Asianet News MalayalamAsianet News Malayalam

പ്രേക്ഷകരുടെ പ്രിയംനേടിയ 'ശിവാഞ്ജലി'; മുന്നൂറിന്‍റെ നിറവില്‍ 'സാന്ത്വനം'

തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം

malayalam serial santhwanam completed 300 episodes
Author
Thiruvananthapuram, First Published Nov 2, 2021, 8:12 PM IST

മലയാളിയുടെ സീരിയല്‍ സങ്കല്‍പ്പങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിയെഴുതിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം (Santhwanam Serial). കാലങ്ങളായുള്ള പരമ്പരകളില്‍നിന്നും മാറിയ കഥാഗതിയും മേക്കിംങും തന്നെയാണ് പരമ്പരയെ മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമാക്കുന്നതും. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പര അതിന്‍റെ മുന്നൂറാം എപ്പിസോഡില്‍ എത്തിനില്‍ക്കുകയാണ്. ചിപ്പി (Chippy), രാജീവ് പരമേശ്വര്‍ (Rajeev Parameswar) തുടങ്ങിയ സീനിയര്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങളടങ്ങിയ ഒരുകൂട്ടം താരങ്ങള്‍ പരമ്പരയില്‍ ജീവിക്കുകയാണെന്നാണ് ആരാധകര്‍ പരമ്പരയെപ്പറ്റി പറയാറുള്ളത്.

തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ ബാലചന്ദ്രനും ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വീട്ടിലെ അനിയന്മാരുടെ വിവാഹം, അവരുടെ ജീവിതം എന്നിവയും പരമ്പരയിലെ പ്രധാന വിഷയങ്ങളാകുന്നുണ്ട്. ബാലന്‍റെ അനിയനായ ശിവനും ഭാര്യയായ അഞ്ജലിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയുടെ നെടുംതൂണ്‍ 'ശിവാഞ്ജലി' എന്ന് വിളിപ്പേരുള്ള ശിവനും അഞ്ജലിയും തന്നെയാണ്. വിവാഹം കഴിഞ്ഞ സമയത്ത് പരസ്പരം പോരടിക്കുന്ന ഇരുവരും എങ്ങനെയാണ് വലിയൊരു പ്രണയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് പരമ്പര മനോഹരമായാണ് അവതരിപ്പിച്ചത്. ഇരുവരുടേയും വഴക്ക് സ്വീകരിച്ചതുപോലെ, ഇപ്പോള്‍ ഇരുവരുടേയും പ്രണയനിമിഷങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

സാന്ത്വനം വീട്ടിലെ ബാലന്‍റെ നേര്‍ അനിയനായ ഹരിയുടെ വിവാഹം കോളേജില്‍ നിന്നും പ്രണയിച്ച അപര്‍ണ്ണയുമായിട്ടായിരുന്നു. തമ്പി എന്ന നാട്ടിലെ വലിയ പണക്കാരന്‍റെ മകളാണ് അപര്‍ണ്ണ. വലിയ പണക്കാരിയായ അപര്‍ണ്ണ സാന്ത്വനം വീട്ടില്‍ എത്തിയ സമയത്ത് ചില അസ്വസ്ഥതകള്‍ കാണിച്ചിരുന്നെങ്കിലും ആ ബന്ധവും മനോഹരമായിത്തീരുകയായിരുന്നു. എന്നാല്‍ മകളുടെ ബന്ധത്തില്‍ അതൃപ്തനായ തമ്പി കിട്ടുന്ന അവസരങ്ങളിലെല്ലാം സാന്ത്വനം കുടുംബത്തെ ഉപദ്രവിക്കുന്നുമുണ്ട്. അഞ്ജലിയുടെ വീട്ടുകാരെ വീട്ടില്‍നിന്നും പുറത്താക്കുന്നതും പരമ്പരയില്‍ നിലവില്‍ മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതും തമ്പിയാണ്. അഞ്ജലിയുടെ അച്ഛനായ ശങ്കരന്‍റെ കടം വീട്ടാനായി അഞ്ജലിയുടെ സ്വര്‍ണ്ണം വാങ്ങി പണയം വച്ചതിന് ശിവന്‍ ഒരുപാട് ചീത്ത കേള്‍ക്കുന്നുണ്ട്. എന്നിട്ടും ശങ്കരന്‍റെ അഭിമാനം രക്ഷിക്കാനായി ശിവന്‍ സത്യം എവിടേയും പറയുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രൊമോയില്‍ ശങ്കരന്‍ സത്യങ്ങളെല്ലാം വെളിപ്പെടുന്നത് കാണിക്കുന്നുണ്ട്. അത് എപ്പോഴാണ് പരമ്പരയിലേക്കെത്തുക എന്ന് അറിയില്ലെങ്കിലും, സത്യം അധികം വൈകാതെ പുറത്തറിയുമെന്ന് പ്രതീക്ഷിക്കാം.

മേല്‍പ്പറഞ്ഞ തരത്തില്‍ സങ്കടകരമായാണ് പരമ്പരയുടെ നിലവിലെ കഥാഗതിയെങ്കിലും, പരമ്പരയുടെ മുന്നൂറാം എപ്പിസോഡ് പരമ്പരയിലെ അഭിനേതാക്കളും അണിയറക്കാരും ആരാധകരും ആഘോഷിക്കുകയാണ്. പരമ്പരയുടെ നിരവധി മാഷപ്പ് വീഡിയോകളും മറ്റും ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios