കളിദൈവങ്ങള്‍ ജയപരാജയങ്ങള്‍ പലകുറി തിരുത്തിയെഴുതിയ മത്സരം. അവിടെ മുംബൈ ഇന്ത്യൻസിനേയും ഗുജറാത്ത് ടൈറ്റൻസിനേയും വേര്‍തിരിച്ചത് മൂന്ന് പന്തുകള്‍

The smallest margin makes the biggest difference! യെസ്, കളിദൈവങ്ങള്‍ ജയപരാജയങ്ങള്‍ പലകുറി തിരുത്തിയെഴുതിയ മത്സരം. അവിടെ മുംബൈ ഇന്ത്യൻസിനേയും ഗുജറാത്ത് ടൈറ്റൻസിനേയും വേര്‍തിരിച്ചത് മൂന്ന് പന്തുകള്‍. എന്റെ കണ്ണില്‍ നോ ബോള്‍ എറിയുക എന്നതൊരു ക്രൈമാണ്, അത് നിങ്ങളെ തിരിഞ്ഞുകൊത്താം, പറഞ്ഞത് മറ്റാരുമല്ല മുംബൈയുടെ നായകൻ ഹാര്‍ദിക് പാണ്ഡ്യയാണ്.

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് സായ് സുദര്‍ശനെ റിയാൻ റിക്കല്‍ട്ടണിന്റെ കൈകളിലെത്തിച്ച് ഗ്യാലറിയെ ഉണര്‍ത്തിയ ട്രെൻ ബോള്‍ട്ട്. വാംഖഡയില്‍ പതിവ് തെറ്റിയെത്തിയ മഴ, കാറ്റ്. ബോള്‍ട്ടിനൊപ്പം ബുംറയും ചേര്‍ന്നപ്പോള്‍ ശുഭ്മാൻ ഗില്ലും ജോസ് ബട്ട്ലറും തളയ്ക്കപ്പെട്ടു. 156 എന്ന വിജയലക്ഷ്യം ഗുജറാത്തിന് മുന്നില്‍ 186 ആക്കുന്നതായിരുന്നു ഫീല്‍ഡിലെ മുംബൈയുടെ കൈകള്‍.

ഏഴ് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഡക്ക് വ‍ര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള റണ്ണിനൊപ്പമായിരുന്നു ഗുജറാത്ത്. മുൻതൂക്കം ആര്‍ക്കെന്ന് ആ നിമിഷം ചോദിച്ചാല്‍ മുംബൈ എന്ന് മാത്രമായിരിക്കാം നിങ്ങളുടെ മനസിലെ ഉത്തരം. ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഹാര്‍ദിക്ക് പന്തെടുക്കുകയാണ്. കാരണം ഗില്ലിനെ നാല് തവണ പുറത്താക്കിയ ആത്മവിശ്വാസം തന്നെയായിരുന്നു.

ഇവിടെയായിരുന്നു കളിയിലെ പ്രധാന ഷിഫ്റ്റുണ്ടായത്. ആദ്യ മൂന്ന് പന്ത് വരെ എല്ലാം സാധാരണം. നാലാം പന്ത് വൈഡ്, അ‍ഞ്ചാം പന്ത് നോ ബോള്‍. ഫ്രീ ഹിറ്റ് ബോള്‍ വൈഡ്. അടുത്ത പന്ത് യോര്‍ക്കര്‍, പക്ഷേ അതും നോ ബോള്‍. ഫ്രീ ഹിറ്റ് ലോങ് ഓണിന് മുകളിലൂടെ പായിച്ച ഗില്ലിന്റെ ക്ലാസിക് ഷോട്ട്. പിന്നെ ഒരു സിംഗിള്‍, വൈഡ്, ഡോട്ട്.

ഒരു ഓവറിന് പകരം 1.5 ഓവര്‍ എറിഞ്ഞു ഹാര്‍ദിക്ക്, ഐപിഎല്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവര്‍. 18 റണ്‍സ് എട്ടാം ഓവറില്‍, ഡിഎല്‍എസ് കണക്കുപ്രകാരം ഗുജറാത്ത് അഞ്ച് റണ്‍സിന് മുന്നിലെത്തി. ഒറ്റ ഓവറില്‍ കളിപിടിച്ചു ഗുജറാത്ത്. നിലയുറപ്പിച്ച് ഗില്‍, ബട്ട്ലറിനെ വീഴ്ത്തി അശ്വനി കുമാര്‍. റുഥര്‍ഫോര്‍ഡിന്റെ ഹൈ ഇംപാക്ട്. 14-ാം ഓവറില്‍ മഴയുടെ രണ്ടാം വരവില്‍ സാഹചര്യം ഗുജറാത്തിന് അനുകൂലം.

കളി വീണ്ടും തുടങ്ങുകയാണ്, അല്ല മുംബൈ തുടങ്ങുകയായിരുന്നു. ജസ്പ്രിത് ബുംറ, ഗില്ലിന്റെ ഓഫ് സ്റ്റമ്പ് മൈതാനത്ത് പതിക്കുന്നു, ഗോട്ട് സ്റ്റഫ്. ആഘാതം ഇരട്ടിപ്പിച്ച് ബോള്‍ട്ട്, റുതര്‍ഫോര്‍ഡ് എല്‍ബിഡബ്ല്യു. ബുംറയുടെ അവസാന ഓവര്‍, ഷാരൂഖിന്റെ ഓഫ് സ്റ്റമ്പിളകി. വിക്കറ്റില്‍ നിന്ന് കാര്യമായ സഹായമില്ലാതെ മൂവ്‌മെന്റ് സൃഷ്ടിക്കുന്ന ബ്രില്യൻസ്. മൂന്ന് ഓവറില്‍ ബുംറയും ബോള്‍ട്ടും മുംബൈ ആരാധകരുടെ വീശ്വാസം വീണ്ടെടുത്തു. 

രണ്ട് ഓവറില്‍ 24 റണ്‍സ് ജയിക്കാൻ, മഴയുടെ എൻട്രി. കാത്തിരിപ്പിനൊടുവില്‍ ആ തീരുമാനമെത്തി. 19 ഓവറായി മത്സരം ചുരുക്കിയിരിക്കുന്നു. ഗുജറാത്തിന് ഒരു ഓവറില്‍ ജയിക്കാൻ 15 റണ്‍സ്. സമ്മര്‍ദം നിറഞ്ഞ ഓവറുകള്‍ ഇന്ത്യയ്ക്കായി പലകുറി എറിഞ്ഞ് നേടിയ ഹാര്‍ദിക്കിനെ പ്രതീക്ഷിക്കുകയാണ്, പക്ഷേ ചഹറിനായിരുന്നു നറുക്ക് വീണത്.

തേവാത്തിയയും കോറ്റ്സിയും. ആദ്യ മൂന്ന് പന്തില്‍ തന്നെ 11 റണ്‍സ്. നാലാം പന്ത് നോബോള്‍. കമന്ററി ബോക്സില്‍ സുനില്‍ ഗവാസ്കറിന്റെ നിശിത വിമര്‍ശനം. അഞ്ചാം പന്തില്‍ കോറ്റ്സി വീണു, അവസാന പന്തില്‍ ജയിക്കാൻ ഒരു റണ്‍സ്. മിഡ് ഓഫിലേക്ക് തട്ടിയിട്ട് അര്‍ഷദ് ഖാന്റെ സിംഗിളിനായുള്ള ശ്രമം, പന്ത് ഹാര്‍ദിക്കിന്റെ കയ്യില്‍. 

ഗെയിം അവയര്‍നെസ് തീരെ ഇല്ലാത്ത മുംബൈ, ബൗളിംഗ് എൻഡില്‍ ഹാര്‍ദിക്ക് ത്രൊ സ്വീകരിക്കാൻ ഒരു മുംബൈ താരം പോലുമുണ്ടായില്ല. തലയില്‍ കൈവെച്ചിരുന്നു ഹാര്‍ദിക്ക്, എന്തെന്നറിയാതെ സൂര്യകുമാര്‍, അനക്കമില്ലാതെ ചഹര്‍. ആറ് തുടര്‍ജയങ്ങള്‍ക്ക് ശേഷം മുംബൈക്ക് തോല്‍വി. ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ആ മൂന്ന് നോബോളുകള്‍.

പക്ഷേ, ഈ തോല്‍വി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെയും ബാധിച്ചിരിക്കുകയാണ്. 12 കളികളില്‍ നിന്ന് 14 പോയിന്റാണ് മുംബൈക്ക് നിലവിലുള്ളത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും. ഇരുവരും മുംബൈക്ക് സമാനമായി തന്നെ പ്ലേ ഓഫ് പോരിലുണ്ട്. 

പക്ഷേ, മുംബൈയേക്കാള്‍ ഒരു മത്സരത്തിന്റെ അഡ്വാന്റേജ് പ്ലേ ഓഫ് സാധ്യത കല്‍പ്പിക്കുന്ന എല്ലാ ടീമുകള്‍ക്കുമുണ്ട്. ഇത് ഹാര്‍ദിക്കിനും സംഘത്തിനും തിരിച്ചടിയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചേ മതിയാകു. ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ മറ്റ് മത്സരങ്ങളേയും ആശ്രയിച്ചായിരിക്കും പ്ലേ ഓഫിലെത്താനാകുക.