ജയ്സാൽമീറിൽ സിനിമാ ചിത്രീകരണത്തിനിടെ പാകിസ്ഥാൻ ആക്രമണത്തിന് സാക്ഷിയായെന്ന് നടി ഐശ്വര്യ രാജ്. ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറി.
തിരുവനന്തപുരം: വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തി എന്നത് സൈന്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന് സാക്ഷിയായ അനുഭവം പറയുകയാണ് മലയാളി നടി ഐശ്വര്യ രാജ് . സംജദ് സംവിധാനം ചെയ്യുന്ന 'ഹാഫ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജയ്സാൽമീറില്‍ ഉള്ള ഐശ്വര്യ വ്യാഴാഴ്ച രാത്രി കണ്ട സംഭവങ്ങള്‍ വിവരിച്ചു.
വെള്ളിയാഴ്ച ജയ്സാൽമീറിൽ നിന്ന് ഫോണിലൂടെ മാധ്യമങ്ങളോട് സംസാരിച്ച നടി പറഞ്ഞത് ഇതാണ് "ആദ്യം ഇത് ഇന്ത്യൻ സായുധ സേനയുടെ മോക്ക് ഡ്രിൽ ആണെന്ന് എനിക്ക് തോന്നിയത്. പിന്നീട് മാത്രമാണ് കേട്ട ശബ്ദവും ആകാശത്തിലെ വെളിച്ചവും ആയുധങ്ങളാണ് എന്ന് എനിക്ക് മനസ്സിലായത്."
"ഇത് ഒരു ഡ്രില്ലല്ല, യഥാർത്ഥ ആക്രമണമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഭയമായിരുന്നു. ഹോട്ടൽ മുറിയിലെ ടിവി സെറ്റ് ഓൺ ചെയ്തപ്പോഴാണ് കാര്യങ്ങള്‍ ഭയാനകമാണെന്ന് എനിക്ക് മനസ്സിലായത്."
'ഹാഫ്' എന്ന സിനിമയുടെ ഇരുന്നൂറോളം അംഗ മലയാള സിനിമാ സംഘം കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്സാൽമീറിലും പരിസര പ്രദേശങ്ങളിലും ഷൂട്ടിംഗ് നടത്തിവരികയാണ്.
"വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന്, ഞങ്ങളുടെ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചു, ഞങ്ങൾ പായ്ക്ക് ചെയ്ത് മടങ്ങാൻ തീരുമാനിച്ചു," എന്നും ചിത്രത്തിലെ നടിയായ ഐശ്വര്യ കൂട്ടിച്ചേർത്തു. അടുത്തിടെ ഇറങ്ങിയ വിജയം നേടിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട് ഐശ്വര്യ.
"കാര്യങ്ങൾ വഷളായതിനാൽ ഞങ്ങൾക്ക് തിരിച്ചുപോകുകയല്ലാതെ മറ്റ് മാർഗമില്ല, ഇന്നലെ രാത്രി ആകാശത്ത് കണ്ടത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്, ഇപ്പോൾ അത് സാധ്യമല്ല.
ഇവിടെ നിന്ന് റോഡ് മാർഗം അഹമ്മദാബാദിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും വിമാനത്തിലും പോകാനാണ് പ്ലാന്‍. വാഹനം വരുന്നതിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് എന്നും ഐശ്വര്യ വ്യക്തമാക്കി.
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്‍റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ചയാണ് രാജസ്ഥാനില്‍ ആരംഭിച്ചത്. ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനന്‍റ് നേച്ചർ ഫിലിംസിന്‍റെ ബാനറിൽ ആൻ സജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിന്‍റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക , സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു.


