ടാസ്മാക് അഴിമതി കേസുമായി ബന്ധപ്പെട്ട് നടി കയാഡു ലോഹര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരീക്ഷണത്തില്‍
മുംബൈ: അശ്വത് മാരിമുത്തുവിന്റെ ഡ്രാഗൺ എന്ന ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ചതിലൂടെയാണ് നടി കയാഡു ലോഹര്‍ പ്രശസ്തയായത്. അടുത്ത നാഷണല്‍ ക്രഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കയാഡു ഇപ്പോള്‍ തമിഴ്‌നാട്ടിലെ ടാസ്മാക് അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണ നിശലിലാണ് എന്നാണ് മിഡ്‌ഡേ റിപ്പോർട്ട് പറയുന്നത്.
ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ട് കയാഡു ഇ.ഡി.യുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ കേസില്‍ നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ടാസ്മാക് കേസില്‍ ഇ.ഡി. റെയ്ഡിൽ പിടിക്കപ്പെട്ട വ്യക്തികൾ അവരുടെ പേര് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുറ്റാരോപിതര്‍ നടത്തിയ 'നൈറ്റ് പാര്‍ട്ടിയില്‍' പങ്കെടുക്കാൻ കയാഡു 35 ലക്ഷം രൂപ വാങ്ങിയതായും റിപ്പോർട്ട് അവകാശപ്പെടുന്നു.
തമിഴ്‌നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ) ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്.
അതേ സമയം ഈ കേസിലെ ഇ.ഡി ഇടപെടല്‍ എല്ലാ പരിധികളും ലംഘിക്കുകയും ഫെഡറൽ ഭരണസങ്കൽപ്പത്തെ ലംഘിക്കുകയും ചെയ്യുന്നുവെന്ന് സുപ്രീം കോടതി വ്യാഴാഴ്ച അഭിപ്രായപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് ടാസ്മാക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ഫ്രഷ് ഫേസ് സീസൺ 12 വിജയിച്ചതിന് ശേഷം 2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടയിലൂടെയാണ് കയാഡു അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2022 ൽ പത്തോൻപതാം നൂട്ടാണ്ടു, അല്ലൂരി എന്നിവയിലൂടെ മലയാളത്തിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.