അച്ഛനും അപ്പച്ചിയും നടത്തിയ കളികളില്‍ താന്‍ വീണെന്ന സത്യം അപര്‍ണ്ണ തിരിച്ചറിയുന്നു. വീട് രണ്ടാക്കാന്‍ താന്‍ കഴിഞ്ഞിട്ടേ ആളുള്ളുവെന്നും, അപര്‍ണ്ണയേയും അഞ്ജലിയേയും തമ്മില്‍ തല്ലിച്ചപ്പോള്‍ എല്ലാം ശരിയായെന്നും തമ്പിയോട് ലച്ചു പറയുന്നത് അപർണ്ണ കേൾക്കുന്നു.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial)). കൂട്ടുകുടുംബത്തിലെ ഹൃദയസ്പര്‍ശിയായ ബന്ധങ്ങള്‍ അതിന്റെ തീവ്രതയോടെ 'സാന്ത്വനം' സ്‌ക്രീനിലേക്ക് എത്തിക്കുന്നുണ്ട്. ഒരു വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ പരമ്പര ശിവന്‍ അഞ്ജലി എന്നീ ജോഡികളെ, ശിവാഞ്ജലി (Sivanjali) എന്ന പേരില്‍ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയിലും മറ്റും ശിവാഞ്ജലി നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. ശിവന്റെ ഏട്ടനായ ഹരി വിവാഹം കഴിച്ചിരിക്കുന്നത് നാട്ടിലെതന്നെ വലിയ പ്രമാണിയായ തമ്പിയുടെ മകള്‍ അപര്‍ണയെയായിരുന്നു. പ്രണയവിവാഹമായതിനാല്‍, ഹരിയേയും അപര്‍ണയേയും തമ്പി വീട്ടില്‍ നിന്നും അകറ്റുന്നു.

എന്നാല്‍ അപര്‍ണ ഗര്‍ഭിണിയായതോടെ ഇരുവരേയും തന്റെ അടുക്കലേക്ക് അടുപ്പിക്കാനാണ് തമ്പി ശ്രമിക്കുന്നത്. അതിനായി വളരെ മോശമായ കളികളെല്ലാം തമ്പി നടത്തുന്നുണ്ട്. സാന്ത്വനം വീടിനെ അപകീര്‍ത്തി പ്പെടുത്താനായി തമ്പി ശ്രമിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി നടന്നുതാനും. എന്നാല്‍ സാന്ത്വനം വീടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ കഴിയാത്ത തമ്പി, മകളെ നോക്കാന്‍ എന്ന തരത്തില്‍ തന്റെ സഹോദരിയെ സാന്ത്വനം വീട്ടിലേക്ക് അയക്കുന്നുണ്ട്. രാജലക്ഷ്മി എന്ന് പേരുള്ള അവരെ ലച്ചു എന്നാണ് ചുരുക്കപേരില്‍ വിളിക്കുന്നത്. അപര്‍ണയുടെ അപ്പച്ചിയായ ലച്ചു, സാന്ത്വനം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും, അപര്‍ണയെ സാന്ത്വനം വീടുമായി തെറ്റിക്കാനുമാണ് ശ്രമിക്കുന്നത്.

വീട്ടിലേക്ക് പുതിയ അടുക്കള ഉപകരണങ്ങളും മറ്റും വാങ്ങിയാണ് ലച്ചു തന്റെ അടവുകള്‍ പുറത്തെടുക്കുന്നത്. വീട്ടിലെ അടുക്കള രണ്ടായാല്‍ത്തന്നെ വീട് രണ്ടാകും എന്നതാണ് ലച്ചുവിന്റെ പോളിസി. അഞ്ജലിയും അപര്‍ണയുമാണ് വലിയ കൂട്ടെന്ന് മനസ്സിലാക്കുന്ന ലച്ചു, അവരെ തമ്മിലടിപ്പിക്കുന്നു. അതോടെ വന്ന ലക്ഷ്യം നിറവേറി എന്നാണ് അവര്‍ കരുതുന്നത്. ലച്ചു പറയുന്നതിലും കാണിച്ചുകൂട്ടുന്നതിലും ചെറുതായെങ്കിലും വീണുപോകുന്നെങ്കിലും, ഇപ്പോള്‍ അപര്‍ണ്ണ സത്യങ്ങള്‍ മനസ്സിലാക്കിയിരിക്കുകയാണ്. അപര്‍ണ്ണയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി തമ്പിയോട് വലിയ കാര്‍ കൂട്ടി വരാനാണ് ലച്ചു പറയുന്നത്. വീട്ടിലെ കാറില്‍ ഹരിയുടേയും അപര്‍ണ്ണയുടേയും എല്ലാ സാധനങ്ങളും കൊള്ളില്ല എന്നതാണ് വേറെ കാര്‍ കൂട്ടി വരാനായി പറയാനുള്ള കാരണം. എന്നാല്‍ ലച്ചുവിന്റെ ഈ ഫോണ്‍ സംഭാഷണം അപര്‍ണ്ണ കേള്‍ക്കാന്‍ ഇടയാവുകയാണ്.

അച്ഛനും അപ്പച്ചിയും നടത്തിയ കളികളില്‍ താന്‍ വീണെന്ന സത്യം അപ്പോഴാണ് അപര്‍ണ്ണ തിരിച്ചറിയുന്നത്. ഏട്ടന്‍ പറഞ്ഞതുപോലെ എല്ലാം ചെയ്‌തെന്നും, വീട് രണ്ടാക്കാന്‍ താന്‍ കഴിഞ്ഞിട്ടേ ആളുള്ളുവെന്നും, അപര്‍ണ്ണയേയും അഞ്ജലിയേയും തമ്മില്‍ തല്ലിച്ചപ്പോള്‍ എല്ലാം ശരിയായെന്നുമാണ് തമ്പിയോട് ലച്ചു പറയുന്നത്. കൂടാതെ ഏതൊരു വീടും രണ്ടാക്കണം എങ്കില്‍ ആദ്യം ചെയ്യേണ്ടത് രണ്ട് അടുക്കള ഉണ്ടാക്കണം എന്നും, നമ്മള്‍ ഗ്യാസ് സ്റ്റൗ വാങ്ങിയതാണ് സംഗതി ഇത്ര എളുപ്പമാക്കിയതെന്നും ലച്ചു പറയുന്നു. ഇതെല്ലാം അപ്പച്ചിക്കൊപ്പം വീട്ടില്‍നിനന്നും ഇറങ്ങാന്‍ തയ്യാറായ അപര്‍ണ്ണ കേള്‍ക്കുന്നു. താന്‍ ആരുടെയെല്ലാമോ കളിപ്പാവ ആയല്ലോ എന്ന് സങ്കടം തോന്നിയ അപര്‍ണ്ണ കളികള്‍ മാറ്റി കളിക്കുകയായിരുന്നു.

തമ്പി കാറുമായി അപര്‍ണ്ണയേയും ലച്ചുവിനേയും കൂട്ടാന്‍ എത്തുമ്പോള്‍ ഡ്രൈവറെ വിളിച്ച് വീട്ടിലേക്ക് പുതുതായി വാങ്ങിയ സാധനങ്ങളെല്ലാം അപര്‍ണ്ണ കാറിലേക്ക് എടുത്ത് വയ്പ്പിക്കുന്നുണ്ട്. കൂടാതെ അപ്പച്ചിയുടെ ബാഗും എടുത്ത് കാറിലേക്ക് വയ്ക്കാന്‍ അപര്‍ണ്ണ കണ്ണനോട് പറയുന്നു. അതിനുശേഷമാണ് താന്‍ വീട്ടിലേക്കില്ല എന്ന നിലപാട് തമ്പിയോട് പറയുന്നത്. മകളെ കൂട്ടാന്‍ വന്ന തമ്പിയും, ഇത്രദിവസം അതിനായി പരിശ്രമിച്ച അപ്പച്ചിയും അപര്‍ണ്ണ പറയുന്നതുകേട്ട് ഞെട്ടുകയാണ്. അപ്പച്ചിയുടെ സേവനത്തിന് നന്ദിയുണ്ടെന്നും, ഇനിയും അപ്പച്ചിയെ വേണമെന്നില്ല എന്നുകൂടെ അപര്‍ണ്ണ പറയുമ്പോള്‍ കാണുന്ന പ്രേക്ഷകരും ഞെട്ടുന്നുണ്ട്. അങ്ങനൊന്നും സാന്ത്വനം കുടുംബത്തെ രണ്ടാക്കാന്‍ പറ്റില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ (യൂട്യൂബില്‍ ഏഷ്യാനെറ്റ് പോസ്റ്റ് ചെയ്യുന്ന പ്രൊമോ വീഡിയോകള്‍) ആളുകള്‍ കമന്റ് ചെയ്യുന്നത്. കൂടാതെ രാജലക്ഷ്മിയെ വീട്ടില്‍ഡനിന്ന് എത്രയുംവേഗം ഇറക്കിവിടു എന്നും സാന്ത്വനം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.