ബോളിവുഡിലെ അവഗണനയെക്കുറിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച ബാബിൽ ഖാന്റെ ടീം വിശദീകരണവുമായി രംഗത്ത്. 

ദില്ലി: അന്തരിച്ച അഭിനയ പ്രതിഭ ഇർഫാൻ ഖാന്റെ മകനും നടനുമായ ബാബിൽ ഖാൻ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. കണ്ണീരോടെയും ഉത്കണഠയോടെയും വീഡിയില്‍ പ്രത്യക്ഷപ്പെട്ട ബാബില്‍ പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തു. താന്‍ ബോളിവുഡില്‍ നിന്ന് അവഗണനയും മോശം പെരുമാറ്റവും നേരിട്ടുവെന്നാണ് താരം പറഞ്ഞത്.

വീഡിയോയിൽ ഷാനയ കപൂർ, അനന്യ പാണ്ഡേ, അർജുൻ കപൂർ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയാൽ, ആദർശ് ഗൗരവ്, അരിജിത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പേരുകൾ ബാബിൽ പരാമർശിക്കുന്നു. ഇപ്പോൾ, ബബിലിന്‍റെ ടീമും കുടുംബവും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. വീഡിയോ "പരക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്" ഈ പ്രസ്താവനയില്‍ പറയുന്നു. ഒപ്പം വീഡിയോ വൈറലായതിന് പിന്നാലെ അപ്രത്യക്ഷമായ ബാബിലിന്‍റെ ഇന്‍സ്റ്റ അക്കൌണ്ട് തിരിച്ചെത്തിയിട്ടുണ്ട്. 

പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്, "കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാബിൽ ഖാൻ തന്റെ അഭിനയത്തിനും, ഒപ്പം മാനസികാരോഗ്യം സംബന്ധിച്ച തുറന്നുപറച്ചിലിനും വളരെയധികം സ്നേഹവും അഭിനന്ദനവും നേടിയിട്ടുണ്ട്. മറ്റാരെയും പോലെ, ബാബിലിനും പ്രയാസമേറിയ ദിനങ്ങള്‍ ഉണ്ടായിട്ടുണ്ട് - ഇപ്പോള്‍ നടന്നതും അതിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു" എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. 

"വീഡിയോയില്‍,വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സിനിമ ഭൂമികയില്‍ തന്റെ ചില സമപ്രായക്കാരെ ബാബിൽ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ് ചെയ്തത്. അനന്യ പാണ്ഡേ, ഷാനയ കപൂർ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയാൽ, ആദർശ് ഗൗരവ്, അർജുൻ കപൂർ, അരിജിത് സിംഗ് തുടങ്ങിയ കലാകാരന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം അവരുടെ ആധികാരികത, ജോലിയോടുള്ള അഭിനിവേശം,സിനിമ രംഗത്തോടുള്ള വിശ്വാസ്യ എന്നിവയെല്ലാം ഒരു യഥാര്‍ത്ഥ ആരാധകര്‍ നോക്കി കാണുന്ന രീതിയില്‍ വിശദീകരിച്ചതാണ്" വിശദീകരണ കുറിപ്പ് തുടരുന്നു.

"ഈ വീഡിയോ ക്ലിപ്പുകളിൽ നിന്ന് നിഗമനങ്ങളിൽ എത്തുന്നതിന് പകരം ബാബിലിന്‍റെ വാക്കുകളുടെ മുഴുവൻ സന്ദർഭവും പരിഗണിക്കാൻ മാധ്യമ പ്രസിദ്ധീകരണങ്ങളോടും പൊതുജനങ്ങളോടും ഞങ്ങൾ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു," പ്രസ്താവന അവസാനിക്കുന്നു.

വൈറലായ വീഡിയോയിൽ ബാബിൽ ഷാനയ കപൂർ, അനന്യ പാണ്ഡെ, അർജുൻ കപൂർ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയാൽ, ആദർശ് ഗൗരവ്, അരിജിത് സിംഗ് തുടങ്ങിയ വ്യക്തികളുടെ പേര് പറഞ്ഞ ശേഷം. ബോളിവുഡ് വളരെ വിഡ്ഢിത്തരമാണ്. ഒട്ടും മര്യാദയില്ലാത്ത ഇടമാണ് എന്നാണ് പറഞ്ഞത്.