Asianet News MalayalamAsianet News Malayalam

അനുഷ്കയ്ക്കൊപ്പം ലോസ്ഏഞ്ചല്‍സില്‍ വീടുവാങ്ങുന്നു ? പ്രതികരിച്ച് പ്രഭാസ്

''എനിക്ക് ഒരുപാടുകാലമായി അനുഷ്കയെ അറിയാം.  ഞങ്ങള്‍ക്കിടയില്‍ ഒന്നും തന്നെയില്ല. ഇനി എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍...''

Prabhas Reacts To Rumors With Anushka Shetty
Author
Hyderabad, First Published Aug 21, 2019, 12:16 PM IST

ഹൈദരാബാദ്: ബാഹുബലി താരങ്ങളായ പ്രഭാസും അനുഷ്കയും ഒരുമിച്ച് ലോസ് ഏഞ്ചല്‍സില്‍ പുതിയൊരു വീടുതേടുന്നുവെന്നതാണ് കുറച്ച് ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ഗോസിപ്പ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമെല്ലാം കാലങ്ങളായി കേള്‍ക്കുന്ന ഗോസിപ്പുകളാണ്. ഇതെല്ലാം ഇരുവരും നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ പുതിയ ഗോസിപ്പിനോട് പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ പ്രഭാസ്. ആളുകള്‍ തന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ തനിക്കൊന്നും ചെയ്യാനില്ലെന്ന്  അദ്ദേഹം പറഞ്ഞു. 

''എനിക്ക് ഒരുപാടുകാലമായി അനുഷ്കയെ അറിയാം.  ഞങ്ങള്‍ക്കിടയില്‍ ഒന്നും തന്നെയില്ല. ഇനി എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഞങ്ങളെ നിങ്ങള്‍ എവിടെവച്ചെല്ലാം കാണുമായിരുന്നു. ഞങ്ങള്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുകയല്ലായിരുന്നു. ഞങ്ങള്‍ അഭിനേതാക്കളാണ്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ഞങ്ങളെ തിരിച്ചറിയും. അതുകൊണ്ടുതന്നെ ഇത് വെറും കുപ്രചരണം മാത്രമാണ്. നിങ്ങള്‍ ഞങ്ങളെ വിശ്വസിച്ചില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല '' - ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞു. 

''എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയില്ല. ആളുകള്‍ ആഗ്രഹിക്കുന്നത് എനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്നാണ്. അല്ലെങ്കില്‍ ഇതാണ് എന്‍റെ പെണ്‍കുട്ടിയെന്ന് ഞാന്‍ പറയണമെന്നാണ്. അല്ലാത്തപക്ഷം അവര്‍ എന്നെ ആരെങ്കിലുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കും '' - പ്രഭാസ് പറഞ്ഞു.

വിവാഹവാര്‍ത്തകള്‍ നേരത്തേയും പ്രഭാസും അനുഷ്കയും തള്ളിയിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഇരുവരും പറഞ്ഞിരുന്നു. ബാഹുബലിക്ക് പുറമെ മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഓഗസ്റ്റ് 30 ന് പുറത്തിറങ്ങാനിരിക്കുന്ന സഹോയാണ് പ്രഭാസിന്‍റെ അടുത്ത ചിത്രം. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക.  

Follow Us:
Download App:
  • android
  • ios