ക്രിക്കറ്റില്‍ തന്റെ പീക്ക് പെര്‍ഫോമൻസ് കൊണ്ടുവന്ന പൊസിഷനില്‍ നിന്ന് മാറിയിറങ്ങിയും തിരിച്ചുകയറിയുമൊക്കെ മികവ് പുലര്‍ത്തുക അത്ര എളുപ്പമല്ല. സഞ്ജു സാംസണ്‍ അത് തനിക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ഏഷ്യ കപ്പില്‍

ഏത് റോളും ഇവിടെ പോകും, ഈ ഏഷ്യ കപ്പിലെ പ്രകടനം സഞ്ജു സാംസണിന്റെ ഒരു സ്റ്റേറ്റ്മെന്റായിരുന്നു. എന്തൊക്കെ പരീക്ഷണങ്ങളിലേക്ക് വലിച്ചെറിഞ്ഞാലും താൻ കയറിവരുമെന്ന് ബാറ്റുകൊണ്ട് പറഞ്ഞുവെച്ച ടൂര്‍ണമെന്റ്. അയാളുടെ വീഴ്ചകാണാനും, പകരക്കാരെ എത്തിക്കാനും തുനിഞ്ഞവര്‍ക്കുള്ള മറുപടി. മോഹൻലാലിന് വില്ലനായും നായകനായും ജോക്കറായും നിമിഷനേരംകൊണ്ട് സ്ക്രീനില്‍ അത്ഭുതം തീര്‍ക്കാനായേക്കും. പക്ഷേ, ക്രിക്കറ്റില്‍ തന്റെ പീക്ക് പെര്‍ഫോമൻസ് കൊണ്ടുവന്ന പൊസിഷനില്‍ നിന്ന് മാറിയിറങ്ങിയും തിരിച്ചുകയറിയുമൊക്കെ മികവ് പുലര്‍ത്തുക അത്ര എളുപ്പമല്ല. സ‌ഞ്ജു സാംസണായി ഇരിക്കുക എന്നതുപോലെ തന്നെ...

ബാറ്റിങ് ലൈനപ്പില്‍ മൂന്നിലും അഞ്ചിലും പരീക്ഷിച്ചു, രണ്ടിലും വിജയം. തന്റെ അന്തകനെന്ന് വിധിയെഴുതപ്പെട്ട വനിന്ദു ഹസരങ്ക ടേണുള്ള വിക്കറ്റില്‍ മുന്നിലെത്തിയപ്പോള്‍ മറുപടി കൊടുത്തത് ഗ്യാലറിയില്‍ പന്തെത്തിച്ചായിരുന്നു. ഫൈനലില്‍ നിര്‍ണായകമായ ഇന്നിങ്സ്, ആടിയുലഞ്ഞ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാൻ കളമൊരുക്കി. ഏഷ്യ കപ്പില്‍ നാല് ഇന്നിങ്സുകളില്‍ 33 ശരാശരിയില്‍ 132 റണ്‍സ്. ഏഴ് ഫോറും ഏഴ് സിക്സറുകളും. ഈ ഒരൊറ്റ ടൂർണമെന്റോടെ ട്വന്റി 20 ടീമിലേക്ക് തന്റേതായൊരു കസേര വലിച്ചിട്ടിരിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും. കാരണം, ബാറ്റുകൊണ്ട് മാത്രമല്ല, വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ ചടുലത കണ്ടു, ആറ് ഡിസ്മിസലുകള്‍, ടൂർണമെന്റില്‍ ഏറ്റവും കൂടുതല്‍.

ശുഭ്മാൻ ഗില്ലിന്റെ ഉപനായകനായുള്ള വരവായിരുന്നു ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന താരമായിട്ടും സഞ്ജുവിന് പടികളിറങ്ങേണ്ടി വന്നത്. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് കേവലം 21 ശരാശരിയില്‍ 127 റണ്‍സ് മാത്രം നേടിയ ഗില്ലിന്റെ തന്റെ നിലവാരത്തിന് അടുത്തെത്താൻ പോലും കഴിഞ്ഞിരുന്നില്ല. മറുവശത്ത് സഞ്ജു തനിക്ക് ലഭിച്ച നാല് അവസരങ്ങളില്‍ മൂന്നിലും മികവിനൊത്ത് ഉയര്‍ന്നു. ടൂർണമെന്റില്‍ ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ, വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും, വേഗതകുറഞ്ഞ വിക്കറ്റില്‍, പ്രതികൂലകാലവസ്ഥയില്‍ അർദ്ധ സെഞ്ച്വറി. 45 പന്തില്‍ 56 റണ്‍സ്, മൂന്ന് വീതം ഫോറും സിക്സും, ടോപ് സ്കോററും കളിയിലെ താരവുമായി കളം വിട്ടു.

എന്നാല്‍, പാക്കിസ്ഥാനെതിരായ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തില്‍ കിതച്ചു. 17 പന്തില്‍ 13 റണ്‍സ്. ദുബായിലെ സ്ലൊ വിക്കറ്റിലൊരു സ്ക്രാച്ചി ഇന്നിങ്സ്. ബംഗ്ലാദേശിനെതിരെ പരീക്ഷണങ്ങളുട നിര നീണ്ടപ്പോള്‍ കാണിയുടെ റോള്‍. ഫൈനലുറപ്പിച്ചെങ്കിലും സഞ്ജുവിന്റെ ഏറെ തെളിയിക്കാനുള്ള മത്സരമായിരുന്നു ശ്രീലങ്കയ്ക്ക് എതിരായത്. പ്രത്യേകിച്ചും ട്വന്റി 20 കരിയറില്‍ സഞ്ജുവിന് ഏറ്റവും മോശം റെക്കോര്‍ഡുള്ള ടീമാണ് ലങ്ക. 14 മാത്രമാണ് 10 ഇന്നിങ്സുകളില്‍ നിന്നുള്ള ശരാശരി. അതിന്റെ കാരണങ്ങളിലൊന്ന് വനിന്ദു ഹസരങ്ക തന്നെയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിലും അല്ലാതെയുമായി ഏഷ്യ കപ്പിന് മുന്നോടിയായി മുഖാമുഖം വന്ന എട്ട് കളികളില്‍ ആറിലും സഞ്ജുവിനെ പുറത്താക്കാൻ വലം കയ്യൻ ലെഗ് സ്പിന്നർക്കായിട്ടുണ്ട്. എന്നാല്‍, ഏഷ്യ കപ്പില്‍ സഞ്ജു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്യുകയായിരുന്നു. നേരിട്ട ആദ്യ പന്തുതന്നെ ഗൂഗ്ലിയായിരുന്നു, പക്ഷേ സഞ്ജു അത് പുള്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തി. രണ്ട് പടുകൂറ്റൻ സിക്സറുകളും പിന്നാലെ. അന്ന് ഹസരങ്ക എറിഞ്ഞ 11 പന്തുകളില്‍ നിന്ന് മാത്രം 24 റണ്‍സ്, 218 സ്ട്രൈക്ക് റേറ്റില്‍. ഇതിന് മുൻപ് ഹസരങ്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ബൗണ്ടറി പോലും നേടാനായിട്ടില്ല, ഐപിഎല്ലില്‍ ഉള്‍പ്പെടെ എടുത്താല്‍പ്പോലും സ്ട്രൈക്ക് റേറ്റ് 120ന് താഴെയായിരുന്നു.

ഇവിടെയാണ് സഞ്ജുവിന്റെ ഉയിര്‍പ്പ്, ശ്രീലങ്കയ്ക്കെതിരെ 23 പന്തില്‍ 39 റണ്‍സ്. മധ്യഓവറുകളിലെ ഇന്ത്യയുടെ കിതപ്പ് തിലകിനൊപ്പം ചേര്‍ന്ന് അവസാനിപ്പിച്ച് കുതിപ്പിന് തുടക്കമിട്ടു. ഇനി ഫൈനല്‍ രാവ്. അഞ്ചാമനായി സഞ്ജു ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ സ്കോ‍ര്‍ നാല് ഓവറില്‍ 20-3. തോല്‍വി മുന്നില്‍. പക്ഷേ, തിലകിനൊപ്പം ഒരിക്കല്‍ക്കൂടി സഞ്ജു ടീമിന്റെ വിശ്വാസം അഞ്ചാം നമ്പറില്‍ കാത്തു. ഷഹീൻ അഫ്രിദിക്കെതിരെ ബൗണ്ടറി നേടിത്തുടങ്ങിയ ഇന്നിങ്സില്‍ ഹാരിസ് റൗഫും സയിം അയുബും ഫോറും സിക്സും ഏറ്റുവാങ്ങി ആ ബാറ്റില്‍ നിന്ന്.

ഒടുവില്‍ തിലകുമായി 57 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയ്ക്ക് അടിത്തറ പാകി മടങ്ങുമ്പോള്‍ സഞ്ജുവിന്റെ പേരില്‍ 21 പന്തില്‍ 24 റണ്‍സ്. സ്കോര്‍ബോര്‍ഡ് മാത്രം കണ്ടവര്‍ക്ക് ഈ ഇന്നിങ്സിന്റെ വലുപ്പം ചെറുതായിരിക്കാം. എന്നാല്‍, പാക്കിസ്ഥാനെതിരായ ഹൈ പ്രഷര്‍ മാച്ചില്‍ ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ തകര്‍ന്നടിയുന്ന സാഹചര്യത്തിലുണ്ടായ ഈ ഇന്നിങ്സ് മറ്റ് വിജയിശില്‍പ്പികളോളം തന്നെ കയ്യടി അര്‍ഹിക്കുന്ന ഒന്നാണ്. അര്‍ദ്ധ സെഞ്ച്വറിക്കൊപ്പം വലിപ്പമുള്ള 24 റണ്‍സ്. നായകൻ സൂര്യകുമാ‍ര്‍ യാദവ്, ഉപനായകൻ ശുഭ്മാൻ ഗില്‍, ഹാര്‍ദിക്ക് പാണ്ഡ്യ തുടങ്ങിയ പ്രമുഖരെല്ലാം വീണിടത്തായിരുന്നു സഞ്ജുവിന്റെ ഏഷ്യ കപ്പിലെ പ്രകടനം. ഇനി അനീതിയുടെ വാതിലുകള്‍ ഒൻപതാം നമ്പര്‍ ജഴ്‌സിക്ക് മുന്നില്‍ തുറക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കാം.