'മിന്നല്‍ മുരളി' എന്ന സൂപ്പര്‍ഹീറോ മൂവി സൂപ്പര്‍ഹിറ്റ് ആയതോടെ അഞ്ജലിയെവച്ച് ഒരു സൂപ്പര്‍വുമണ്‍ ക്യാരക്ടര്‍ ചെയ്യിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടാനുള്ള പദ്ധതിയാണ് അച്ചു സുഗന്ധിനുള്ളത്. അതിനായി തന്റെ മനസ്സിലുള്ള കഥയെ അഭിനേത്രിയായ സൂപ്പര്‍ വുമണ്‍ അഞ്ജലിക്ക് പറഞ്ഞുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സാന്ത്വനം' പരമ്പര (Santhwanam serial), പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പരമ്പരയാണ്. ലിംഗഭേദമോ, പ്രായവ്യത്യാസമോ ഇല്ലാതെയാണ് പരമ്പരയെ ആരാധകര്‍ തരംഗമാക്കിയത്. തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന കണ്ണീര്‍ പരമ്പരകളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് സാന്ത്വനം തുടങ്ങിയതും മുന്നോട്ട് പോകുന്നതും. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങളെ അതിന്റെ തനിമ നഷ്ടമാകാതെ സ്‌ക്രീനിലേക്ക് പറിച്ചു നടുകയാണ് പരമ്പരയിലൂടെ അതിന്റെ പിന്നണി മുന്നണി പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഓരോ കഥാപാത്രങ്ങളും താരങ്ങള്‍ എന്നതിലുപരിയായി കഥാപാത്രങ്ങളായി മാറുന്നതും പരമ്പരയില്‍ കാണാം. സാധാരണഗതിയില്‍ കാണുന്ന, ഒരു പ്രധാന കഥാപാത്രത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായി മാത്രം ചുറ്റും മറ്റ് കഥാപാത്രങ്ങലെ അടുക്കി വയ്ക്കുന്ന രീതി മാറ്റി, പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേ പ്രാധാന്യം തന്നെയാണ് കഥാഗതിയില്‍ ഉള്ളത് എന്നതും പരമ്പരയെ മറ്റ് പരമ്പരയില്‍ നിന്നും വ്യത്യസ്‍തമാക്കുന്നു.

പരമ്പരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും, താരങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ വലിയ സപ്പോര്‍ട്ടാണ് കിട്ടുന്നത്. കൂടാതെ ഓരോരുത്തര്‍ക്കും വ്യത്യസ്‍തമായ നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍മീഡിയയിലുണ്ട്. നമ്മുടെ വീട്ടിലെ ഓരോരുത്തരുമായി പരമ്പരയിലെ പലര്‍ക്കും ബന്ധമുണ്ട് എന്നതാണ് ആരാധകര്‍ക്ക് പരമ്പരയോട് ഇത്രമാത്രം അടുപ്പം തോന്നുന്നതിനുള്ള മറ്റൊരു കാരണം. അതുകൊണ്ടുതന്നെയാണ് 'സാന്ത്വനം' വീട്ടിലെ ഏറ്റവും ഇളയവനും, അല്പം കുസൃതിയും, കുറച്ച് മണ്ടത്തരങ്ങളുമെല്ലാമുള്ള കണ്ണനെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാകാനുള്ള കാരണം. 'കണ്ണനായി' പരമ്പരയിലെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ് (Achu sughand). യുവതികളുടെ വലിയൊരു സപ്പോര്‍ട്ട് കണ്ണന് സോഷ്യല്‍മീഡിയയില്‍ എല്ലായിടത്തുമുണ്ട്. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് കൂടാതെ അച്ചു സുഗന്ധ് യൂട്യൂബിലും സജീവമാണ്. സെറ്റില്‍ നിന്നുമുള്ള വിശേഷങ്ങളുമായി ചെയ്യാറുള്ള അച്ചുവിന്റെ മിക്ക വീഡിയോകളും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.


അച്ചു സുഗന്ധ് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്. 'കുഞ്ഞേടത്തി (പരമ്പരയില്‍ കണ്ണന്റെ ഏട്ടന്റെ ഭാര്യയാണ് അഞ്ജലി, ശരിക്കുള്ള പേര് ഗോപിക അനില്‍[gopika anil]) സൂപ്പര്‍ വുമണായ കഥ' എന്ന ക്യാപ്ഷനോടെയാണ് അച്ചു സുഗന്ധ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'സാന്ത്വനം' ലൊക്കേഷനിലെ ബ്രേക്ക് ടൈം തമാശ എന്നാണ് വീഡിയോയെപ്പറ്റി അച്ചു പറയുന്നത്. 'മിന്നല്‍ മുരളി' (Minnal Murali) എന്ന സൂപ്പര്‍ഹീറോ മൂവി സൂപ്പര്‍ഹിറ്റ് ആയതോടെ അഞ്ജലിയെവച്ച് ഒരു സൂപ്പര്‍വുമണ്‍ ക്യാരക്ടര്‍ ചെയ്യിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടാനുള്ള പദ്ധതിയാണ് അച്ചു സുഗന്ധിനുള്ളത്. അതിനായി തന്റെ മനസ്സിലുള്ള കഥയെ അഭിനേത്രിയായ സൂപ്പര്‍ വുമണ്‍ അഞ്ജലിക്ക് പറഞ്ഞുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അച്ചു സുഗന്ധിന്റെ രസകരമായ കഥപറച്ചിലും, അതിലേറെ രസകരമായുള്ള അഞ്ജലിയുടെ കഥ കേട്ടിരിപ്പും. ഇടയ്ക്കിടെ വന്നുള്ള ശിവന്റെ (പരമ്പരയിലെ അഞ്ജലിയുടെ ഭര്‍ത്താവ് ശിവന്‍, ശരിക്കുള്ള പേര് സജിന്‍ [sajin]) മനോഹരമായ ശല്യം ചെയ്യലുമെല്ലാം വീഡിയോ കളറാക്കി മാറ്റുന്നുണ്ട്.

'കറന്റ് അമ്മിണി'യെന്ന സുപ്പര്‍ വുമണ്‍ കഥ ചുരുക്കത്തില്‍

'അഞ്ജലി' അമ്പത് വയസുള്ള ചാണകം വിറ്റ് ജീവിക്കുന്ന സ്ത്രീയാണ്. (ചാണകം എന്നത് അഞ്ജലിയുടെ നിര്‍ബന്ധപ്രകാരം മാറ്റി ആക്രി പെറുക്കുന്ന അമ്മിണിയാകുന്നുണ്ട്). അങ്ങനെ ഒരുദിവസം അമ്മിണി ആക്രി പെറുക്കി, പെറുക്കി വൈദ്യുത പോസ്റ്റിന്റെ താഴെയുള്ള എന്തോ ഒന്നില്‍ തെടുന്നു. അവിടെ നിന്നാണ് അമ്മിണിക്ക് കറന്റ് അടിക്കുന്നത്. അങ്ങനെ ബോധം വരുമ്പോള്‍ അമ്മിണി തന്റെ ശക്തി അറിയുകയാണ്. എവിടെ തൊട്ടാലും അവിടേക്ക് ഷോക്ക് അടിപ്പിക്കാന്‍ കഴിവാണ് അമ്മിണിക്ക് കിട്ടുന്നത്. അതേസമയം മറ്റൊരിടത്തും ഇങ്ങനെയുള്ള കഴിവ് ഒരു സത്രീയ്ക്ക് കിട്ടുന്നു. 'ശാന്ത' എന്ന ആ സൂപ്പര്‍ വുമണും, അമ്മിണിയെന്ന ഈ സൂപ്പര്‍ വുമണും തമ്മിലുള്ള പോരാട്ടമാണ് സിനിമ.

അച്ചുവിന്റെ ഇന്ത്യന്‍ സിനിമയെ വെല്ലുവിളിക്കുന്ന തിരക്കഥയുടെ കഥ ഇതുവരെ കണ്ടത് മൂന്നര ലക്ഷത്തോളും ആളുകളാണ്. മികച്ച കമന്റുകള്‍കൊണ്ട് ആരാധകര്‍ വീഡിയോ തരംഗമാക്കിക്കഴിഞ്ഞു. കറന്റ് അമ്മിണിക്ക് നായകനായി ശിവന്‍ തന്നെ മതിയെന്നാണ് എല്ലാവരും പറയുന്നത്. കൂടാതെ ഇങ്ങനെ വ്യത്യസ്തമായ കോളിളക്കം സൃഷ്ടിക്കുന്ന കഥകള്‍കൊണ്ട് ഇനിയും വരണമെന്നും ആരാധകര്‍ അച്ചുവിനോട് പറയുന്നുണ്ട്.

മുഴുവന്‍ വീഡിയോ കാണാം

YouTube video player