ഗാന്ധിഭവനിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു കൊല്ലം തുളസിയുടെ വാക്കുകള്‍.
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ കൊല്ലം തുളസിയുടേത്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ വില്ലൻ വേഷങ്ങളിലൂടെ മലയാളികളെ പിടിച്ചിരുത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയൊരു പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചുവെന്നും അവരാൽ തിരസ്കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോയപ്പോൾ ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തന്റെ മകളിന്ന് ഓസ്ട്രേലിയയിലാണെന്നും ഒരു ഫോൺ പോലും വിളിക്കില്ലെന്നും നടൻ വിഷമത്തോടെ പറഞ്ഞു. ഗാന്ധിഭവനിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഒരു ആറ് മാസം ഇവിടെ ഉണ്ടായിരുന്നു. ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. ഒരുപിടി നമുക്ക് വേണം. കാരണം ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കാം. ഏത് സമയത്ത് എന്ത് സംഭവിക്കുമെന്നും അറിയില്ല. ഇതെല്ലാം നമുക്കൊരു പാഠമാണ്", എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.
നടി ലൗലിയെ കുറിച്ചും കൊല്ലം തുളസി വേദിയിൽ പറഞ്ഞിരുന്നു. "എന്റെ കൂടി അഭിനയിച്ച വലിയ നാടക നടിയാണ് ലൗലി. ഒരുപാട് ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച നടിയാണ്. ഒട്ടനവധി സംസ്ഥാന അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയുമായിട്ടാണ് ലൗലി ഇവിടെ വന്നത്. അവർക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ. മാതൃ സ്നേഹം ആണല്ലോ ഏറ്റവും വലുത്. ഭർത്താവും മക്കളും പറഞ്ഞത് അമ്മയെ എവിടെ എങ്കിലും കൊണ്ട് കളയനാണ്. പക്ഷേ അതിന് ലൗലിക്ക് കഴിഞ്ഞില്ല. ബുദ്ധിമുട്ടായി, പ്രയാസങ്ങളായി, ദാരിദ്രമായി. ആയ കാലത്ത് ഉണ്ടാക്കിയതെല്ലാം കൊണ്ട് പിള്ളേരെ പഠിപ്പിച്ചു. അവരൊക്കെ ഇന്ന് സർക്കാർ ഉദ്യോഗസ്ഥരാണ്. ആ അവരിന്ന് ഗാന്ധി ഭവനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതാണ് മനുഷ്യന്റെ അവസ്ഥ", എന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.



