ആലപ്പുഴയില്‍ സിനിമാ ചിത്രീകരണത്തിലാണ് നിലവില്‍ ആന്‍റണി

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് പെപ്പെ എന്ന് വിളിക്കപ്പെടുന്ന ആന്‍റണി വര്‍ഗീസ് (Antony Varghese). ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ച ചരിത്രമുള്ള ആന്‍റണിയുടെ ഏറ്റവും വലിയ പിന്‍ബലവും ഈ ആരാധകക്കൂട്ടം തന്നെ. തന്‍റെ കുട്ടി ആരാധകരുടെ സ്നേഹത്തെക്കുറിച്ച് ആന്‍റണി സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പറയാറുണ്ട്. തന്നെ തേടിയെത്തിയ ഒരു മൂന്നാം ക്ലാസുകാരിയുടെ കത്ത് ആന്‍റണി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന്‍റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് ആന്‍റണി.

പെപ്പെയെ കാണണമെന്നും ഇപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച് പറയണമെന്നുമൊക്കെ ശാഠ്യം പിടിച്ച് കരയുകയാണ് കുട്ടി. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ കുട്ടി ആന്‍റണിയെ ദൂരെനിന്ന് കണ്ടിരുന്നു. എന്നാല്‍ പരിചയപ്പെടാന്‍ ആയില്ല. ആലപ്പുഴയിലെ ചിത്രീകരണം കഴിഞ്ഞ് പോകുന്നതിനു മുന്‍പ് ഈ ആരാധകനെ എന്തായാലും കാണുമെന്നാണ് പെപ്പെ നല്‍കുന്ന ഉറപ്പ്. ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല.... എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ..., വീഡിയോയ്ക്കൊപ്പം പെപ്പെ കുറിച്ചു.

അതേസമയം അജഗജാന്തരം നേടിയ ബോക്സ് ഓഫീസ് വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പെപ്പെ. 25 ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് 25 കോടി നേടിയ ചിത്രമാണിത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. രണ്ടാം തവണയും ആന്‍റണി വര്‍ഗീസ് ആണ് നായകനായതെന്ന പ്രത്യേകതയുമുണ്ട്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. ചിത്രത്തിലെ രാത്രി രംഗങ്ങളും സംഘട്ടന രംഗങ്ങളും ഗാനങ്ങളുടെ ആവിഷ്കരണവുമൊക്കെ പ്രേക്ഷകപ്രീതി നേടി. യുവപ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു. ഫെബ്രുവരി 25 മുതല്‍ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ ചിത്രം സ്ട്രീമിംഗും ആരംഭിച്ചിരുന്നു.

അതേസമയം അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിച്ച നായക നടന്‍ എന്ന റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെയും ആന്‍റണി വര്‍ഗീസ് തുടരുകയാണ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളും വിജയങ്ങളായിരുന്നു. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് ആണ് ആന്‍റണിയുടെ വരാനിരിക്കുന്ന റിലീസ്.