ലോകത്തെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള ചലച്ചിത്ര മേളകളിൽ ഒന്ന്. IFFKയുടെ 30 വർഷത്തെ ചരിത്രം ഏഷ്യാനെറ്റ് ന്യൂസ് ആർകൈവ്സിലൂടെ...
കേരളത്തിൻ്റെ സിനിമാ കാഴ്ചകളെ പാകപ്പെടുത്തിയ, മലയാളിക്ക് ലോകസിനിമയോട് എക്സ്പോഷർ നൽകിയ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുപ്പതാം പതിപ്പാണ് ഇത്തവണത്തേത്. ആദ്യത്തെ IFFK 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോടാണ് നടന്നത്. ആകസ്മികമായിട്ടാണെങ്കിലും സിനിമ എന്ന മാധ്യമത്തിൻ്റെ 100-ാം വാർഷികത്തിലാണ് അന്ന് മേള നടന്നത്. ആദ്യത്തെ മേളയിൽ 100 സിനിമകളായിരുന്നു പ്രദർശിപ്പിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്ര മേള- ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ IFFI ആദ്യമായി നടക്കുന്നത് മുംബയിലാണ്, 1952ൽ. ഗോവ അതിൻ്റെ സ്ഥിരം വേദിയാകും മുമ്പ് കേരളത്തിൽ തിരുവനന്തപുരം IFFIക്ക് പലതവണ വേദിയായിട്ടുണ്ട്. ഫിലിം സൊസൈറ്റികൾ സജീവമായിരുന്ന കേരളത്തിൽ ചലച്ചിത്രമേളയ്ക്ക് ലഭിച്ച സ്വീകാര്യത കൂടി മനസിലാക്കിയാണ് കേരളത്തിൻ്റെ സ്വന്തം ചലച്ചിത്ര മേളയായ IFFK രൂപകല്പന ചെയ്യുന്നത്.
ആദ്യകാലത്ത് ഐഎഫ്എഫ്കെയിൽ സിനിമ കാണുകയെന്നത് ഇന്നത്തേതു പോലെ എളുപ്പമായിരുന്നില്ല. സിനിമയിലുള്ളവരോ സിനിമാക്കാരുമായി ബന്ധമുള്ളവരോ ഫിലിം സൊസൈകളിൽ നിന്നുള്ള സുപാർശകളിലൂടെയോ ഒക്കെയേ മേളയിൽ പങ്കേടുക്കാനായിരുന്നുള്ളൂ. പിന്നീട് എല്ലാവർക്കും പാസ് ലഭ്യമാകുന്നില്ലെന്ന നിരന്തര പരാതികളിലൂടെയും മേളയെ കൂടുതൽ ജനകീയമാക്കാനും കൊണ്ടുവന്ന പാസ് സംവിധാനത്തിന് ആദ്യം 50 രൂപയായിരുന്നു നിരക്ക്.
1998-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതുവരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് മേള നടത്തിയിരുന്നത്. സിനിമയുടെ പ്രചാരണത്തിനായുള്ള മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഐഎഫ്‌എഫ്‌കെയുടെയും നടത്തിപ്പ് അക്കാദമിയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട്, ഇൻ്റർനാഷ്ണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (എഫ്‌ഐഎപിഎഫ്) ഫെസ്റ്റിവലിന് അംഗീകാരം നൽകി. തിരുവനന്തപുരത്തു തികച്ചും പ്രഫഷനൽ ആയി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആദ്യ മേളയും 1998ലേതാണ്.
ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ലോഗോ തോല്പാവക്കൂത്തിലെ സ്ത്രീ രൂപം വിഖ്യാത ചലച്ചിത്രകാരനായ ജി അരവിന്ദനാണ് രൂപകല്പന ചെയ്തത്. എന്നാൽ ഐഎഫ്എഫ്കെ തുടങ്ങുന്ന 1994നും മുമ്പേ അദ്ദേഹം വിടവാങ്ങിയിരുന്നു. ഇന്ത്യൻ പനോരമയ്ക്ക് വേണ്ടി അദ്ദേഹമൊരുക്കിയ ലോഗോയാണ് ഐഎഫ്എഫ്കെയുടെ മുഖമുദ്രയായത്. ദൃശ്യകലയുടെ ജനകീയമായ ആദ്യ രൂപമായ തോൽപ്പാവകൂത്തിൽ നിന്നായിരിക്കണം ലോഗോയെന്ന തീരുമാനിച്ച് പാലക്കാട്ടെ പാവക്കൂത്ത് കലാകാരന്മാരെ കണ്ട് തയ്യാറാക്കിയതാണത്. IFFK ലോഗോയ്ക്കായുള്ള അന്വേഷണത്തിലാണ് ഇതേക്കുറിച്ചറിഞ്ഞതും എഴുത്തുകാരൻ സക്കറിയ സൂക്ഷിച്ചിരുന്ന ഈ ചിത്രം ലോഗോയ്ക്കായി സ്വീകരിച്ചതും.
വിയറ്റ്‌നാം, ആഫ്രിക്ക ഫോക്കസ് പാക്കേജുകൾ, ബാലചലച്ചിത്ര വിഭാഗം, പി.എൻ.മേനോൻ റിട്രോസ്പെക്ടീവ്, ദേവദാസ് ഹോമേജ്, ഫ്രീഡം പാക്കേജ് എന്നിവയൊക്കെ 98ലെ മേള കേരളത്തിനു പരിചയപ്പെടുത്തി. 1999 മുതലാണ് മേളയിൽ മത്സരവിഭാഗം വരുന്നത്. 2001 മുതലാണ് തിരുവനന്തപുരം മേളയ്ക്ക് സ്ഥിരം വേദിയാകുന്നത്. 98 ലെ മേളയ്ക്കു ശേഷം 99ൽ കൊച്ചിയായിരുന്നു വേദി. 2000ൽ കോഴിക്കോട്ടേക്കു പോയി. ഇങ്ങനെ വേദിമാറുമ്പോഴുള്ള അമിത ചെലവും നടത്തിപ്പിലെയും ആസൂത്രണത്തിലെയും ബുദ്ധിമുട്ടും ഡെലിഗേറ്റുകൾക്കിടയിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവുമെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരം സ്ഥിരം വേദിയാക്കാൻ തീരുമാനിച്ചത്.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രമേളകളിലൊന്നായ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ആതിഥേയത്വം വഹിക്കുന്നത്. എല്ലാ വർഷവും ഡിസംബർ ആദ്യം തിരുവനന്തപുരം നഗരത്തിലാണ് ഇന്ന് ഫെസ്റ്റിവൽ നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 10000ൽ അധികം ഡെലിഗേറ്റുകളാണ് ഇന്ന് മേളയ്ക്കായി രജിസ്റ്റർ ചെയ്യുന്നത്. എട്ട് ദിവസത്തെ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ, മലയാളം സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, വേൾഡ് സിനിമ, കൺട്രി ഫോക്കസ്, പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളുടെ റിട്രോസ്‌പെക്റ്റീവുകൾ, കണ്ടംപററി ഫോക്കസ്, ഹോമേജുകൾ, വിവിധ ക്യൂറേറ്റഡ് പാക്കേജുകൾ എന്നീ വിഭാഗങ്ങളിൽ സിനിമകളുടെ പ്രദർശനം നടത്തുന്നു. ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി സംവദിക്കുന്നതിനായി ഓപ്പൺ ഫോറം, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ വേദികളും സംഘടിപ്പിക്കുന്നു.
മികച്ച ചിത്രത്തിന് സുവർണ്ണ ചകോരം, മികച്ച സംവിധായകന് രജത ചകോരം, മികച്ച നവാഗത സംവിധായകൻ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രേക്ഷക പുരസ്കാരം, മികച്ച ഏഷ്യൻ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക് അവാർഡുകൾ, മികച്ച മലയാളം സംവിധായകനുള്ള ഫിപ്രസി പുരസ്കാരം, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കെആർ മോഹനൻ അവാർഡ് എന്നിവയാണ് മേളയിൽ നൽകുന്ന അംഗീകാരങ്ങൾ. സിനിമ എന്ന കലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ചലച്ചിത്രകാരന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയും ഐഎഫ്എഫ്കെ വേദി ആദരിക്കുന്നു. ലോകമെമ്പാടുമുള്ള മികച്ച സിനിമകൾ, പ്രശസ്ത സംവിധായകർ, സാങ്കേതിക വിദഗ്ധർ, കാണികൾ എന്നിവരെ ആകർഷിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക പരിപാടികളിൽ ഒന്നായി തന്നെ അംഗീകരിക്കപ്പെടുന്നു. ലോകത്തെതന്നെ ഏറ്റവും പൊതുജന പങ്കാളിത്തമുള്ള മേളകളിൽ ഒന്നുമാണ് IFFK.


