Asianet News MalayalamAsianet News Malayalam

റേറ്റിങ്ങിൽ 'കുടുംബവിളക്കി'നെ വീഴ്ത്തി 'സാന്ത്വന'ത്തിന്‍റെ കുതിപ്പ്

ചിപ്പിയും രാജീവ് പരമേശ്വറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനമാണ് കഴിഞ്ഞ ആഴ്ചയിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ട ടിവി ഷോ

Santhwanam drops Kudumbavilakku in ratings
Author
Kerala, First Published Mar 13, 2021, 9:06 PM IST

പുതിയ റേറ്റിങ് ചാർട്ടിൽ കുടുംബവിളിക്കിനെ കടത്തിവെട്ടി സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനമാണ് കഴിഞ്ഞ ആഴ്ചയിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ട ടിവി ഷോ. റേറ്റിങ് ചാർട്ട് വാണിരുന്ന കുടുംബവിളക്കിനെ കടത്തിവെട്ടിയാണ് സാന്ത്വനത്തിന്റെ നേട്ടം. കഴിഞ്ഞാഴ്ച സാന്ത്വനം രണ്ടാം സ്ഥാനത്തായിരുന്നു.

ഓൺസ്ക്രീൻ ദമ്പതികളായി ശിവനും അഞ്ജലിയും നിറഞ്ഞാടിയ എപ്പിസോഡുകൾക്കാണ് പ്രേക്ഷകർ മികച്ച പ്രതികരണം നൽകിയത്. ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞ എപ്പിസോഡുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സാന്ത്വനത്തിന് നിരവധി പുരുഷൻമാരും ആരാധകരായി ഉണ്ടെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു എന്നയിരുന്നു കഴിഞ്ഞ ദിവസം അഞ്ജലിയായി എത്തുന്ന ഗോപിക അനിൽ പറഞ്ഞത്. ഇതു തന്നെയാണ് റേറ്റിങ്ങിൽ സാന്ത്വനത്തെ മുന്നിലേക്ക് നയിച്ചതും.

നൂറിലധികം പോയിന്റുകളുടെ വ്യത്യാസത്തിലാണ് സാന്ത്വനത്തിന്റെ മുന്നേറ്റം. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന കുടുംബവിളക്ക് രണ്ടാം സ്ഥാനത്താണ്. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് പുതിയ കഥാസന്ദർഭങ്ങളിലേക്ക് കടക്കുകയാണിപ്പോൾ. പുതിയ സംരഭവും ഒറ്റയ്ക്കുള്ള നടത്തിപ്പും, വെല്ലുവിളികളുമെല്ലാം പ്രമേയമായി വരുന്നുണ്ട്. വരും ആഴ്ചകളിൽ കുടുംബവിളക്ക് റേറ്റിങ്ങിൽ മുന്നോട്ട് എത്തിക്കാൻ ഇത് സഹായിച്ചേക്കും.

നേരത്തെ നാലാം സ്ഥാനത്തായിരുന്ന മൗനരാഗവും റേറ്റിങ് മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. പാടാത്ത പൈങ്കിളിയാണ് നാലാം സ്ഥാനത്ത്. അമ്മയറിയാതെയാണ് ചാർട്ടിൽ അഞ്ചാം സ്ഥാനം നേടിയത്.

Follow Us:
Download App:
  • android
  • ios