മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണമായ 'ആരോ' എന്ന ഹ്രസ്വചിത്രത്തിലെ നടി മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം യുട്യൂബില്‍ കാണാനാകും.

ലയാളത്തിന്റെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. കാലങ്ങളായുള്ള തന്റെ സിനിമാ കരിയറിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച മഞ്ജു ഏതാനും വർഷങ്ങൾക്ക് മുൻപൊരു ഇടവേള എടുത്തിരുന്നു. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. അജിത്ത്, വിജയ് സേതുപതി, ധനുഷ്, രജനികാന്ത് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച മഞ്ജു വാര്യരുടെ ഒരു പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ആരോ എന്ന ഷോർട് ഫിലിമിലെ ലുക്കാണിത്. ഏതാനും മിനിറ്റുകൾ മാത്രമാണ് മഞ്ജു വാര്യർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു. ലൈറ്റ് കളർ സാരിയും മിനിമലായുള്ള ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെ ആരോയിൽ കാണാനാകും. '47-ാം വയസ്സിലും എന്നാ ​ഗ്ലാമറാ' എന്ന് കുറിച്ചു കൊണ്ടാണ് പലരും കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവയ്ക്കുന്നത്.

'മഞ്ജുവിനെ ഇത്ര സുന്ദരി ആയി മറ്റു സിനിമകളിൽ പോലും കണ്ടിട്ടില്ല, എന്ത് ഭംഗിയാണ് മഞ്ജുവിൻ്റെ അഭിനയം, ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ, മഞ്ജു ചേച്ചി.. എന്തൊരു രസം ആണ് കാണാൻ, കണ്ണെഴുതി പൊട്ടുംതൊട്ടിൽ ഉള്ള ഭദ്രയെ അല്ലേ ഞാൻ ഇപ്പോ കണ്ടത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷത്തിൽ എത്തിയ ആരോ സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്