25 വയസുകാരൻ പയ്യന്റെ ക്ലാസ് അംഗീകരിക്കാനുള്ള ഫ്ലിന്റോഫിന്റെ മടിയായിരുന്നു അന്ന് ഡർബനില്‍ എല്ലാത്തിന്റേയും തുടക്കമായത്. പിന്നീട് യുവരാജ് സിങ് എന്ന താരത്തിന്റെ അസാധ്യ ഹിറ്റിങ് ആയിരുന്നു കണ്ടത്
18 വര്‍ഷം പിന്നിലേക്ക് ചിന്ത പാഞ്ഞാല്‍, ആ ബുധനാഴ്ച, ഡര്‍ബനിലെ സായഹ്നം. 17-ാം ഓവറില്‍ തന്റെ രണ്ട് മികച്ച പന്തുകള്‍ ഹീറോ ഹോണ്ട സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റില്‍ നിന്ന് പോയിന്റിലേക്കും ഡീപ് സ്ക്വയര്‍ ലെഗിലേക്കും പതിച്ചപ്പോള്‍ ആൻഡ്രു ഫ്ലിന്റോഫെന്ന ഇംഗ്ലണ്ട് താരത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്. 25 വയസുകാരൻ പയ്യന്റെ ക്ലാസ് അംഗീകരിക്കാനുള്ള ഒരുതരം മടിയായിരുന്നു അയാളില്‍ അന്ന് കണ്ടത്. തന്റെ പന്തുകളെ നിശബ്ദനാക്കിയവനോട് നാവുകൊണ്ട് കൊമ്പുകോര്‍ക്കുകയായിരുന്നു ഫ്ലിന്റോഫ്. അതായിരുന്നു തുടക്കം. ഇംഗ്ലണ്ടിന്റെ കരിനീലക്കുപ്പായത്തിലേക്ക് യുവരാജ് സിങ്ങ് തീമഴയായി പെയ്തിറങ്ങിയ ദിവസം.
ഫ്ലിന്റോഫിന്റെ പ്രകോപനം
അതെന്തോ ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്, യുവരാജ് സിങ്ങിന്റെ കണ്ണിലേക്ക് നോക്കി പിന്നിലേക്ക് നടന്ന് ഫ്ലിന്റോഫ് പറഞ്ഞുവെച്ചു. ഫ്ലിന്റോഫിന്റെ ഉദ്ദേശം യുവിയുടെ ആത്മവീര്യം കെടുത്തുക എന്നതായിരുന്നു. എന്താണ് പറഞ്ഞതെന്ന് ആരാഞ്ഞ യുവരാജിന് ലഭിച്ച മറുപടി ഞാൻ നിന്റെ കഴുത്തറുക്കുമെന്നായിരുന്നു. യുവരാജ് ഫ്ലിന്റോഫിന് നേര്‍ക്ക് ബാറ്റ് ചൂണ്ടുകയാണ്. നീ എന്റെ കയ്യിലിരിക്കുന്ന ബാറ്റ് കണ്ടോ, ഇത് വെച്ച് ഞാൻ നിന്നെ എവിടെയാണ് പ്രഹരിക്കാൻ പോകുന്നതെന്ന് അറിയാമോ? യുവരാജ് വാക്കുകള്‍ അവസാനിപ്പിച്ചു. ആത്മവീര്യം കെടുത്താൻ ഒരുങ്ങിയ ഫ്ലിന്റോഫിന് ആ ബുധനാഴ്ച ദുഖവെള്ളിയാവുകയായിരുന്നു.
19-ാം ഓവറില്‍ പന്തെടുത്ത് സ്റ്റുവർട്ട് ബ്രോഡ്. ഫ്ലിന്റോഫ് കൊളുത്തിയ തീയില്‍ യുവരാജ് ആളിപ്പടരാനൊരുങ്ങുകയായിരുന്നു. വെള്ളപ്പന്തില്‍ തന്ത്രമോതിയെത്തിയ ബ്രോഡിനെ കാത്തിരുന്ന വിധി ചാരമാകാനും. ബ്രോഡെറിഞ്ഞ ആദ്യ പന്ത് നിക്ഷേപിക്കപ്പെട്ടത് ഗ്രൗണ്ടിന് പുറത്തായിരുന്നു. 111 മീറ്ററായിരുന്നു ടൂര്‍ണമെന്റിലെ ദൂരമെറിയ സിക്സര്‍, പക്ഷേ അതിനപ്പുറം കടന്നിരുന്നു യുവരാജിന്റെ ആദ്യ അടി. ഒരു അനക്കം പോലുമില്ലാതെ ക്രീസിലുറച്ചു നിന്നു യുവരാജ്. രണ്ടാം പന്ത് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലേക്കൊരു ഫ്ലിക്ക്. സിക്‌സ് മോര്‍.
വലിയ സ്ക്രീനില്‍ ഫ്ലിന്റോഫിന്റെ മുഖം തെളിയുകയാണ്. അയാള്‍ ഒരു ചെറുപുഞ്ചിരിയോടെ തല കുലുക്കി. പറഞ്ഞ വാക്കുകള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കാൻ പോന്നതായിരുന്നു വരും നിമിഷങ്ങള്‍. ബ്രോഡിന്റെ മൂന്നാം പന്ത് ക്രീസിലിരുന്ന് ലോങ് ഓഫിലേക്ക് തൂക്കിയെറിഞ്ഞു യുവരാജ്. മൂന്നാം സിക്സര്‍, ഇതിനോടകം തന്നെ ഗ്യാലറിയിലും ഇന്ത്യയുടെ ഡഗൗട്ടിലും അതൊരു അത്ഭുത നിമിഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അബ്സല്യൂട്ട് കാര്‍ണേജ് എന്നായിരുന്നു കമന്ററി ബോക്സില്‍ ഇരുന്ന രവിശാസ്ത്രി പറഞ്ഞത്. മൂന്ന് സിക്സറുകള്‍ 21 വയസുകാരൻ ബ്രോഡിന്റെ അടിമുടി തകര്‍ത്തുവെന്ന് പറയാം.
നാലാം പന്ത് വൈഡ് ഫുള്‍ ടോസ്, ബാക്ക്‌വേഡ് പോയിന്റിലൂടെ നിലം തൊടാതെ ബൗണ്ടറി റോപ്പ് കടന്നു പന്ത്. ബൗണ്ടരിക്കരികില്‍ നിന്ന് നായകൻ പോള്‍ കോളിങ്‍വുഡ് ബ്രോഡിനരികിലെത്താൻ അധികസമയമെടുത്തില്ല. കോളിങ്‌വുഡും ബ്രോഡും ചേര്‍ന്ന് ഫീല്‍ഡില്‍ മാറ്റം വരുത്തി. പക്ഷേ, യുവിയുടെ ബാറ്റിനെ പിടിച്ചുകെട്ടാനുള്ള ബലമില്ലായിരുന്നു തന്ത്രത്തിന്, മുഖത്ത് കൈവെച്ച് നിരാശ ലോകത്തോട് വിളിച്ച് പറയാൻ മാത്രമായിരുന്നു ബ്രോഡിനും കോളിങ്‌വുഡിനും കഴിഞ്ഞത്. ഹെര്‍ഷല്‍ ഗിബ്‌സിന്റെ ബാറ്റില്‍ നിന്ന് 2007 ലോകകപ്പില്‍ കണ്ട് അത്ഭുതം ആവര്‍ത്തിക്കുമോയെന്ന ആകാംഷയായിരുന്നു രവി ശാസ്ത്രിക്കപ്പോള്‍.
ബ്രോഡിന്റെ ശരീരഭാഷ തോല്‍വി സമ്മതിച്ച ഒരു യോദ്ധാവിന്റെതായിരുന്നു, മറുപക്ഷത്ത് എതിരാളികളെ കാത്തിരിക്കുന്ന കരുത്തനായി യുവരാജ്. മിഡ് ഓണിന് മുകളിലൂടെ കറുത്ത ആകാശത്തിന് കീഴിലൂടെ ആറാം പന്തും ഗ്യാലറിയില്‍ തന്നെ. 12 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച് യുവരാജ്. ശേഷം മറുവശത്ത് എത്തി ധോണിക്കൊരു പഞ്ച് നല്‍കി. പന്തെറിഞ്ഞ് തിരിച്ചെത്തിയ ബ്രോഡിന് അമ്പയര്‍ സൈമണ്‍ ടോഫല്‍ നല്‍കിയ മുഖഭാവമായിരുന്നു ഇംഗ്ലണ്ട് ആരാധകര്‍ക്കുമുണ്ടായിരുന്നത്. ഇനിയായിരുന്നു ആ സിനിമാറ്റിക്ക് മൊമന്റ്. യുവരാജ് ഫ്ലിന്റോഫിനെയൊന്ന് നോക്കി, പിന്നാലെ ദിമിത്രി മസ്ക്കരാനസിനേയും.
മറ്റൊരു പകരം വീട്ടല്‍
ആഴ്ചകള്‍ക്ക് മുൻപായിരുന്നു ഒവലില്‍ നടന്ന ഏകദിന പരമ്പരയില്‍ യുവരാജ് എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്സറുകള്‍ മസ്കരാനസ് തുടര്‍ച്ചയായി പായിച്ചത്. ഡര്‍ബനില്‍ മസ്ക്കരാനസിന്റെ മുഖത്തും ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. യുവരാജിന്റെ ഇന്നിങ്സിന് ഫ്ലിന്റോഫ് തന്നെ അവസാനം കുറിച്ചെങ്കിലും മത്സരം 18 റണ്‍സിന് ഇന്ത്യ ജയിച്ചു. 218 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 200ല്‍ വീണു ഇംഗ്ലണ്ട്.
മത്സരശേഷമായിരുന്നു ആ അസുലഭ നിമിഷം സംഭവിച്ചത്. ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡ് യുവരാജിനെ തേടിയെത്തി. തന്റെ മകന്റെ കരിയര്‍ ഇല്ലാതാക്കാൻ പോന്ന ആ ഓവറിനേക്കുറിച്ച് ക്രിസ് യുവരാജിനോട് സംസാരിച്ചു. ബ്രോഡിന് ഇന്ത്യൻ ജഴ്സിയില്‍ ഒരു കുറിപ്പ് എഴുതി നല്‍കി യുവി. ഞാൻ ഒരു ഓവറില്‍ അഞ്ച് സിക്സ് വഴങ്ങിയിട്ടുണ്ട്, എനിക്കറിയാം നിങ്ങളുടെ ഫീലിങ്സ്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവിക്ക് ആശംസകള്‍. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായി ബ്രോഡ് മാറുന്നതിനായിരുന്നു.


