ട്വന്റി 20യില്‍ അക്സര്‍ നേടുന്ന എട്ടാമത്തെ മാൻ ഓഫ് ദ മാച്ചായിരുന്നു ഓസ്ട്രേലിയക്കെതിരെ. മുന്നിലിനി സൂര്യകുമാറും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മാത്രം
അക്സര്‍ പട്ടേലിന്റെ മൂല്യം അളക്കാനാകുന്നതാണോ? റണ്‍സിന്റേയും വിക്കറ്റിന്റേയും കോളങ്ങളില്‍ വലിയ നമ്പറുകള്‍ പേരിനൊപ്പം ഉണ്ടാകില്ല. എറിയുന്ന ഓവറുകളും നേരിടുന്ന പന്തുകളുടേയും എണ്ണവും കുറവായിരിക്കും. പക്ഷേ, അക്സറിന്റെ കൈകളില്‍ ബാറ്റും പന്തുമിരിക്കുന്ന ആ സമയം, ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുന്ന ഒരു മൊമന്റെങ്കിലും അവിടെ ജനിക്കും. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവർത്തി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങുന്ന ലോകോത്തര സ്പിൻ നിര. ഹാർദിക്ക് പാണ്ഡ്യയും ജഡേജയും സുന്ദറുമൊക്കെ തന്നെ ഉള്‍പ്പെട്ട ഓള്‍റൗണ്ടര്‍മാര്‍, ഈ രണ്ടിടത്തും അക്സറിന് കൃത്യമായൊരു സ്പേസുണ്ട്. അത് വെറുതെയല്ലെന്ന് ഉറപ്പിക്കുകയായിരുന്നു ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20യില്‍ ആരാധകരുടെ ബാപ്പു.
വിജയ ക്യാമിയോകള്‍
ഗോള്‍ഡ് കോസ്റ്റില്‍ ആദം സാമ്പയുടെ പന്തില്‍ ജിതേഷ് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയാണ്. ശേഷം എട്ടാം നമ്പറിലാണ് അക്സര്‍ ബാറ്റ് ചെയ്യാനെത്തുന്നത്. ഇന്ത്യയുടെ സ്കോര്‍ 136-6. ബാറ്റിങ്ങിന് അത്ര അനുകൂലമാണ് വിക്കറ്റെന്ന് ഉറപ്പിക്കാനാകില്ല. ഇന്ത്യൻ സ്കോര്‍ 160 എത്തിക്കുക തന്നെ പ്രയാസമെന്ന് തോന്നിച്ചിരുന്നു. ക്രീസിലുണ്ടായിരുന്ന സുന്ദറിന് മുൻഗണന നല്‍കി ഒരു പിന്തുണക്കാരന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു ആദ്യം അക്സര്‍. നാഥാൻ എല്ലിസിന്റെ മികച്ച ദിവസം, വാഷിങ്ടണ്‍ സുന്ദര്‍ എട്ട് പന്ത് ശേഷിക്കെ മടങ്ങി. പിന്നീട്, ഇന്ത്യക്ക് പൊരുതാൻ ഒരു സ്കോര്‍ എന്ന ലക്ഷ്യമായിരുന്നു അക്സറിന് മുന്നിലുണ്ടായിരുന്നു.
സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തൊരു സ്ലൊ ഓഫ് കട്ടറായിരുന്നു, ബൗണ്ടറി. രണ്ടാം പന്ത് ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ റോപ്പ് താണ്ടി. രണ്ട് പന്തില്‍ പത്ത് റണ്‍സ്. ആ ഓവറില്‍ സ്റ്റോയിനിസിന്റെ തിരിച്ചുവരവ് കണ്ടെങ്കിലും 167ല്‍ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. 11 പന്തില്‍ 21 റണ്‍സാണ് അക്സര്‍ നേടിയത്, അവസാനം ഇന്ത്യ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്ത 31 റണ്‍സില്‍ 67 ശതമാനവും ഇടം കയ്യൻ ബാറ്ററുടെ സംഭാവന. ഇതാദ്യമായാണോ ഇങ്ങനെ അല്ല. ഇനി ബൗളിങ്ങിലേക്ക് വരാം. നാല് ഓവറില്‍ 35 റണ്‍സുമായി ചേസിങ്ങില്‍ ഓസ്ട്രേലിയ അളന്നുമുറിച്ച് ബാറ്റ് ചെയ്യുമ്പോഴാണ് സൂര്യകുമാര്‍ യാദവ് അക്സറിനെ പന്തേല്‍പ്പിക്കുന്നത്.
വരുണ്‍ ചക്രവര്‍ത്തിയേയും അര്‍ഷദീപിനേയും അനായാസം നേരിടുന്ന മാത്യു ഷോര്‍ട്ടിനെ എറിഞ്ഞ അഞ്ചാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കുന്നു. ജോഷ് ഇംഗ്ലിസും മാര്‍ഷും ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ടൊരുക്കുകയാണ്, ബുമ്രയെ അനായാസം നേരിടുന്ന ഇംഗ്ലിസ്. തന്റെ മൂന്നാം ഓവറില്‍ അക്സര്‍ ഇംഗ്ലസിന്റെ പ്രതിരോധവും മറികടന്നു, ക്ലീൻ ബൗള്‍ഡ്. നാല് ഓവറില്‍ കേവലം 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ അക്സര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. കൃത്യമായ കണക്കുകൂട്ടലുകള്‍ അക്സര്‍ നടത്തിയിരുന്നു, ഓസീസ് ബാറ്റര്‍മാരെ പഠിച്ചിരുന്നു.
തന്ത്രം മെനഞ്ഞ് അക്സര്‍
ഡൗണ്‍ ദ ഗ്രൗണ്ട് ഹിറ്റിങ് എബിലിറ്റിയുള്ള ബാറ്റര്‍മാര്‍ക്കെതിരെ അക്സര്‍ പന്തെറിഞ്ഞത് 5-6 മീറ്റര്‍ ലെങ്തിലായിരുന്നു. ഷോര്‍ട്ട്, ഇംഗ്ലിസ് പോലെ നന്നായി സ്വീപ്പ് ചെയ്യുന്നവര്‍ക്കെതിരെ ഫുള്‍ ലെങ്ത് പന്തുകളുമെറിഞ്ഞു. രണ്ടും ഫലപ്രദമായിരുന്നു. ആംഗിള്‍ ക്രിയേറ്റ് ചെയ്യുന്നതിനായി സാധാരണയിലും വൈഡായി പന്ത് റിലീസ് ചെയ്തു. ഇംഗ്ലിസ് ക്രീസുവിട്ടിറങ്ങുന്നത് മനസിലാക്കിയാണ് ലെങ്ത് പിന്നോട്ടാക്കിയതും ഓസീസ് താരത്തിന്റെ ജഡ്മെന്റിനെ തകര്‍ത്തതും. എറിഞ്ഞ പന്തുകളില്‍ ഭൂരിഭാഗവും സ്റ്റമ്പ് ലൈനിലായിരുന്നുവെന്നത് റണ്ണൊഴുക്ക് തടയുന്നതിനെ സഹായിക്കുകയായിരുന്നു. 12 ഡോട്ട് ബോളുകളാണ് അക്സര്‍ എറിഞ്ഞത്, ഇന്ത്യൻ ബൗളിങ് നിരയില്‍ ഏറ്റവുമധികം.
തന്റെ ആദ്യ സ്പെല്ലില്‍ അക്സര്‍ നേടിയ വിക്കറ്റുകളും റണ്‍സ് തടഞ്ഞതുമാണ് ഓസ്ട്രേലിയൻ ബാറ്റര്‍മാരുടെ മറ്റ് വിക്കറ്റുകള്‍ക്ക് കാരണമായത്. പ്രത്യേകിച്ചം ദുബയെ ഉള്‍പ്പെടെ അറ്റാക്ക് ചെയ്യാൻ അവര്‍ തിരഞ്ഞെടുത്തതും ഈ സമ്മര്‍ദത്തിന് മേലായിരുന്നു, അത് ഇന്ത്യക്ക് അനുകൂലമായും സംഭവിച്ചു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് മുതല്‍ തന്നെ അക്സര്‍ ലിമിറ്റഡ് ഓവറിലെ നിര്‍ണായക ഓള്‍റൗണ്ട് സാന്നിധ്യമാണ്. ജഡേജയുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാൻ കഴിയുന്ന തലത്തിലേക്ക ഉയരുകയും ചെയ്യുന്നു. എട്ടാം നമ്പറിലെ അക്സറിന്റെ സാന്നിധ്യം ബാറ്റിങ് നിരയ്ക്ക നല്‍കുന്ന ഡെപ്തും ചെറുതല്ല. മധ്യനിരയിലും പിൻനിരയിലുമായി അക്സര്‍ നല്‍കുന്ന ചെറിയ സംഭാവനകള്‍ പോലും അവസാനം നിര്‍ണായകമാകുന്നത് പതിവ് കാഴ്ചയാകുന്നുണ്ട്, ഏഷ്യ കപ്പിലുള്‍പ്പെടെ അതും വ്യക്തമായി.
ട്വന്റി 20യില്‍ അക്സര്‍ നേടുന്ന എട്ടാമത്തെ മാൻ ഓഫ് ദ മാച്ചായിരുന്നു ഓസ്ട്രേലിയക്കെതിരെ. മുന്നിലിനി സൂര്യകുമാറും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മാത്രം.


