്ചത് ബിജെപിയെ അലട്ടുന്നുണ്ട്. നഗരങ്ങളിലേക്കും ഇക്കുറി തങ്ങളുടെ സ്വാധീനശക്തി വ്യാപിപ്പിക്കാനാവും  കോൺഗ്രസ്സിന്റെ പരിശ്രമം. 

26 പാർലമെന്റ് സീറ്റുകളും 180 നിയമസഭാ സീറ്റുകളുമുള്ള ഗുജറാത്ത്, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമാണ്. ബിജെപിയുടെ ഹോം ഗ്രൗണ്ടാണ് ഗുജറാത്ത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇവിടെ ബിജെപി ആരെയും നിലം തൊടീച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മൃഗീയാധിപത്യത്തിനെ ചോദ്യം ചെയ്യാൻ മൂന്നു യുവശബ്ദങ്ങൾ പൊങ്ങി. 'ഹാർദിക് പട്ടേൽ-ജിഗേഷ് മേവാനി -അൽപേഷ് ഠാക്കൂർ' എന്നിവരായിരുന്നു ആ ത്രിമൂർത്തികൾ. അവരുടെ രംഗപ്രവേശം, ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഗുജറാത്തിലും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

1995 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുതൊട്ടിങ്ങോട്ട്, 'മോദി- ഷാ' ജോഡികളുടെ മാസ്മരികപ്രഭയിൽ മയങ്ങി നിൽക്കുകയായിരുന്നു ഗുജറാത്ത്. 2017 -ൽ ഇരുപത്തിരണ്ടുകൊല്ലത്തെ ബിജെപി തരംഗത്തിന് തടയിട്ടുകൊണ്ട് കോൺഗ്രസ് രംഗത്തുവന്നു. അക്കുറി ബിജെപിയെ അവർ നൂറുസീറ്റു തികയ്ക്കുന്നതിൽ നിന്നും തടഞ്ഞു എന്ന് മാത്രമല്ല, നിയമസഭയിലെ തങ്ങളുടെ സാന്നിധ്യം 78 അംഗങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. 

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്തു നോക്കിയാൽ 1991 മുതൽക്കിങ്ങോട്ട് ഗുജറാത്ത് എന്നും ബിജെപിയെ തുണച്ചിട്ടേയുള്ളൂ. 1991-ൽ 20, 1996-ൽ 16, 1998-ൽ 19, 1999-ൽ 20, 2004 -ൽ 14, 2009-ൽ 15 എന്നിങ്ങനെ സീറ്റുകൾ നേടിയ ബിജെപി 2014 -ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അലയടിച്ച മോദി തരംഗത്തിൽ ഒരൊറ്റ ലോക്‌സഭാ സീറ്റുപോലും ആർക്കും വിട്ടുകൊടുക്കാതെ 26 സീറ്റുകളും തൂത്തുവാരുകയായിരുന്നു. 

 കോൺഗ്രസിന്റെ പരിപൂർണ്ണ ഫോക്കസ് ഇത്തവണ ആകെ 13-15 മണ്ഡലങ്ങളിൽ മാത്രമാണ്. ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും ജയിച്ച്‌ കേറുക എന്ന ഏറെക്കുറെ യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന ഒരു നയമാണ് ഇക്കുറി കോൺഗ്രസിന്റേത്.

2014 വരെ ഗുജറാത്തിന്റെ സർവാധികാര്യക്കാരനായി നരേന്ദ്ര മോദി സംസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിപദം ഏറ്റെടുത്തതോടെ അദ്ദേഹം ദില്ലിയിലേക്ക് വച്ചുപിടിച്ചു. 2017 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഭരണം നിലനിർത്താൻ ബിജെപിയ്ക്കായി. ഫലം വരുന്നതിന് മുമ്പ് നൂറ്റമ്പതിലധികം സീറ്റുകൾ നേടുമെന്നൊക്കെ അമിത് ഷാ നെഞ്ചും വിരിച്ചുനിന്ന് അവകാശപ്പെട്ടെങ്കിലും പെട്ടിതുറന്നപ്പോൾ ആകെ കിട്ടിയ സീറ്റുകൾ 99 ആയിരുന്നു. മോദി ഭരിച്ചിരുന്ന കാലത്തൊന്നും ഒരിക്കലും നിയമസഭയിൽ നൂറിൽ താഴെ അംഗങ്ങൾ ബിജെപിക്ക് ഉണ്ടായിരുന്നില്ല എന്നോർക്കണം. 

ഗുജറാത്തിന്റെ നഗരപ്രാന്തങ്ങളിൽ ബിജെപിയ്ക്കുള്ള ശക്തമായ സ്വാധീനമാണ് 2017 -ലെ തെരഞ്ഞെടുപ്പിൽ അവർക്ക് കഷ്ടിച്ച് പിടിച്ചുനിൽക്കാനുള്ള കെല്പു നൽകിയത്. എന്നാൽ ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്നു റാലികൾ നടത്തികൊണ്ട് രാഹുൽ ഗാന്ധിയും മറ്റും ജനങ്ങളെ സ്വാധീനിച്ചത് ബിജെപിയെ അലട്ടുന്നുണ്ട്. നഗരങ്ങളിലേക്കും ഇക്കുറി തങ്ങളുടെ സ്വാധീനശക്തി വ്യാപിപ്പിക്കാനാവും കോൺഗ്രസ്സിന്റെ പരിശ്രമം. 

കോൺഗ്രസ് ആകെയുള്ള 26 മണ്ഡലങ്ങളിൽ 10 എണ്ണം കേന്ദ്രീകരിച്ച് വളരെ വിശദമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വരുന്ന പ്രവചനങ്ങളനുസരിച്ച് ഈ സീറ്റുകളിൽ നിന്നും ജയിച്ചു കേറാൻ ബിജെപിയുടെ സ്ഥാനാർത്ഥികൾക്ക് കാര്യമായി വിയർക്കേണ്ടി വന്നേക്കും. നാഗഡ്, ജാംനഗർ , പോർബന്ദർ, അംറേലി, സുരേന്ദ്രനഗർ, ബർകാണ്ടാ, ബനാസ്‌കാണ്ടാ, പാടൺ, മെഹ്‌സാനാ തുടങ്ങിയ സീറ്റുകളിൽ ഒക്കെയും കടുത്ത പോരാട്ടങ്ങൾ നടക്കാൻ സാധ്യതയുണ്ട്. 

രാഹുൽ ഗാന്ധി ഇത്തവണ ഗുജറാത്തിൽ 26 സീറ്റുകളിലും ഒരേപോലെ ശ്രദ്ധിക്കുന്ന തന്ത്രമല്ല സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പരിപൂർണ്ണ ഫോക്കസ് ഇത്തവണ ആകെ 13-15 മണ്ഡലങ്ങളിൽ മാത്രമാണ്. ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും ജയിച്ച്‌ കേറുക എന്ന ഏറെക്കുറെ യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന ഒരു നയമാണ് ഇക്കുറി കോൺഗ്രസിന്റേത്. അതുകൊണ്ടുതന്നെ ബിജെപിക്ക് വെല്ലുവിളികൾ ഏറെയാണിക്കുറി. 

ഇത്തവണത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ 

വേനൽ കടുത്തുവരുന്ന സ്ഥിതിക്ക് സൗരാഷ്ട്ര, കച്ച് പ്രവിശ്യകളിലെ ജല ദൗർലഭ്യമാവും ഇത്തവണ പ്രധാനമായും ഒരു ചർച്ചാ വിഷയമാവാൻ പോവുന്നത്. കർഷകർക്ക് കൃഷിയുടെ ജലസേചനത്തിനു വേണ്ടുന്ന ജലം നൽകാൻ കഴിയുകയില്ലെന്ന് സംസ്ഥാന സർക്കാർ കർഷകരോട് തുറന്നു സമ്മതിച്ചതുകൊണ്ട് പ്രത്യേകിച്ചും ഇത് ബിജെപിയെ പ്രതിരോധത്തിലാക്കും. നർമ്മദാ നദിയിലെ സർദാർ സരോവർ അണക്കെട്ടിലും ഇത്തവണ കാര്യമായ ജലശേഖരമൊന്നും ഇല്ല. കർഷകർക്ക് സാധാരണ ഗതിയിൽ നല്കിവരുന്നതിന്റെ മൂന്നിലൊന്നു ജലം പോലും സംഭരണികളിൽ കരുതലില്ലാത്തതുകൊണ്ട്, ഡാമിൽ നിന്ന് വെള്ളം കിട്ടും എന്നുകരുതി ആരും വിത്തിറക്കേണ്ട എന്നാണ് ഇത്തവണ സംസ്ഥാന സർക്കാരിന്റെ നയം. ഈ അവസരത്തിൽ സ്വാഭാവികമായും ഉടലെടുത്തേക്കാവുന്ന കർഷകരുടെ ഈർഷ്യയെ പരമാവധി വോട്ടാക്കി മാറ്റാൻ കോൺഗ്രസ് ക്യാമ്പ് ശ്രമിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

സവാള, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് സമയത്തെ വിലയിടിവ് കാരണം ഈ വിളകൾ കോൾഡ് സ്റ്റോറേജിലേക്ക് എത്തിക്കാനുള്ള വണ്ടിക്കൂലി പോലും വിറ്റാൽ കിട്ടില്ല എന്നു കണ്ട കർഷകർ തങ്ങൾ പാടങ്ങളിൽ ചോര വിയർപ്പാക്കി വിളയിച്ചെടുത്ത ടൺ കണക്കിന് പച്ചക്കറികൾ വലിച്ചെറിഞ്ഞു കളഞ്ഞ കാഴ്ചയും നമ്മൾ കാണുകയുണ്ടായി. . പോരാത്തതിന് നിലക്കടലയ്ക്കും പരുത്തിയ്ക്കും താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ കാര്യമായ നടപടികളൊന്നും എടുക്കാത്തതിലും കർഷകർക്ക് അമർഷമുണ്ട്. കർഷക ആത്മഹത്യകൾക്കും ഇത്തവണ ഗുജറാത്ത് വേദിയായി. ഇത്തരത്തിൽ പല കാരണങ്ങളാൽ കർഷകർക്കുള്ള അതൃപ്തി വോട്ടാക്കി മാറ്റുന്നതിൽ കോൺഗ്രസ് വിജയിച്ചാൽ ഗുജറാത്തിൽ ഇക്കുറി ചിത്രം മാറിമറിയും. 

ഇക്കുറി ത്രിമൂർത്തികളിലൊരാളായ ഹാർദിക് പട്ടേലിനെ കോടതി ഒരു കേസിൽ കുറ്റക്കാരനെന്നു വിധിച്ചതോടെ നേരിട്ട് തെരഞ്ഞെടുപ്പിൽ ഇറങ്ങാനാനാവാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹത്തിന്റെ പട്ടേൽ മുന്നണി കോൺഗ്രസിനെ സഹായിക്കും എന്നുറപ്പായിട്ടുണ്ട്. തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, നോട്ടുനിരോധനമുൾപ്പെടെയുള്ള മോദി സർക്കാരിന്റെ പരിഷ്കാരങ്ങളുടെ പരാജയം എന്നീ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ യുവത്രയം. ഇത് തങ്ങളുടെ ശക്തികേന്ദ്രങ്ങളായ നഗരങ്ങളിൽ ബിജെപിയെ കാര്യമായി ബാധിക്കാനിടയുണ്ട്. 

ഹാർദ്ദിക്‌ പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തത് അദ്ദേഹത്തിന് വ്യക്തിപരമായി നഷ്ടമുണ്ടാക്കുമെങ്കിലും, ഫലത്തിൽ അത് കോൺഗ്രസിന് അനുഗ്രഹമായാണ് ഭവിക്കാൻ പോവുന്നത്. മത്സരിച്ചിരുന്നെങ്കിൽ തന്റെ മണ്ഡലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഹാർദിക് പട്ടേലിന്റെ വാക് ചാതുരിയും, ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രചാര വേലകളും ഇനി 26 മണ്ഡലങ്ങളിലും പ്രയോജനപ്പെടുത്താൻ കോൺഗ്രസ്സിനാവും. 

ഗുജറാത്തിൽ ബിജെപിക്ക് ഇപ്പോഴുള്ള നൂറുശതമാനം സ്വാധീനത്തിൽ എത്രകണ്ട് വിള്ളൽ വീഴ്ത്താൻ കോൺഗ്രസിനാവും എന്നതാണ് ഇന്ത്യൻ രാഷ്ട്രീയം ഇന്ന് ഉറ്റു നോക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിൽ വളരെ നിർണ്ണായകമായ ഒരു സ്വാധീനം ചെലുത്താൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിനാവും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കൂടുതൽ വിശദമായ ട്രെൻഡുകൾക്കായി നമുക്ക് പ്രചാരണത്തിന്റെ അന്ത്യ ഘട്ടം വരെ കാത്തിരിക്കാം.