ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന്, ലക്ഷ്യ എന്ന സിനിമയിലെ ഓം പുരിയുടെ ഒരു ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലായി. 

മുംബൈ: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അത് ലംഘിച്ചതിന് പിന്നാലെ അന്തരിച്ച നടന്‍ ഓംപുരിയുടെ ഒരു ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാന്‍ നടത്തിയ വെടിനിർത്തൽ ലംഘനത്തെക്കുറിച്ച് രൂക്ഷമായ പ്രതികരണങ്ങൾ നിറഞ്ഞപ്പോൾ, ലക്ഷ്യ എന്ന സിനിമയിലെ ഓം പുരിയുടെ ഒരു സംഭാഷണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വൈറലാകുകയായിരുന്നു. 

വൈറൽ രംഗത്തില്‍ ലക്ഷ്യ സിനിമയില്‍ സുബേദാർ മേജർ പ്രീതം സിംഗ് ആയി അഭിനയിക്കുന്ന ഓം പുരി ഹൃതിക് റോഷന്‍ അഭിനയിക്കുന്ന കരൺ ഷെർഗിനോട് പറയുന്ന ഡയലോഗാണ് വൈറലായത് "ഇത്തരക്കാരെ എനിക്ക് പരിചയമുണ്ട്. പാകിസ്ഥാനികൾ തോറ്റാലും, പിന്നീടും അവര്‍ തിരിച്ചുവരും. നിങ്ങൾ വിജയിച്ചാലും, ഉടൻ തന്നെ ശ്രദ്ധ തിരിയരുത്. എന്റെ വാക്കുകൾ ഓർമ്മിക്കുക” എന്നാണ് ആ ഡയലോഗ്. 

അതിന് മറുപടിയായി ഹൃതിക് റോഷന്‍ അഭിനയിക്കുന്ന കരൺ ഷെർഗ് "നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കും" എന്നാണ് പറയുന്നത്. ഫറാന്‍ അക്തര്‍ സംവിധാനം ചെയ്ത് 2004 ല്‍ ഇറങ്ങിയ ചിത്രമാണ് ലക്ഷ്യ. പ്രീതി സിന്‍റെയാണ് ചിത്രത്തിലെ നായിക. 

ജീവിത ലക്ഷ്യങ്ങള്‍ ഇല്ലാത്ത ഒരു യുവാവ് സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിനായി പോരാടുക എന്ന ലക്ഷ്യം കൈവരിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ കഥ. 1999 കാര്‍ഗില്‍ യുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയ ചിത്രം. ഇന്ത്യ തന്ത്രപ്രധാനമായ ടൈഗര്‍ ഹില്‍സ് പാക് നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ച സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചത്. 

Scroll to load tweet…

അതേ സമയം പാക് വെടിനിര്‍ത്തല്‍ ലംഘനത്തിന്‍റെ പാശ്ചത്തലത്തില്‍ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.