പലകുറി സ്വപ്നയാത്രയില്‍ വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം

കാലത്തിന്റെ ക്രൂരതകള്‍ക്ക് ഒരു അറുതിയില്ലെ. ക്രിക്കറ്റിന് അവരെ പരീക്ഷിച്ച് മതിയായില്ലെ. നിര്‍ഭാഗ്യമെന്ന വാചകം ഒരിക്കല്‍ക്കൂടി അവരെ തേടിയെത്തുകയാണോ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് പൂര്‍ത്തിയാകുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഈ വരികള്‍ വന്നിട്ടുണ്ടാകണം...

വില്‍സ് ഇന്റര്‍നാഷണല്‍ കപ്പ്-നോക്കൗട്ട് ട്രോഫിയെന്ന് വിളിക്കപ്പെടുകയും പിന്നീട് ചാമ്പ്യൻസ് ട്രോഫിയായി പരിണമിക്കുകയും ചെയ്ത ടൂര്‍ണമെന്റ്, 98ല്‍ ധാക്കയില്‍. ഹൻസി ക്രോണിയുടെ സംഘം കിരീടമുയര്‍ത്തിയ നിമിഷത്തില്‍ നിന്ന് ലോര്‍ഡ്‌സിലേക്കുള്ള ദൂരം 9,722 ദിവസമായിരുന്നു. അതിനിടിയില്‍ 14 നോക്കൗട്ട് രാവുകള്‍. മത്സരത്തിന്റെ അവസാന മണിക്കൂറുകള്‍ അവര്‍ക്ക് വിധിച്ചിട്ടുള്ളതായിരുന്നില്ല, കിരീടങ്ങളുടെ തിളക്കത്തിനരികീലൂടെ നീങ്ങിയപ്പോഴെല്ലാം പ്രോട്ടിയാസിന്റെ കുപ്പായമണിഞ്ഞവരുടെ കണ്ണ് നനഞ്ഞെ ഈ നൂറ്റാണ്ട് കണ്ടിട്ടുള്ളു...

നാലാം നാള്‍ ഹോം ഓഫ് ക്രിക്കറ്റില്‍, കളിയുടെ പരമോന്നത ഫോര്‍മാറ്റില്‍, ദക്ഷിണാഫ്രിക്കയ്ക്കും ഒരു കിരീടത്തിനുമിടയിലെ ദൂരം ഒറ്റയക്ക റണ്‍സുകളിലേക്ക് ചുരുങ്ങുകയാണ്. സ്കോര്‍ബോര്‍ഡിലേക്ക് ചേരുന്ന ഓരോ റണ്‍സിനും നിലയ്ക്കാത്ത ആരവം.

ബെഡിങ്ഹാമും വെരെയ്‌നും അതിസമ്മര്‍ദത്തിലായിരുന്നിരിക്കണം, ഭൂതകാലത്തില്‍ തങ്ങളെ വേട്ടയാടിയ ദുസ്വപ്നങ്ങള്‍ മിന്നിമറിഞ്ഞിട്ടുണ്ടാകണം മനസിലൂടെ. കാത്തിരിപ്പ് അവസാനിക്കുന്ന ആ നിമിഷത്തിലേക്കുള്ള ദൂരമേറുന്നപോലെ തോന്നിച്ചിട്ടുണ്ടാകണം..

കമന്ററി ബോക്‌സില്‍ ഷോണ്‍ പൊള്ളോക്കിന് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. ഗ്രെയിം സ്മിത്ത് ബൗണ്ടറിക്കരികില്‍ അക്ഷമനായി കാണപ്പെട്ടു. ഗ്യാലറിയില്‍ എബി ഡിവില്ലിയേഴ്‌സ് കണ്ണ് ചിമ്മാതെ നോക്കിയിരിക്കുകയാണ്...

മിച്ചല്‍ സ്റ്റാര്‍ക്കെന്ന ഇതിഹാസത്തിന്റെ പന്ത് കവര്‍ പോയിന്റിലേക്ക് ഡ്രൈവ് ചെയ്തു വെരെയ്ൻ. നിരാശയുടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ ദേശത്തിനൊരു കിരീടം. പലകുറി സ്വപ്നയാത്രയില്‍ വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം..ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയിലും ഗ്യാലറിയിലും കമന്ററി ബോക്സിലും ടെലിവിഷനുകളുടേയും മൊബൈല്‍ ഫോണുകളുടേയും തെളിഞ്ഞത് ഓരേ ആനന്ദം.

ബവുമ, എയ്‌ഡൻ മാര്‍ക്രം, കഗിസൊ റബാഡ. ഈ മൂന്ന് പേരിന്റെ തിളക്കം കൂടിനില്‍ക്കുമ്പോഴും, ഐസിസി ഇവന്റുകളിലെ അതിയാകര്‍ക്ക് മുന്നില്‍ പ്രോട്ടിയാസ് കാഴ്‌ചവെച്ചത് ഒരു സമ്പൂര്‍ണ ടീം ഗെയിമായിരുന്നു. കലാശപ്പോരിലേക്ക് സഞ്ചരിച്ചെത്തിയ വഴികള്‍ കാഠിന്യമുള്ളതായിരുന്നിരിക്കില്ല. പക്ഷേ, ജയങ്ങളുടെ മാറ്റ് കുറവായിരുന്നില്ല.

മറുവശത്ത് പേരുകള്‍ തട്ടിച്ചുനോക്കിയാല്‍ ഓസീസിനപ്പുറം ഒരു കിരീടവകാശിയെ ഫൈനലിന് ശേഷം സങ്കല്‍പ്പിക്കാൻ പോലുമാകുമായിരുന്നില്ല. അത്രത്തോളം ശക്തര്‍, അല്ല അതിശക്തര്‍. ഫൈനലുകളുടേയും കിരീടങ്ങളുടേയും തഴക്കവും വഴക്കവും വന്ന 11 പേ‍ര്‍.

ബാവുമയുടെ സംഘത്തില്‍ പലരും ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ ആദ്യ പാഠങ്ങളുടെ താളുകളിലായിരുന്നു. ആ ചുവന്ന പന്ത് വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രം തൊട്ടവരുമുണ്ടായിരുന്നു. പക്ഷേ, ആ കിരീടത്തിലേക്കുള്ള അവരുടെ സംഭാവനകള്‍ ഒരിക്കലും അത്ര ചെറുതായിരുന്നില്ല.

ഇംഗ്ലീഷ് കാര്‍മേഘങ്ങള്‍ക്ക് കീഴില്‍ ഓസീസ് ബാറ്റര്‍മാരെ പിടിച്ചുലച്ച റബാഡ, ലഹരിമരുന്ന് വിവാദത്തിലും തളരാത്ത വീര്യം, കൂട്ടുനിന്ന യാൻസണും എൻഗിഡിയും മുള്‍ഡറും മഹരാജും. പേശികളെ വലിഞ്ഞുമുറുക്കി നയിച്ച ബവുമ, ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ഇന്നിങ്സ് ഫൈനലിനായി കാത്തുവെച്ച മാര്‍ക്രം, റിക്കല്‍ട്ടണിന്റേയും മുള്‍ഡറിന്റേയും തുടക്കങ്ങള്‍, ബെഡിങ്ഹാമിന്റെ നിലയുറപ്പിക്കല്‍, ഓസീസിന് അവസരം നല്‍കാതെയുള്ള സ്റ്റബ്‌സിന്റെ പ്രതിരോധം...

ഇതിനെല്ലാം ഒപ്പം ഫീല്‍‍ഡില്‍ തങ്ങളുടെ ശരീരവും മനസും മുഴുവനായി നല്‍കിയവര്‍, പകരമായി പലപ്പോഴുമെത്തിയ കോര്‍ബിൻ ബോഷ്...ബവുമ പറഞ്ഞതുപോലെ തന്നെ ഒത്തൊരുമിക്കുകയായിരുന്നു അവര്‍...

ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കോണ്‍റാഡിന്റെ ഒരു നിമിഷം ചേര്‍ത്തുവെക്കുകയാണിവിടെ. ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാനെതിരായ നിര്‍ണായകമായ മത്സരത്തില്‍ 148 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 19-3 എന്ന നിലയിലേക്ക് വീണു.

തിരിച്ചുവരാൻ പ്രചോദന വാക്കുകളായിരുന്നില്ല കോണ്‍റാഡ് പറഞ്ഞത്, മറിച്ച് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് എക്കാലവും ചോക്കേഴ്‌സ് എന്ന് അറിയപ്പെടണോ. ആ ചോദ്യത്തിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു. അന്ന് ജയത്തിന്റെ വശത്തായിരുന്നു മത്സരം അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക.

അതൊരു സ്പാര്‍ക്കായിരുന്നു, അവിടെ നിന്നായിരുന്നു തുടക്കവും, അതൊടുവില്‍ ആ സില്‍വർവെയറിലെത്തി നിന്നു. പ്രതിരോധത്തിന്റെ ചെറുത്തുനില്‍പ്പിന്റെ മനോധൈര്യത്തിന്റെയെല്ലാം പരീക്ഷണവേദിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആ പരീക്ഷണങ്ങളെല്ലാം അതിജീവിച്ചായിരുന്നു പ്രോട്ടിയാസിന്റെ കിരീരധാരണം സംഭവിച്ചതും.

കേശവ് മഹരാജിന്റെ കണ്ണീരിലുണ്ടായിരുന്നു ആ നാല് ദിവസം മറികടന്ന വെല്ലുവിളികളുടെ ആഴം...വൈവിദ്യങ്ങളാല്‍ വിഭജിക്കപ്പെട്ടവരെ ഒന്നിപ്പിക്കുന്ന ക്രിക്കറ്റിന്റെ ആ മാജിക്ക് ഇന്നലെ ലോര്‍ഡ്‌സിലും പ്രതിഫലിച്ചു, ദക്ഷിണാഫ്രിക്കയുടെ തെരുവോരങ്ങളില്‍ ആനന്ദിക്കുന്നവരിലേക്ക് അത് പടർന്നു...ബാവുമയോളം അനുയോജ്യനായൊരാള്‍ ആ നിമിഷത്തിന് വഴിയൊരുക്കാനുണ്ടായിരുന്നില്ല...A chance for them to rejoice, forget their issues and come together! ക്ലാസ് ഓഫ് 25.