റയലിന്റെ മധ്യനിരയില്‍ മോഡ്രിച്ചിന്റെ കാലം പൂര്‍ത്തിയായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു പോയ സീസണ്‍

പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ, ഹൃദയം നിറഞ്ഞാണ് ഞാൻ പടിയിറങ്ങുന്നത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടും. ജീവിതത്തിലുടനീളം റയല്‍ മാഡ്രിഡ് എനിക്ക് പ്രിയപ്പെട്ട ഇടമായിരിക്കും. ഹാല മാഡ്രിഡ്, അതിലുപരിയായി ഒന്നുമില്ല...

ഈ കുറിപ്പ് എഴുതിയവസാനിക്കുമ്പോള്‍ അയാളുടേയും വായിച്ച് തീരുമ്പോള്‍ ഒരു റയല്‍ ആരാധകന്റേയും കണ്ണ് നിറഞ്ഞിട്ടുണ്ടാകണം. കാരണം അവിടെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. ലോസ് ബ്ലാങ്കോസിന്റെ മധ്യനിരയില്‍ നിന്ന് ആ മാന്ത്രികനും നടന്നകലുകയാണ്. ലാ ലിഗയുടെ ഇതിഹാസ കാലത്തിന്റെ ഒരു അദ്ധ്യായം കൂടി പൂർത്തിയാകുകയാണ്, ലൂക്ക മോഡ്രിച്ചെന്ന ആ അദ്ധ്യായം.

അയാളെ തുകല്‍‍പന്ത് ആകർഷിച്ച നാള്‍ ഓർമ്മയുണ്ടോ നിങ്ങള്‍ക്ക്. ലൂക്കയ്ക്ക് അന്ന് ആറ് വയസാണ്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ് ക്രൊയേഷ്യൻ ജനത. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തച്ഛൻ കൊല്ലപ്പെട്ടിരിക്കുന്നു. പിതാവ് യുദ്ധത്തിനായി പുറപ്പെട്ടു. സദാറിലെ മലയോരഗ്രാമത്തിലേക്കും ഭീതിപരന്നിരിക്കുകയാണ്.

കുഞ്ഞു ലൂക്കയ്ക്കും കുടുംബത്തിനും വീട് വിട്ടിറങ്ങേണ്ടി വന്നു. സ്വപ്നങ്ങള്‍ കണ്ട ആ വീട് ചാമ്പലാക്കപ്പെട്ടു. ഓർമയുറയ്ക്കും മുൻപ് അഭയാർത്ഥി ജീവിതത്തിലേക്ക് ലൂക്കയെത്തി. മുറിക്ക് പുറത്ത് പതിക്കുന്ന ഷെല്ലുകളുടെ ശബ്ദം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലൂക്കയെ വേട്ടയാടുന്നുണ്ട്. മുത്തച്ഛന്റെ ഓർമകളേയും യുദ്ധത്തിന്റെ ഭീതിയേയും മറക്കാൻ ഫുട്ബോള്‍ തട്ടിത്തുടങ്ങി ലൂക്ക. 

അഭയാര്‍ത്ഥി ക്യാമ്പിന് മുന്നിലെ പാര്‍ക്കിങ് സ്പേസായിരുന്നു ആദ്യ കളിനിലം. അന്ന് ലൂക്കയുടെ  കാതുകളില്‍ നിറഞ്ഞത് ഭീതിപരത്തുന്ന ശബ്ദങ്ങളായിരുന്നു. പിന്നീടത് പരിവര്‍ത്തനപ്പെടുകയായിരുന്നു. കയ്യടികളായി, ആവേശമായി, ആദരമായി, ഐതിഹാസികതയായി... നാളെ തൂവെള്ളയിലെ അവസാന ഹോം മത്സരത്തിന് ലൂക്ക ഇറങ്ങുകയാണ്.

സാന്റിയാഗൊ ബെർണബ്യൂവില്‍ അയാളുടെ മാന്ത്രികത തളം കെട്ടി നില്‍ക്കും. 2012 ഓഗസ്റ്റില്‍ 19-ാം നമ്പര്‍ ജഴ്‌സി ലൂക്കയ്ക്ക് ഫ്ലൊറന്റിനൊ പെരേസ് നല്‍കുമ്പോള്‍ ഫുട്ബോള്‍ പണ്ഡിതര്‍ അത്ര തൃപ്തരായിരുന്നില്ല. പക്ഷേ, ഇനിയേസ്റ്റയും സാവിയുമെല്ലാം ബാഴ്‌സയുടെ ഹൃദയമിടിപ്പായപ്പോള്‍ റയലിനായി ലൂക്ക കളം നിറഞ്ഞു. 

മുന്നേറ്റങ്ങളില്‍ റൊണാള്‍ഡോയ്ക്കും ബെൻസിമയ്ക്കും ബെയിലിനുമൊപ്പം അയാളെ കണ്ടു, പ്രതിരോധത്തില്‍ റാമോസിനും പെപെയ്ക്കും മാഴ്‌സലോയ്ക്കും കൂട്ടായി നിലകൊണ്ടു. കുറിയ പാസുകളും പൊടുന്നനെയുള്ള ലോങ് റേഞ്ചറുകളും എതിര്‍ പാളയത്തിലെ ഡിഫെൻസീവ് ലൈനിനെ കീറിമുറിച്ചു. ക്രൂസിനും കാസിമിറോയ്ക്കുമെല്ലാം ഒപ്പം മാഡ്രിഡിനെ സ്വപ്നം സംഘമായി മാറ്റിയെടുക്കുകയായിരുന്നു അയാളും.

2014 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ റാമോസിന്റെ നി‍ര്‍ണായക ഹെഡറിന് പിന്നില്‍, 2017 ഫൈനലില്‍ റയല്‍ കിരീടം ഉറപ്പിച്ച ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോളിന് പിന്നില്‍... എണ്ണം പറഞ്ഞ അസിസ്റ്റുകള്‍, പ്രി അസിസ്റ്റുകള്‍. റയല്‍ കിരീടത്തിലേക്ക് ചുവടുവെച്ചപ്പോഴെല്ലാം മോഡ്രിച്ച് തന്റെ റോള്‍ ഭംഗിയായി നിർവഹിച്ചു. മിശിഹായുടേയും റൊണാള്‍ഡോയുടേയും പ്രതാപകാലത്തിനിടയില്‍ ബാലൻ ദി ഓറും ആ കൈകളിലേക്ക് എത്തി.

മൗറിഞ്ഞ്യോയും സിദാനും ആഞ്ചലോട്ടിയുമെല്ലാം വന്നുപോയി. റൊണാള്‍ഡൊ പടിയിറങ്ങി. ബെൻസിമ യുഗം വന്നു. വിനീഷ്യസും റോഡ്രിഗോയും ബെല്ലിങ്ഹാമും ഒടുവില്‍ എംബാപെയുമെത്തി. കാലാതീതനായി പത്താം നമ്പറില്‍ മോഡ്രിച്ച് നിലകൊണ്ടു. കിരീടങ്ങളിലേക്ക് വഴിയൊരുക്കി. അയാള്‍ക്ക് തുടരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പ്രായം യുവതലമുറയ്ക്കായി മാറിക്കൊടുക്കാൻ അയാളെ പ്രേരിപ്പിക്കുകയാണ്. 

റയലിന്റെ മധ്യനിരയില്‍ മോഡ്രിച്ചിന്റെ കാലം പൂര്‍ത്തിയായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു പോയ സീസണ്‍. പകുതിയോളം മത്സരങ്ങളിലും ബെഞ്ചില്‍ നിന്നായിരുന്നു തുടക്കം. നിര്‍ണായക മത്സരങ്ങളില്‍ ഉള്‍പ്പെട്ടില്ല. ടോണി ക്രൂസിനെപ്പോലെ വൈകിപ്പക്കാതെയുള്ള പടിയിറക്കമാണ് ഉത്തമമെന്ന് തോന്നുന്നു. ഗ്രേറ്റ്നസിന് ഒട്ടും കോട്ടമുണ്ടാക്കാതെയുള്ള വിടവാങ്ങല്‍.

റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പേരുകളിലൊന്നായാണ് മോഡ്രിച്ച് ജഴ്‌സി അഴിക്കുന്നത്. കിരീടങ്ങളുടെ പകിട്ടുകൊണ്ട് മാത്രമല്ല മോഡ്രിച്ചെന്ന പേര് ഇതിഹാസനിരയിലേക്ക് ചേര്‍ക്കപ്പെടുന്നത്. അയാളിലെ ഫുട്ബോളര്‍ അത്രകണ്ട് ബഹുമാനിക്കപ്പെടുന്നുണ്ട്. 

അസാധാരണമായ തിരിച്ചുവരവുകള്‍ക്ക്, ഫൈനലുകള്‍ക്ക്, ബെര്‍ണബ്യൂവിലെ മാന്ത്രികരാവുകള്‍ക്ക് വഴിയൊരുക്കിയവൻ. ഗ്രാസ്യാസ് ലൂക്ക.