വിവാഹമോചനവും ജീവനാംശവും സംബന്ധിച്ച് സൽമാൻ ഖാൻ നടത്തിയ പരാമർശം വിവാദമായി. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ പങ്കെടുത്തപ്പോഴാണ് സൽമാൻ ഈ പരാമർശം നടത്തിയത്.
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ വിവാഹമോചനവും ജീവനാംശവും സംബന്ധിച്ച് നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ജൂണ്‍ 21ന് നെറ്റ്ഫ്‌ലിക്സില്‍ സ്ട്രീം ചെയ്യാനിരിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ മൂന്നാം സീസണിന്‍റെ ആദ്യ എപ്പിസോഡിന്‍റെ പുറത്തുവിട്ട പ്രമോയിലാണ് സല്‍മാന്റെ വിവാദ പരാമര്‍ശം.
"ഇന്നത്തെ കാലത്ത്, ഒരു ചെറിയ തെറ്റിദ്ധാരണ മതി, വിവാഹമോചനം നടക്കും. അതോടെ, വിവാഹമോചനം കഴിഞ്ഞാല്‍, അവര്‍ (സ്ത്രീക്ക്) നിന്റെ പകുതി പണവും എടുത്തുകൊണ്ട് പോകും" എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
ചിലര്‍ സല്‍മാന്റെ തമാശ സത്യമെന്ന് വാദിക്കുമ്പോള്‍, മറ്റുചിലര്‍ ഇത് ലിംഗനീതിയെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശിച്ചു. "സല്‍മാന്‍ ഖാന്‍ വെറുതെ തമാശ പറഞ്ഞതാണ്, പക്ഷേ ഇത് യാഥാര്‍ത്ഥ്യത്തിന്റെ ഒരു വശം ചൂണ്ടികാണിക്കുന്നു" എന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. മറ്റൊരു വിഭാഗം ആളുകള്‍, ഈ പരാമര്‍ശം സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും. ജീവനാംശം എന്നത് സാമ്പത്തിക സുരക്ഷയ്ക്കായുള്ള ഒരു നിയമപരമായ അവകാശമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ ഈ എപ്പിസോഡ് ജൂണ്‍ 21 മുതല്‍ നെറ്റ്ഫ്‌ലിക്സില്‍ ലഭ്യമാകും. സല്‍മാന്‍ ഖാന്റെ ഈ പരാമര്‍ശം, ഷോയുടെ പ്രീമിയര്‍ എപ്പിസോഡിന് മുമ്പ് തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുന്നതിനാല്‍. ഇത് ഇത്തവണത്തെ കപില്‍ ഷോ സീസണില്‍ ആളെക്കൂട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സല്‍മാന്‍ തമാശ പറഞ്ഞതാണെങ്കിലും അത് വളരെ ചൂടേറിയ ഒരു വിഷയം ആയതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും.


