Asianet News MalayalamAsianet News Malayalam

'പൃഥ്വിയുമായി കൂടുതല്‍ അടുക്കുന്നത് ഇപ്പോള്‍'; ജോര്‍ദ്ദാനിലെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ദുല്‍ഖര്‍

'ആറ് മാസമായി പൃഥ്വി ഈ സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. പട്ടിണി കിടന്ന് ശരീരഭാരമുള്‍പ്പെടെ കുറച്ചു. ഇതെല്ലാം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുമ്പോഴാണ് ഈ അവസ്ഥ എന്നത് നിര്‍ഭാഗ്യകരമാണ്..'

dulquer salmaan about his newly found friendship with prithviraj
Author
Thiruvananthapuram, First Published Apr 19, 2020, 4:39 PM IST

പൃഥ്വിരാജ് സുകുമാരനുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്നത് ഇപ്പോഴാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ലോക്ക് ഡൗണ്‍ മൂലം ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിയെ ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ബന്ധപ്പെടാറുണ്ടെന്നും ആടുജീവിതം സിനിമാസംഘത്തിന്‍റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

"പൃഥ്വിയുമായി പറ്റുമ്പോഴെല്ലാം കോണ്ടാക്റ്റ് ചെയ്യാറുണ്ട്. അവരവിടെ കുടുങ്ങി എന്നത് ശരിക്കും വിഷമമുണ്ടാക്കുന്ന സംഗതിയാണ്. മൂന്നാഴ്‌‍ചയായി ഷൂട്ടിംഗ് നടക്കുന്നില്ല. എന്ന് തിരിച്ചെത്താനാവും എന്ന കാര്യത്തിലും വ്യക്തതയില്ല. അവര്‍ക്ക് അസുഖങ്ങളൊന്നുമില്ല. ശാരീരികമായി വലിയ അധ്വാനം വേണ്ട സിനിമയാണ് ആടുജീവിതം. ആറ് മാസമായി പൃഥ്വി ഈ സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. പട്ടിണി കിടന്ന് ശരീരഭാരമുള്‍പ്പെടെ കുറച്ചു. ഇതെല്ലാം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിക്കുമ്പോഴാണ് ഈ അവസ്ഥ എന്നത് നിര്‍ഭാഗ്യകരമാണ്", ദുല്‍ഖര്‍ പറയുന്നു.

മുന്‍പ് വലിയ അടുപ്പം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍‌ അത് സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. "ഇരുവരുടെയും വര്‍ക്കുകളെക്കുറിച്ച് പരസ്പരം സംസാരിക്കുന്ന ആളുകളൊന്നുമായിരുന്നില്ല ഞങ്ങള്‍. അത്തരമൊരു ബന്ധത്തിന് ഇത്രയും കാലമെടുത്തത് എന്തുകൊണ്ടെന്നും അറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്." ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ പൃഥ്വിക്ക് മെസേജ് അയക്കാറുണ്ടെന്നും 'പുതിയ കാര്‍ വാങ്ങി' എന്നൊക്കെയാണ് ചിലപ്പോള്‍ അയക്കുകയെന്നും പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് അതെന്നും ദുല്‍ഖര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios