രസകരമായ നിമിഷത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിരവധി സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ നായകന്‍ മമ്മൂട്ടി ആയിരുന്നു. ഏറ്റവുമധികം നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച നായക നടനും മമ്മൂട്ടി തന്നെ. ആ ലിസ്റ്റില്‍ പെട്ട ആളാണ് സംവിധായകന്‍ അജയ് വാസുദേവ്. സംവിധായകരുടെ കൂട്ടത്തിലെ ഏറ്റവും വലിയ മമ്മൂട്ടി ആരാധകനാണ് അജയ് വാസുദേവ്. ആദ്യ ചിത്രം മാത്രമല്ല, സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും നായകന്‍ മമ്മൂട്ടി തന്നെ. ഇപ്പോഴിതാ മമ്മൂട്ടിയും അജയ് വാസുദേവും ഒരു അസാധാരണ ഫ്രെയ്മില്‍ വരുന്ന രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

രണ്ട് ദിവസങ്ങളിലായി ആരാധകര്‍ക്കൊപ്പം മമ്മൂട്ടി നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നു വേദി. ആരാധകരുടെ നീണ്ട ക്യൂ ഒരു വശത്ത്. മറുവശത്ത് ആ ക്യൂവില്‍ നിന്നെത്തുന്ന ഓരോരുത്തര്‍ക്കൊപ്പവും ചിത്രമെടുത്ത്, കുശലം പറഞ്ഞ് പറഞ്ഞയ്ക്കുന്ന മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം ചിത്രമെടുക്കാന്‍ ആ ക്യൂവില്‍ നിന്ന് അജയ് വാസുദേവും എത്തി. മുന്നില്‍ നില്‍ക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഊഴമെത്തിയപ്പോള്‍ കയറ്റിവിടുകയും ചെയ്തു. വരുന്ന അടുത്തയാള്‍ ആരെന്ന് നോക്കിയപ്പോഴാണ് മമ്മൂട്ടി ആളെ കണ്ടത്. എന്നാല്‍ ഫോട്ടോ എടുക്കാന്‍ മമ്മൂട്ടി വിസമ്മതിക്കുന്നതും ആരാധകരുള്‍പ്പെടെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ചമ്മല്‍ നിറഞ്ഞ ചിരിയോടെ അജയ് അവിടെനിന്നും പോകുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്ന റീലില്‍ രസകരമായ കമന്‍റുകള്‍ എത്തുന്നുണ്ട്. നിനക്ക് ഫോട്ടോ എടുക്കാൻ അനുവാദം ഇല്ല്യാ. നീ എന്നെ വെച്ച് വേണേൽ ഒരു സിനിമ എടുത്തോ എന്നാണ് ഒരു കമന്‍റ്. 2014 ല്‍ പുറത്തെത്തിയ രാധാജിരാജ എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് സംവിധായകനായി അരങ്ങേറിയത്. മാസ്റ്റര്‍പീസ് ആയിരുന്നു രണ്ടാം ചിത്രം. 2017 ല്‍ ആയിരുന്നു റിലീസ്. 2020 ല്‍ ഷൈലോക്ക് എന്ന ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകന്‍. 2023 ല്‍ പുറത്തെത്തിയ പകലും പാതിരാവും എന്ന ചിത്രത്തില്‍ മാത്രമാണ് മമ്മൂട്ടി ഇല്ലാതിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍. നായിക രജിഷ വിജയനും. ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News