പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച് 20 ദിവസത്തെ മൗനത്തിന് ശേഷം അമിതാഭ് ബച്ചന്‍ പ്രതികരിച്ചു. പിതാവിന്‍റെ കവിത പങ്കുവെച്ചുകൊണ്ടാണ് അമിതാഭ് പ്രതികരണം നടത്തിയത്.
മുംബൈ: പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച് വലിയ പ്രതികരണം ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ നടത്തിയില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചൻ തുടര്‍ച്ചയായി 20 ദിവസത്തോളം 'തന്‍റെ എക്സ് പോസ്റ്റുകളില്‍ മൗനം' പാലിക്കുകയായിരുന്നു.
ഇപ്പോഴിതാ 20 ദിവസത്തിന് ശേഷം ആദ്യമായി അമിതാഭ് പ്രതികരിച്ചിരിക്കുന്നു. ട്വീറ്റ് നമ്പര്‍ അല്ലാതെ അമിതാഭ് ആദ്യമായി ചില കാര്യങ്ങള്‍ എഴുതിയിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ സിനിമ താരം ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുകയാണ്.
പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് ഇന്ത്യൻ സായുധ സേനയെ പ്രശംസിക്കുന്നതിനായി തന്റെ പിതാവും അന്തരിച്ച കവിയുമായ ഹരിവംശ് റായ് ബച്ചന്റെ കവിതയാണ് അമിതാഭ് പങ്കിട്ടത്.
പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം വിവരിച്ചാണ് തന്‍റെ പിതാവിന്‍റെ കവിത അടക്കം അമിതാഭ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായിരുന്നു സംഘര്‍ഷവാസ്ഥയില്‍ അയവ് വരുത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിതാഭിന്‍റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഹിന്ദിയിലുള്ള പോസ്റ്റിന്‍റെ പരിഭാഷ
"അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനിടയിൽ, ആ ഭൂതം നിരപരാധികളായ ഒരു ഭർത്താവിനെയും ഭാര്യയെയും വലിച്ചിഴച്ചു. അവൻ ഭർത്താവിനെ നഗ്നനാക്കി, തന്റെ മതപരമായ കടമ നിറവേറ്റിയ ശേഷം, അയാൾ വെടിവയ്ക്കാൻ തുടങ്ങിയപ്പോൾ, ഭാര്യ മുട്ടുകുത്തി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു, "എന്റെ ഭർത്താവിനെ കൊല്ലരുത്". എന്നാൽ ആ ഭീരുവായ ഭൂതം, അങ്ങേയറ്റം ക്രൂരതയോടെ, ഭർത്താവിനെ വെടിവച്ചു - അവളെ വിധവയാക്കി. ഭാര്യ "എന്നെയും കൊല്ലൂ!" എന്ന് നിലവിളിച്ചപ്പോൾ, ഭൂതം പറഞ്ഞു, "വേണ്ട! പോയി '....' എന്ന് പറയൂ!"
ആ നിമിഷം ആ മകളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചപ്പോൾ, ബാബുജിയുടെ കവിതയിലെ ഒരു വരി ഓർമ്മ വന്നു: ആ മകള്‍ കടന്ന് പോയ അവസ്ഥ അതായിരിക്കാം "എന്‍റെ കൈയ്യില്‍ ചിതയിലെ ചാരമാണ്, ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു - (ഹരിവംശ് റായ് ബച്ചന്റെ കവിതയിലെ വരികള്‍) '.' അവൾക്ക് സിന്ദൂർ നൽകി, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്, നിങ്ങള്‍ ഒരിക്കലും നിർത്തരുത്, നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്" എന്നാണ് അമിതാഭ് എഴുതിയത്.


