Asianet News MalayalamAsianet News Malayalam

Santhwanam review : 'ജയന്തി'യുടെ സംശയങ്ങള്‍ അവസാനിക്കുന്നില്ല, 'സാന്ത്വനം' റിവ്യു

എല്ലാവരും തന്നോട് മറച്ചുവയ്ക്കുന്ന സത്യങ്ങൾ കണ്ടുപിടിക്കാനാണ് 'ജയന്തി' ശ്രമിക്കുന്നത്. അതിനായുള്ള കുരുട്ടുബുദ്ധികൾക്കിടെ വീട്ടിലെത്തുന്ന 'ദേവി'യോടും 'അപർണ്ണ'യോടും മോശമായാണ് 'ജയന്തി' പെരുമാറുന്നതും.

Asianet superhit serial Santhwanam latest review devi and aparna visit savithri
Author
Kerala, First Published Jan 12, 2022, 5:57 PM IST

'സാന്ത്വനം' (Santhwanam Serial) എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ (Apsara Ratnakaran). വില്ലത്തരവും അസൂയയുമെല്ലാം സമാസമം കൂട്ടിക്കുഴച്ച് സ്‌ക്രീനില്‍ 'ജയന്തി'യായെത്തുന്ന അപ്‌സരയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുമെന്ന പരുവത്തിലാണുള്ളത്. എന്തിനും ഏതിനും നെഗറ്റീവ് വശം മാത്രം കാണുന്ന 'ജയന്തി'യാണ് 'സാന്ത്വന'ത്തിലെ സ്റ്റോറി ചേഞ്ചര്‍ എന്നും പറയാം. വിദ്യാഭ്യാസവും താന്‍ കരുതുന്ന തരത്തിലുള്ള സംസ്‌ക്കാരവും കുറഞ്ഞ 'ശിവന്‍' 'അഞ്‍ജലി'യെ വിവാഹം കഴിച്ചതു മുതല്‍ ജയന്തിക്ക് 'സാന്ത്വനം' വീട്ടുകാരോട് ആകെ കലിപ്പാണ്. നേരിട്ട് കാണുന്ന ഏതൊരു അവസരത്തിലും അത് പ്രകടിപ്പിക്കാനും 'ജയന്തി' മറക്കാറില്ല. അതുതന്നെയാണ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലും കാണാന്‍ കഴിയുന്നത്.


'അഞ്‍ജലി'യുടെ അമ്മയായ 'സാവിത്രി'യുടെ രോഗവും, ഹോസ്പിറ്റല്‍ കേസുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി 'സാന്ത്വന'ത്തിന്റെ പ്രധാന വിഷയം. ബിപിയുടെ പ്രശ്‌നമാണെന്ന് കരുതി ആശുപത്രിയില്‍ എത്തിയ 'സാവിത്രി'ക്ക് ഹൃദയത്തിന്റെ വാല്‍വിന്റെ പ്രശ്‌നമായിരുന്നു. എന്നാല്‍ 'സാവിത്രി'യോട് ഇക്കാര്യം പറയുന്നില്ല. 'ജയന്തി'യോട് പറഞ്ഞാല്‍ നാടു നീളെ പാട്ടാക്കും എന്നതിനാല്‍ 'ജയന്തി'ക്കും ഇക്കാര്യം അറിയില്ല. എല്ലാവരും തന്നോട് പലതും മറയ്ക്കുന്ന എന്നറിയാവുന്ന 'ജയന്തി' തന്റെ കുരുട്ടുബുദ്ധി ഉപയോഗിച്ച് ചിലതെല്ലാം കണ്ടുപിടിക്കുന്നുണ്ട്. 'സാവിത്രി'യെ കാണാനായി 'സാന്ത്വനം' വീട്ടിലെ മൂത്ത മരുമകളായ 'ദേവി'യും, 'ഹരി'യുടെ ഭാര്യയായ 'അപര്‍ണ'യും 'അഞ്‍ജലി'യുടെ വീട്ടില്‍ എത്തുന്നതാണ് പരമ്പരയുടെ പുതിയ എപ്പിസോഡില്‍ സംഭവിക്കുന്നത്. 


വീട്ടിലെത്തിയ 'ദേവി'യെയും 'അപര്‍ണ'യെയും 'അഞ്‍ജലി'യുടെ അമ്മയും അച്ഛനും നല്ല രീതിയിലാണ് സ്വീകരിക്കുന്നതെങ്കിലും അവിടേയും 'ജയന്തി' മോശം സംസാരമാണ് നടത്തുന്നത്. എന്തിനാണ് 'സാവിത്രി'യെ ഒരു മാറാരോഗിയെന്നപോലെ സന്ദര്‍ശിക്കുന്നതെന്നും തങ്ങളോട് പറയാത്ത എന്തെങ്കിലും രഹസ്യമുണ്ടോ എന്നുമെല്ലാമാണ് 'ജയന്തി' ചോദിക്കുന്നത്. കൂടാതെ ഇതുവരെ വീട്ടിലേക്ക് വരാത്ത അപര്‍ണ വന്നതില്‍ എന്തോ സംശയിക്കാനില്ലേയെന്നും 'ജയന്തി' ചോദിക്കുന്നുണ്ട്. 'ജയന്തി'യുടെ ചോദ്യങ്ങള്‍ സത്യസന്ധമായ കാര്യങ്ങളാണെങ്കിലും ചോദിക്കുന്ന രീതിയും സമയവുമാണ് കാണുന്നവരേയും, വന്നുകയറിയവരേയും അസ്വസ്ഥരാക്കുന്നത്. കൂടാതെ 'സാവിത്രി'യുടെ ആശുപത്രി രേഖകള്‍ ജയന്തി കാണുന്നതായുള്ള പുതിയ പ്രൊമോയും വന്നിട്ടുണ്ട്. ഒന്നുമറിയാതെ ജീവിക്കുന്ന 'സാവിത്രി'യെ അസ്വസ്ഥമാക്കാന്‍ 'ജയന്തി' ശ്രമിക്കുമോ എന്നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


അമ്മയെ നോക്കാനായി 'അഞ്‍ജലി' സ്വന്തം വീട്ടിലേക്ക് പോയതോടെ ചെറിയ സങ്കടത്തിലാണ് 'ശിവന്‍'. എന്നാല്‍ എപ്പോഴത്തേയും പോലെതന്നെ ശിവന്‍ അതൊന്നും പുറത്തു കാണിക്കുന്നുമില്ല. എന്നാല്‍ അഞ്‍ജലി 'ശിവനെ' വളരെയധികം മിസ് ചെയ്യുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് 'ശിവനെ' വിളിച്ചുനോക്കുന്ന 'അഞ്‍ജലി'യില്‍ വിരഹാര്‍ദ്രയായ ഒരു ഭാര്യയെ കാണാം. എന്നാല്‍ 'അഞ്‍ജലി'യെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിലാണ് 'ശിവന്‍' സംസാരിക്കുന്നത്. അതിലെല്ലാം ഉപരിയായി 'ജയന്തി' സത്യങ്ങള്‍ കണ്ടുപിടിച്ചാല്‍ എന്താകും 'സാവിത്രി'യുടെ അവസ്ഥയെന്നതാണ് പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന കാര്യം.

Follow Us:
Download App:
  • android
  • ios