18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ ഡല്‍ഹിക്കാകുമോ, പോരായ്മകള്‍ തിരുത്താൻ പോന്നതോ ടീം?
ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് തുടങ്ങിയ സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്ത്. വഴിത്തിരിവായത് മുംബൈ ഇന്ത്യൻസിനോടേറ്റ രണ്ട് പരാജയങ്ങള്‍. ഇത് മാത്രമായിരുന്നോ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കിരീട സ്വപ്നങ്ങള്‍ തകര്‍ത്തത്. അല്ല, ടൂര്‍ണമെന്റിലുടനീളം ഒരു സന്തുലിതമായ പ്ലേയിങ് ഇലവനെ കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു, ഒപ്പം ചേര്‍ത്തുവെക്കാൻ താരങ്ങളുടെ സ്ഥിരതയില്ലായ്മയും. 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ ഡല്‍ഹിക്കാകുമോ, പോരായ്മകള്‍ തിരുത്താൻ പോന്നതോ ടീം?
2025ല്‍ ഡല്‍ഹി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഓപ്പണിങ് കോമ്പിനേഷനായിരുന്നു. 14 മത്സരങ്ങളില്‍ കളത്തിലെത്തിയത് അഞ്ച് വ്യത്യസ്ത കൂട്ടുകെട്ടുകള്‍. കെ എല്‍ രാഹുല്‍, ഫാഫ് ഡുപ്ലെസിസ്, അഭിഷേക് പോറല്‍, കരുണ്‍ നായർ, ജേക്ക് ഫ്രേസര്‍ മക്‌ഗൂർക്ക് എന്നിവരായിരുന്നു വിവിധ കോമ്പിനേഷനുകളിലായി ക്രീസിലെത്തിയവര്‍. എന്നാല്‍ ഇത്തവണ പരിഹാരം കാണാനായി ഒന്നിലധികം ഡെസിഗ്നേറ്റഡ് ഓപ്പണർമാരെ ടീമിലെത്തിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ്, ശ്രീലങ്കയുടെ പാതും നിസങ്ക, പൃഥ്വി ഷോ ഒപ്പം രാഹുലും അഭിഷേക് പോറലുമുണ്ട്.
ഇവിടെ കൃത്യമായ കോമ്പിനേഷൻ കണ്ടെത്തുകയാണ് പ്രധാനം. പ്രത്യേകിച്ചും രാഹുലിന്റെ റോള്‍. പോയ സീസണില്‍ മധ്യനിരയിലും ഓപ്പണിങ്ങിലുമായി പരീക്ഷിക്കപ്പെട്ട രാഹുല്‍ 13 ഇന്നിങ്സുകളില്‍ നിന്ന് 150 സ്ട്രൈക്ക് റേറ്റില്‍ 539 റണ്‍സ് നേടിയിരുന്നു. രാഹുലിനെ മധ്യനിരയില്‍ ഈ സീസണില്‍ ആവശ്യമില്ലായെന്ന മറ്റ് പേരുകള്‍ തെളിയിക്കുന്നു. കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, അക്‌സര്‍ പട്ടേല്‍, അഷുതോഷ് ശര്‍മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, നിതീഷ് റാണ തുടങ്ങിയവരടങ്ങിയ ബാറ്റർമാരുടെ നീണ്ട നിര തന്നെയുണ്ട് ഡഗൗട്ടില്‍. അതുകൊണ്ട് രാഹുല്‍ തന്നെ ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
രാഹുല്‍ - ബെൻ ഡക്കറ്റ് സഖ്യം ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷന് അനുകൂലമാണെങ്കിലും ടി20 ലോകകപ്പിലെ പാതും നിസങ്കയുടെ ഫോം മുന്നിലുണ്ട്. ലങ്കയുടെ ടോപ് സ്കോററായിരുന്നു നിസങ്ക, മറുവശത്ത് ഡക്കറ്റ് ഇംഗ്ലണ്ടിനായി ഡഗൗട്ടിലും. മേല്‍പ്പറഞ്ഞ നീണ്ട നിരതന്നെയാണ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ഇത്തവണ വര്‍ധിപ്പിക്കുന്നതും. ദുര്‍ബലമല്ല മധ്യനിര. 2025ല്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മില്ലര്‍ ലോകകപ്പില്‍ തന്റെ പ്രതാപം തിരിച്ചുപിടിക്കുന്നത് കണ്ടു. ആറ് ഇന്നിങ്സില്‍ 58 ശരാശരിയിലും 155 സ്ട്രൈക്ക് റേറ്റിലും 174 റണ്‍സ് ഇടം കയ്യൻ ബാറ്റര്‍ നേടി. സ്റ്റബ്‌സും മോശമാക്കിയില്ല ലോകകപ്പ്.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിതീഷ് റാണയായിരുന്നു ഡല്‍ഹിയുടെ ടോപ് സ്കോററായിരുന്നത്. 148 സ്ട്രൈക്ക് റേറ്റില്‍ 274 റണ്‍സ്. കരുണിന്റെ ഫോം ആശങ്കയായി മുന്നിലുണ്ട്, രഞ്ജിയിലെ അവസാന ഘട്ടത്തില്‍ നിറം മങ്ങിയിരുന്നു താരം. സെയ്ദ് മുഷ്താഖ് അലിയില്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. വിജയ് ഹസാരെയില്‍ മാത്രമാണ് എടുത്ത് പറയാനുള്ള പ്രകടനം പുറത്തെടുത്തത്. കരുണിന്റെ ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മറ്റ് ഇന്ത്യൻ താരങ്ങള്‍ക്ക് ഇലവനില്‍ അവസരം ലഭിക്കുക.
ഡല്‍ഹിയുടെ സ്പിൻ നിരയില്‍ ആശങ്കകളേയില്ല. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വിപ്രജ് നിഗം. മൂവരും വിക്കറ്റ് ടേക്കര്‍മാര്‍. അക്സര്‍ നായകനായതുകൊണ്ട് തന്നെ ഇലവനിലെ സ്ഥാനത്തില്‍ ചോദ്യമില്ല. ഓള്‍ റൗണ്ടറെന്ന ആനുകൂല്യം വിപ്രജിനുമുണ്ട്. പക്ഷേ, ഫോം കുല്‍ദീപിനെ തുണയ്ക്കും.
ഇനി പേസ് നിരയിലേക്ക് വരാം. വിദേശതാരങ്ങളാണ് പേസ് നിരയിലെ ഡല്‍ഹിയുടെ കരുത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ലുംഗി എൻഗിഡി, കെയില്‍ ജാമിസണ്‍, ദുശ്മന്ത ചമീര. ഇന്ത്യൻ താരങ്ങളായി ടി നടരാജനും മുകേഷ് കുമാറും. നടരാജനും മുകേഷിനും ടൂര്‍ണമെന്റില്‍ താളം കണ്ടെത്താനായില്ലെങ്കില്‍ ഡല്‍ഹിക്ക് തങ്ങളുടെ ഇലവനെ മുഴുവനായും പൊളിക്കേണ്ടി വരും, വിദേശ പേസര്‍മാരെ ഉള്‍പ്പെടുത്തുമ്പോള്‍ ബാറ്റിങ് നിരയില്‍ വിട്ടുവീഴ്ചകള്‍ അനിവാര്യമാകും. ഇങ്ങനെ സംഭവിച്ചാല്‍ പൂര്‍ണമായും ഇന്ത്യൻ താരങ്ങളെ ആശ്രയിക്കുന്ന ബാറ്റിങ് നിരയായി മാറുകയും ചെയ്യും.
തുടര്‍തോല്‍വികളില്‍ നിന്ന് തിരിച്ചുകയറാനുള്ള ഡല്‍ഹിയുടെ മികവ് ചോദ്യം ചെയ്യപ്പെട്ട സീസണായിരുന്നു 2025. അക്സര്‍ പട്ടേലെന്ന പരിചയസമ്പത്ത് കുറഞ്ഞ നായകൻ മറ്റൊരു വെല്ലുവിളിയായും നിലകൊണ്ടു. ഇത്തവണ മെച്ചപ്പെട്ട സംഘവുമായി ഇറങ്ങുന്ന ഡല്‍ഹിക്ക് 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.


