ലണ്ടനിൽ നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിയാണ് കാണികളെ ആവേശഭരിതരാക്കിക്കൊണ്ട് മമ്മൂട്ടി തന്‍റെ ഐക്കോണിക് സ്റ്റെപ്പ് ഇട്ടത്
പഴയ സിനിമകളുടെയോ സിനിമാ ഗാനങ്ങളുടെയോ ഒക്കെ ചില നൊസ്റ്റാള്‍ജിക് റെഫറന്‍സുകള്‍ പുതിയ ചിത്രങ്ങളില്‍ കൊണ്ടുവരുന്നത് ഇന്ന് സാധാരണമാണ്. കാണികളെ വേഗത്തില്‍ ആ നിമിഷം സ്ക്രീനിലേക്ക് അടുപ്പിക്കാം എന്നതാണ് അതിന്‍റെ പ്രധാന ഗുണം. വന്‍ വിജയം നേടുന്ന സിനിമയിലാണ് ഇത് വരുന്നതെങ്കില്‍ ആ റെഫറന്‍സും വലിയ ഹിറ്റ് ആവും. അത്തരത്തില്‍ ഹിറ്റ് ആയ സമീപകാല റെഫറന്‍സുകളില്‍ ഒന്നായിരുന്നു തുടരും സിനിമയില്‍ ഉപയോഗിച്ച ശാന്തമീ രാത്രിയില്‍ ഗാനവും മോഹന്‍ലാല്‍ അനുകരിച്ച മമ്മൂട്ടിയുടെ സ്റ്റെപ്പ്സും. ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ അതേ സ്റ്റെപ്പ് ഇട്ട് കൈയടി വാങ്ങിയിരിക്കുകയാണ് മമ്മൂട്ടി.
ആനന്ദ് ടിവി അവാര്‍ഡ്സിന്‍റെ ലണ്ടനിലെ വേദിയിലാണ് മലയാള സിനിമയിലെ മറ്റ് പല പ്രമുഖര്‍ക്കുമൊപ്പം മമ്മൂട്ടിയും എത്തിയത്. പരിപാടിയുടെ ഹൈലൈറ്റുകളില്‍ ഒന്ന് തന്നെ മമ്മൂട്ടിയുടെ സാന്നിധ്യം ആയിരുന്നു. വേദിയില്‍ എം ജി ശ്രീകുമാര്‍ പാടുന്നതിന്‍റെ ഇടവേളയിലാണ് ഗാനത്തിന്‍റെ ട്യൂണിനൊപ്പം മമ്മൂട്ടി അനായാസം ആ സ്റ്റെപ്പ് ഇട്ടത്. ഇത് കണ്ട് ആവേശത്തടെയും ആഹ്ലാദത്തോടെയും നോക്കുന്ന, വേദിയില്‍ത്തന്നെ ഉണ്ടായിരുന്ന ടൊവിനോ തോമസ്, എം ജി ശ്രീകുമാര്‍, മനോജ് കെ ജയന്‍. രമേഷ് പിഷാരടി എന്നിവരെയും വേദിയില്‍ ഒപ്പം കാണാം. മമ്മൂട്ടി സ്റ്റെപ്പ് ഇടുന്ന സമയത്ത് സദസില്‍ നിന്ന് വലിയ ആരവവും കേള്‍ക്കാം. കാണികളില്‍ ചിലര്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്ന ജോണി വാക്കറിലെ ഗാനമാണ് ശാന്തമീ രാത്രിയില്‍. കരിയറില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ജയരാജിന്‍റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തെത്തിയ ചിത്രമാണ് ഇത്. ജോണി വര്‍ഗീസ് എന്ന ക്രോണിക് ബാച്ചിലറായി മമ്മൂട്ടി എത്തിയ ചിത്രത്തിന് സംഗീതം പകര്‍ന്നത് എസ് പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഹിറ്റുകള്‍ ആയിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴും ആളുകള്‍ ആസ്വദിക്കുന്നവയുമാണ്. ശാന്തമീ രാത്രിയില്‍ എന്ന ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചത് പ്രഭുദേവ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. തുടരും സിനിമയില്‍ ഏറെ പ്രാധാന്യത്തോടെ കടന്നുവരുന്ന ഒരു സീക്വന്‍സിലാണ് ഈ ഗാനം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫലപ്രദമായി ഉപയോഗിച്ചത്.



