അനിമൽ സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. 

മുംബൈ: ചലച്ചിത്ര സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്‍റെ ചിത്രം അനിമലിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ചു. നേരത്തെ രണ്‍ബീര്‍ കപൂറിന് ചിത്രത്തില്‍ അഭിനയിച്ചതിന് വിമര്‍ശനം നേരിട്ടില്ലെങ്കിലും തന്നെ പലരും വേട്ടയാടി എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദ ഗെയിം ചേഞ്ചേഴ്സ് പോഡ്കാസ്റ്റിൽ വംഗ തന്‍റെ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്ത് എത്തിയത്. 

ഗൗരവമേറിയ സമൂഹപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടക്കാത്തപ്പോള്‍ പോലും അനിമൽ പോലുള്ള സിനിമകളെക്കുറിച്ച് പലരും വിമര്‍ശിച്ച് മണിക്കൂറോളം നീളമുള്ള വീഡിയോ ചെയ്തെന്ന് വംഗ പറയുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ചിത്രത്തെക്കുറിച്ചുള്ള വിമർശനം സംബന്ധിച്ചും സംവിധായകന്‍ പ്രതികരിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വിമര്‍ശനം കേട്ടപ്പോള്‍ ഈ സിനിമ സംവിധാനം ചെയ്തു എന്നത് താൻ ഒരു കുറ്റകൃത്യം ചെയ്തത് പോലെയാണ് തോന്നിയത് എന്ന് വംഗ പറഞ്ഞു. 

വികാസ് ദിവ്യാകൃതി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വിമര്‍ശനത്തെയാണ് സന്ദീപ് വംഗ സൂചിപ്പിച്ചത്. "ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഒരു അഭിമുഖത്തിൽ പറഞ്ഞു, 'ആനിമൽ പോലുള്ള സിനിമകൾ നിർമ്മിക്കരുത്' എന്ന്. അദ്ദേഹം പറഞ്ഞ രീതി കേട്ടപ്പോൾ, എനിക്ക് തോന്നിയത് ഞാൻ എന്തോ കുറ്റകൃത്യം ചെയ്തുവെന്ന്. ഒരു വശത്ത് 12ത്ത് ഫെയിൽ പോലുള്ള സിനിമകളും മറുവശത്ത് സമൂഹത്തെ പിന്നോട്ട് തള്ളുന്ന അനിമൽ പോലുള്ളവയും ഉണ്ടാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം."

സന്ദീപ് തുടര്‍ന്ന് "ഒരാൾക്ക് 2-3 വർഷം പഠിച്ച് ഐഎഎസ് പരീക്ഷ പാസാകാം. പുസ്തകങ്ങൾ പഠിച്ചാൽ മതി. 1500 പുസ്തകങ്ങൾ വായിച്ചാൽ പരീക്ഷ കടന്നുപോകാം. എന്നാൽ, ഒരു സിനിമ നിർമ്മാതാവോ എഴുത്തുകാരനോ ആകാൻ സ്കൂൾ അല്ലെങ്കിൽ ടീച്ചർ ഇല്ല. അനാവശ്യമായി വിമർശിക്കുന്നവർക്കെതിരെ എനിക്ക് കോപം വരും. ഐഎഎസ് ഉദ്യോഗസ്ഥർ പഠിച്ച് ജോലി നേടിയവരാണ്. പക്ഷേ, സിനിമയുടെ സൃഷ്ടിപ്രക്രിയ അവർ മനസ്സിലാകില്ല."

2023-ലെ 12ത്ത് ഫെയിൽ സിനിമയിൽ വികാസ് ദിവ്യാകൃതി അഭിനയിച്ചിരുന്നു. നീലേശ് മിശ്രയുടെ ഇന്റർവ്യൂ സീരീസിൽ വികാസ് പറഞ്ഞത് ഇതാണ് "അനിമൽ പോലുള്ള സിനിമകൾ സമൂഹത്തെ 10 വർഷം പിന്നോട്ട് തള്ളുന്നു. ഇതുപോലുള്ള സിനിമകൾ നിർമ്മിക്കരുത്. നിങ്ങൾ പണം സമ്പാദിച്ചു. ഹീറോയെ ഒരു മൃഗം പോലെ കാണിച്ചു. സാമൂഹ്യമൂല്യങ്ങൾ ഇല്ലെങ്കിൽ, പണത്തിനായി മാത്രമാണോ ജനം പ്രവർത്തിക്കുന്നത്?"

സന്ദീപിന്റെ പ്രതികരണം എന്തായാലും അനിമല്‍ ചിത്രത്തെ വീണ്ടും ചര്‍ച്ചയില്‍ എത്തിച്ചിരിക്കുകയാണ്. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സന്ദീപ് റെഡ്ഡി വംഗ.

'അനിമലിന്‍റെ പേരില്‍ രണ്‍ബീറിന് അഭിനന്ദനം, എനിക്ക് വിമര്‍ശനം' : കാരണം പറഞ്ഞ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ

പ്രഭാസ് ചിത്രം സ്പിരിറ്റിന് പുതിയ അപ്ഡേറ്റ്; 'ആനിമല്‍' സംവിധായകന്‍റെ കയ്യിലുള്ള പടത്തിന്‍റെ കഥയിതോ?