2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന രോഹിത് ശർമ നായകനായതിന് ശേഷം ബാറ്റിങ് ശൈലിയില്‍ വരുത്തിയ മാറ്റത്തില്‍ നിന്ന് തിരിച്ചുപോകുമോയെന്നതാണ് ഓസീസ് പര്യടനത്തിലെ ആകാംഷ
അയാളുടെ എത്ര വേഷങ്ങള്‍ നമ്മള്‍ കണ്ടതാണ്. മധ്യനിരയില്‍, ഓപ്പണറായി, നായകനായി. അയാള്‍ ഒരിക്കല്‍ക്കൂടി വരികയാണ്, ഇത്തവണ കെട്ടിയാടേണ്ട വേഷം ടീമിന് വേണ്ടി മാത്രമല്ല, അയാള്‍ക്കുംകൂടി വേണ്ടിയാണ്. ഒരുപതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തിന് മുകളിലൊരു ചോദ്യമുയര്‍ന്നിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രം കണ്ട ഏക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാള്‍ക്ക് അതങ്ങ് ഉറപ്പിക്കാൻ മുന്നോട്ട് നീക്കി വെച്ചുനല്‍കിയത് ഇഷ്ട എതിരാളിയേയും അവരുടെ മണ്ണും. നായക കസേരയില്‍ നിന്ന് എഴുന്നേറ്റ രോഹിത് ഗുരുനാഥ് ശര്‍മ. ഹിറ്റ്മാന്റെ പുതിയ വേര്‍ഷൻ എന്തായിരിക്കും?
നാല് വർഷം പിന്നോട്ട്
2021 വരെയുള്ള രോഹിത്. ആദ്യ മുപ്പത് പന്തുകളില്‍ സ്ട്രൈക്ക് റേറ്റ് എഴുപതിനും താഴെയായിരിക്കും. അടുത്ത ഒരു 30 പന്തുകള്‍ പിന്നിടുമ്പോള്‍ അത് 80 കടക്കും. സെഞ്ച്വറിക്കരികിലേക്ക് സ്കോര്‍ ചലിക്കുമ്പോള്‍ നൂറ് തൊടും. പിന്നീട് ബൗളര്‍മാര്‍ക്ക് ആ മൈതാനമൊരു നരകമായിരിക്കും, കാണികള്‍ക്ക് വിരുന്നും. രോഹിത് നൂറ് കടന്നാല്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നതൊരു 150 അല്ല, മറിച്ച് ഇരുനൂറായിരിക്കും. ദൈവത്തിലും രാജാവിലും പോലും ഇത്തരമൊരു പ്രതീക്ഷയില്ല, അതായിരുന്നു രോഹിത് ഏകദിന ക്രിക്കറ്റില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക്.
നായകനായ ശേഷമാണ് ഈ ശീലങ്ങളൊക്കെ തിരുത്തപ്പെട്ടത്. അയാളുടെ ഫിലോസഫി തന്നെ മാറുകയായിരുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ മാത്രം കണ്ടുവന്നിരുന്ന അഗ്രസീവ് ശൈലി ഇന്ത്യൻ ക്രിക്കറ്റിലേക്ക് പറിച്ചുനടുകയായിരുന്നു രോഹിത്. അതില്‍ ആദ്യ ചുവടും അയാള്‍ തന്നെയാണ് വെച്ചതും. ഫിയര്‍ലെസ്, സെല്‍ഫ്‌ലെസ്, ഹൈ ഇംപാക്റ്റ്. ഈ ശൈലിയിലാണ് ഇന്ത്യയുടെ ഐസിസി കിരീടവരള്‍ച്ച അവസാനിപ്പിച്ചതും. നായകനായി 55 ഇന്നിങ്സില്‍ 52 ശരാശരിയില്‍ 111 സ്ട്രൈക്ക് റേറ്റില്‍ 2506 റണ്‍സ്. അഞ്ച് ശതകങ്ങള്‍.
പക്ഷേ, ഇവിടെ നഷ്ടമായത് രോഹിതിന്റെ ലോങ് ഇന്നിങ്സുകളായിരുന്നു. അഗ്രസീവ് ശൈലിയില്‍ രോഹിത് ക്രീസില്‍ നിലയുറപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ചുരുങ്ങി. രണ്ടാം പകുതിയില്‍ രോഹിതിന്റെ സാന്നിധ്യവും വിരളമായി മാറി. ടീമിന്റെ വിജയങ്ങള്‍ക്കും കിരീടങ്ങള്‍ക്കും പിന്നാലെ പാഞ്ഞപ്പോള്‍ നഷ്ടമായത് ശതകങ്ങളുടെ നീണ്ട നിരയായിരുന്നു. അതിലൊരിക്കലും രോഹിത് ഖേദിക്കുകയും ചെയ്തിട്ടില്ല. കാരണം, അതയാള്‍ തന്നെ തിരഞ്ഞെടുത്ത വഴിയായിരുന്നു. ഇനിയാണ് ആകാംഷ. ശുഭ്മാൻ ഗില്ലിന്റെ കീഴില്‍ രോഹിത് ശര്‍മയുടെ കളിശൈലി എന്തായിരിക്കും.
അഗ്രസീവ് ക്രിക്കറ്റ് ടീമിന് സക്സസിന് മുൻഗണന കൊടുത്തുകൊണ്ടായിരുന്നു, അത് പലപ്പോഴും രോഹിതിന്റെ വ്യക്തിഗത ഫെയിലിയറുകള്‍ക്ക് കാരണവുമായിട്ടുണ്ട്. അത്തരം വീഴ്ചകള്‍ക്ക് ഇനി കാലം മുന്നിലില്ല എന്ന സൂചനയാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. നായകസ്ഥാനത്തുനിന്നുള്ള മാറ്റം, 2027 ഏകദിന ലക്ഷ്യമാക്കിയുള്ള ബിസിസിഐയുടെ ടീം തിരഞ്ഞെടുപ്പും നീക്കങ്ങളുമെല്ലാം പരിഗണിക്കുമ്പോഴാണ് രോഹിതിന്റെ ഓസീസ് പര്യടനത്തിലെ ആദ്യ ഇന്നിങ്സില്‍ ആകാംഷയേറുന്നതും.
ശൈലി മാറുമോ?
ഏകദിന ലോകകപ്പ് ഉയര്‍ത്തുക എന്നതാണ് രോഹിതിന്റെ കരിയറിലെ സ്വപ്നം. 2011 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയപ്പോള്‍ നിരാശ മറച്ചുവെച്ചില്ല. 2015ല്‍ നിരശപ്പെടുത്തിയില്ല. 2019ല്‍ ബാറ്ററെന്ന നിലയില്‍ അസാധാരണ പ്രകടനം. 2023ല്‍ പുതിയ ശൈലിയില്‍ സ്ഥിരതയോടെയുള്ള ആവര്‍ത്തനം. രണ്ട് വട്ടം സെമിയും ഒരിക്കല്‍ ഫൈനലിലും അവസാനിച്ച സ്വപ്നയാത്ര. 2027 ലോകകപ്പ് തന്റെ മനസിലുണ്ടെന്ന് പലകുറി വെളിപ്പെടുത്തിയതാണ് രോഹിത്. അതിനായുള്ള കഠിനപ്രയത്നത്തിലുമായിരുന്നു താരം.
11 കിലോ ഗ്രാം ഭാരം കുറച്ച് ശരീരിക ക്ഷമത വര്‍ധിപ്പിച്ചു. 2019 ലോകകപ്പിന്റെ സമയത്തെ അതോ ശരീരഭാഷ കൈവരിച്ചു. ഇനി കളത്തിലത് തെളിയിക്കണം. അല്ലെങ്കില്‍ 2027 ലോകകപ്പ് കളിക്കുക എന്നത് ബാക്കിയാക്കി മടങ്ങേണ്ടി വരും. അതുകൊണ്ട് അഗ്രസീവ് ശൈലി വെടിഞ്ഞ് കരുതലോടെയായിരിക്കും ചുവടുകള്‍ രോഹിത് വെക്കുക. ഓസ്ട്രേലിയയില്‍ മൂന്ന് അവസരം, പരാജയപ്പെട്ടാല്‍ ഒരു പരമ്പരകൂടി പരമാവധി ലഭിച്ചേക്കാം. 2026ല്‍ ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ഒരുപാട് ഏകദിനങ്ങളും ഇന്ത്യയ്ക്ക് മുന്നിലില്ല. അതുകൊണ്ട് മറ്റാരേക്കാളും ഓസീസ് പര്യടനം രോഹിതിന് നിര്‍ണായകമാണ്.
പക്ഷേ, ഓസ്ട്രേലിയ രോഹിതിന്റെ കൂടി കളിനിലമാണ്. ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് 19 മത്സരങ്ങളില്‍ നിന്ന് 990 റണ്‍സ്, നാല് സെഞ്ച്വറി. ശരാശരി 60 ആണ്. സാക്ഷാല്‍ സച്ചിൻ തെൻഡുല്‍ക്കറിനും കോഹ്ലിക്കും മുകളിലാണ് രോഹിതിന്റെ മികവ്. ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാമൻ. 46 ഇന്നിങ്സുകളില്‍ നിന്ന് 2407 റണ്‍സ്. എട്ട് ശതകം, ഒൻപത് അര്‍ദ്ധ ശതകം. ലോക ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ സെഞ്ച്വറി നേടിയവരില്‍ സച്ചിന് പിന്നിലും കോഹ്ലിക്ക് ഒപ്പവും.
അതുകൊണ്ട് രോഹിത് തന്റെ സാധ്യതകള്‍ മുന്നില്‍ കാണുന്നുണ്ടാകും. കരിയറിലെ ഏറ്റവും വലിയ ദുസ്വപ്നമായി മാറിയ കഴിഞ്ഞ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയില്‍ താണ്ടിയ അതേ മൈതാനങ്ങളില്‍ രോഹിത് മറ്റൊരു പരീക്ഷണത്തിന് കൂടി തയാറാകുകയാണ്. ഇത്തവണ നായകന്റെ സമ്മര്‍ദങ്ങളില്ല, പുതുതലമുറയ്ക്ക് വഴിതെളിച്ചുകൊടുക്കണം, നിലയുറപ്പിക്കണം. രോഹിത് ശര്‍മ, അയാള്‍ അങ്ങനങ്ങ് മടങ്ങാൻ ഉറച്ചായിരിക്കില്ല ആ മണ്ണിലെത്തിയത്.


