ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്കെത്താൻ പാസാകേണ്ട പ്രധാന പരീക്ഷയാണ് ഐപിഎല്‍. കഴിഞ്ഞ സീസണില്‍ ആ പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ ബാറ്ററാണ് സായ്
ഏഷ്യ കപ്പ് നിലനിര്‍ത്താൻ ഇന്ത്യ ഇറങ്ങുമ്പോള്‍ നീലക്കുപ്പായത്തിലേക്ക് പുതിയ ചില എൻട്രികള്‍ ഉണ്ടാകുമെന്നാണ് സൂചനകളും ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റിപ്പോര്‍ട്ടുകളും. അതിലൊന്ന് ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ ഗില്ലാണ്. താരത്തിന് പുറമെ യശസ്വി ജയ്സ്വാളും സായ് സുദര്‍ശനും റിപ്പോർട്ടുകളിലുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളും സ്ഥിരതയും സായിയെ തുണയ്ക്കുമോ എന്നതാണ് ആകാംഷ. ഇനിയിപ്പോള്‍ അന്തിമ പട്ടികയില്‍ ഇടം നേടിയാലും സായിയുടെ സാധ്യതകള്‍ എത്രത്തോളമായിരിക്കും? പരിശോധിക്കാം.
ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്കെത്താൻ പാസാകേണ്ട പ്രധാന പരീക്ഷയാണ് ഐപിഎല്‍. കഴിഞ്ഞ സീസണില്‍ ആ പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ ബാറ്ററാണ് സായ്, അതും ഓറഞ്ച് ക്യാപോടെ. 15 മത്സരങ്ങളില്‍ നിന്ന് 759 റണ്‍സ്. ആറ് അർദ്ധ സെഞ്ച്വറികളും ഒരു ശതകവും. 156.17 സ്ട്രൈക്ക് റേറ്റിലും 54.21 ശരാശരിയിലുമാണ് സായ് സീസണില്‍ ബാറ്റ് വീശിയതും. 88 ബൗണ്ടറികളും 21 സിക്സും സായ് നേടി. സീസണില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയതും സായിയായിരുന്നു.
സായിയുടെ ഐപിഎല്‍ കരിയര്‍ തന്നെ പരിശോധിക്കാം. 2022-ലാണ് സായ് ഗുജറാത്ത് ടൈറ്റൻസിനായി അരങ്ങേറുന്നത്. ഇതുവരെ കളിച്ചത് നാല് സീസണുകളാണ്. ഓരോ സീസണിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ സായിയെന്ന ബാറ്ററുടെ ട്വന്റി 20യിലെ വളര്‍ച്ച വ്യക്തമായി കാണാനാകും. ആദ്യ സീസണില്‍ കളിച്ചത് അഞ്ച് മത്സരങ്ങള്‍ മാത്രമാണ്, നേടിയത് 145 റണ്‍സ്. ശരാശരി 36.25. സ്ട്രൈക്ക് റേറ്റ് 127.
രണ്ടാം സീസണില്‍ കളിച്ചത് കേവലം എട്ട് മത്സരങ്ങള്‍. 51.72 ശരാശരിയില്‍ 362 റണ്‍സ്. റണ്‍സിലേയും ശരാശരിയിലേയും വര്‍ധന മാത്രമായിരുന്നില്ല ഇവിടെ സംഭവിച്ചത്. സ്ട്രൈക്ക് റേറ്റ് 127ല്‍ നിന്ന് 141ലേക്ക് ഉയര്‍ത്താനും ഇടം കയ്യൻ ബാറ്റര്‍ക്ക് സാധിച്ചു. സായിയൊരു ട്വന്റി 20 പ്രൊഡക്റ്റല്ല എന്നും ടെസ്റ്റ്, ഏകദിന ശൈലികള്‍ക്കാണ് താരം അനുയോജ്യനെന്നുമുള്ള വിധിയെഴുത്തുകളും തിരുത്തപ്പെടാൻ തുടങ്ങുകയായിരുന്നു ഇവിടെ.
ഓപ്പണിങ് സ്ഥാനത്തേക്ക് ലഭിച്ച അവസരം പൂര്‍ണമായും സായ് വിനിയോഗിക്കുന്നതിനായിരുന്നു 2024 സാക്ഷിയായത്. ഗുജറാത്തിനായി ലീഗിലെ എല്ലാ മത്സരങ്ങളും കളിച്ച സായ് 12 കളികളില്‍ നിന്ന് 527 റണ്‍സ് നേടി. സ്ട്രൈക്ക് റേറ്റ് 141ല്‍ തന്നെ തുടര്‍ന്നു. 2025ല്‍ എത്തിയപ്പോഴേക്കും സായ് എന്ന ബാറ്റര്‍ ആക്രമണ ശൈലികൊണ്ടായിരുന്നില്ല മറിച്ച് ക്ലാസിക്ക് സമീപനത്തിലൂടെയായിരുന്നു സ്ട്രൈക്ക് റേറ്റ് 156 എന്ന മികച്ച സംഖ്യയിലേക്ക് എത്തിച്ചത്.
കേവലം നാല് സീസണുകള്‍ക്കൊണ്ട് സായിയുടെ സ്ട്രൈക്ക് റേറ്റ് 127ല്‍ നിന്നും 156ലേക്ക് എത്തുകയായിരുന്നു. ഈ കണക്കുകളെല്ലാം ട്വന്റി 20യിലേക്ക് സായിയെ അടുപ്പിക്കുന്നത് തന്നെയാണ്. കുട്ടിക്രിക്കറ്റിലെ സായിയുടെ വളര്‍ച്ച സംഭവിച്ചതെല്ലാം ടോപ് ഓര്‍ഡറിലായിരുന്നു. പ്രത്യേകിച്ചും ഓപ്പണിങ് സ്ഥാനത്തും മൂന്നാം നമ്പറിലും. ഇവിടെയാണ് സായിക്ക് മുന്നിലെ വെല്ലുവിളിയും നിലനില്‍ക്കുന്നത്.
2024ല്‍ ഹരാരയിലായിരുന്നു സായിയുടെ ട്വന്റി 20 അരങ്ങേറ്റം സംഭവിച്ചത്. അന്ന് ബാറ്റ് ചെയ്യാൻ സായിക്ക് അവസരവും ലഭിച്ചിരുന്നില്ല. പിന്നീട് ഒരു ഘട്ടത്തിലും സായിയുടെ പേര് ട്വന്റി 20 ടീമുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടതുമില്ല. എന്നാല്‍, ഇപ്പോള്‍ സായിയുടെ കണക്കുകളെ അവഗണിക്കാൻ കഴിയാത്ത സാഹചര്യമാണ് സെലക്ടര്‍മാര്‍ക്കുള്ളത്. പക്ഷേ സായിയെ എവിടെ ഉള്‍പ്പെടുത്തും എന്നതും വലിയൊരു ആശയക്കുഴപ്പമായി നിലനില്‍ക്കുകയാണ്.
ട്വന്റി 20യില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ്. ഈ നിരയിലേക്ക് ശുഭ്മാൻ ഗില്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നാല്‍വരില്‍ ആരെങ്കിലും ലോവര്‍ ഓര്‍ഡറിലേക്ക് ഇറങ്ങുകയൊ ഡഗൗട്ടില്‍ ഇരുന്ന് തൃപ്തിപ്പെടുകയോ ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യത്തിനും ഇവിടെ സാധ്യതയില്ല.
കാരണം, അഭിഷേക് ശര്‍മ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററാണ്. സൂര്യകുമാര്‍ നായകനും തിലക് വര്‍മ അന്താരാഷ്ട്ര ട്വന്റി 20യില്‍ മികച്ച റെക്കോര്‍ഡുള്ള താരവും. സഞ്ജു സാംസണിന് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആനുകൂല്യമുണ്ട്. പ്രത്യേകിച്ചും റിഷഭ് പന്ത് പരുക്കിന്റെ പിടിയില്‍ നിന്ന് മുക്തമാകാത്ത പശ്ചാത്തലത്തില്‍. ഗില്‍ ടീമിലെത്തിയാല്‍പ്പോലും മേല്‍പ്പറഞ്ഞവരുടെ ടീമിലെ സ്ഥാനത്തിന് കോട്ടം തട്ടുമോയെന്നതും സംശയമാണ്. ഇതിനെല്ലാം പുറമെ ശ്രേയസ് അയ്യരും ജയ്സ്വാളും ഉള്‍പ്പെടെയുള്ളവരും സാധ്യതകളിലുണ്ട്.
ഇവിടേക്ക് സായിക്ക് എൻട്രി ലഭിക്കാനുള്ള സാധ്യതയും വിരളമാകുന്നു. അല്ലെങ്കില്‍ പരീക്ഷണാര്‍ത്ഥം സായിക്ക് അവസരം നല്‍കേണ്ടി വരും. അതും ഒരു സ്ഥിരതയാര്‍ന്ന അവസരമാകാനും സാധ്യത കുറവാണ്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സായിക്ക് ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമായിരുന്നു സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും സമീപഭാവിയില്‍ സായിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം, എന്നാല്‍ ട്വന്റി 20യില്‍ പല മുതിര്‍ന്ന താരങ്ങളെ മറികടക്കണം കസേര ഉറപ്പിക്കാൻ.


