പരിചയസമ്പത്തിന്റെ കുറവും പരിവര്‍ത്തനഘട്ടവും തുടങ്ങിയുള്ള ന്യായീകരണങ്ങള്‍ നിരത്താനാകും. ഇത് ഗൗതം ഗംഭീർ എന്ന പരിശീലികന് അത് സാധ്യമാകുക  വിദേശപര്യടനമാണെങ്കില്‍ മാത്രമാണ്

ഞങ്ങള്‍ എന്താണോ ആവശ്യപ്പെട്ടത്, അത് കൃത്യമായി ലഭിച്ചു. ഈഡൻ ഗാര്‍ഡൻസിലെ പിച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് ശേഷം ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ വാക്കുകളാണിത്. ഗംഭീറിന് കീഴിലെ ഒൻപതാം ടെസ്റ്റ് തോല്‍വി. എന്ത് പറഞ്ഞ് ന്യായികരിക്കാനാകും നഷ്ടപ്പെടുന്ന ഹോം ഡൊമിൻസിനെ. പരിവ‍‍ര്‍ത്തനഘട്ടം, പരിചയസമ്പത്തില്ലാത്ത യുവനിര‍, ബാറ്റിങ് നിരയുടെ പോരായ്മ, അതോ പരീക്ഷണങ്ങള്‍ നടത്തി ടീമിനെ ബലിയാടാക്കുന്ന ഗംഭീറിന്റെ സ്വന്തം തീരുമാനങ്ങളോ.

ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട പിച്ച് നല്‍കാൻ ഈഡൻ ഗാര്‍ഡൻസിലെ പിച്ച് ക്യുറേറ്റൻ സുജൻ മുഖര്‍ജിക്ക് കഴിഞ്ഞു. നാല് ദിവസം നനയ്ക്കാതിരുന്ന വിക്കറ്റില്‍ ഒന്നാം ദിനം തന്നെ പന്ത് അപ്രതീക്ഷതമായി തുടങ്ങിയിരുന്നു, വിള്ളലുകളും രൂപപ്പെട്ടിരുന്നു. ഗംഭീര്‍ ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് വാക്കുകളില്‍ വ്യക്തമാണ്, എന്നാല്‍ ഇന്ത്യൻ ടീമിലെ ബാറ്റര്‍മാ‍ര്‍ ഇതനുസരിച്ചുള്ള തയാറെടുപ്പുകള്‍ എടുത്തിരുന്നോയെന്നതാണ് ചോദ്യം. ഈഡനിലെ സ്കോര്‍ബോര്‍ഡിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഉത്തരം തെളിയും.

40 റണ്‍സിന് മുകളില്‍ രണ്ട് ഇന്നിങ്സുകളിലുമായി സ്കോര്‍ ചെയ്ത ഒരു ഇന്ത്യൻ ബാറ്ററെ പോലും കാണാനാകില്ല. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി കടന്ന ഏക ബാറ്റര്‍ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബാവുമ മാത്രമായിരുന്നു. സ്പിന്നിനനുകൂലമായി വിക്കറ്റൊരുക്കി ജയം കൊയ്യുന്ന ഇന്ത്യയുടെ ശൈലി ദീ‍ര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. പക്ഷേ, എതിര്‍ നിരയിലെ ക്വാളിറ്റി സ്പിന്നര്‍മാരുടെ എണ്ണം കുറവായിരുന്നു, മറുവശത്ത് സ്പിന്നിനെ നേരിടുന്നതില്‍ പ്രതിഭാശാലികളായ ബാറ്റര്‍മാര്‍ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിലുമുണ്ടായിരുന്നു.

പരിചയസമ്പത്തിന്റെ കുറവും പരിവര്‍ത്തനഘട്ടവും തുടങ്ങിയുള്ള ന്യായീകരണങ്ങള്‍ നിരത്താനാകും, അതൊരു വിദേശപര്യടനമാണെങ്കില്‍. ദ്രുവ് ജൂറല്‍, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ ഒഴികെ എല്ലാ താരങ്ങളും ഇരുപതിലധികം ടെസ്റ്റുകള്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ളതാണ്. ഹോം ടെസ്റ്റ് സീരീസിന് അന്താരാഷ്ട്ര പരിചയത്തിന്റെ കണക്കുകള്‍ എടുക്കേണ്ടതില്ല. ആഭ്യന്തരക്രിക്കറ്റില്‍ മികച്ച റെക്കോ‍ര്‍ഡില്ലാത്ത ഒരു ഇന്ത്യൻ താരത്തെപ്പോലും ഈ നിരയില്‍ കാണാൻ കഴിയില്ല. ഭാവിഭദ്രമെന്ന് വിധിയെഴുതപ്പെട്ടവരാണ് ഓപ്പണര്‍മാര്‍ മുതല്‍ 11-ാം നമ്പര്‍ വരെയുള്ളവ‍ര്‍.

ഇത്തരം വിക്കറ്റുകളില്‍ ആവശ്യമായിരുന്നത് ഷോട്ട് സെലക്ഷനിലേയും പന്തിന്റെ മൂവ്മെന്റിലേയും കൃത്യമായ കണക്കുകൂലുകള്‍, ആക്രമണത്തിലും പ്രതിരോധത്തിലും ആവശ്യമായ വിവേകം തുടങ്ങിയവയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ശക്തിയറിഞ്ഞ് കളിക്കണം, ആക്രമണശൈലിയുള്ളവര്‍ അത് തുടരണം, പ്രതിരോധം തീര്‍ക്കുന്നവര്‍ അതിലൂന്നണം, ഇതിനിടയില്‍ നില്‍ക്കാനായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ ശ്രമിച്ചതും, വീണതും. വിക്കറ്റിലെ ഭൂതത്തെ കണ്ട് ഭയന്ന് മടങ്ങുന്നതുപോലെ.

യശസ്വി ജയ്സ്വാള്‍, ദ്രുവ് ജൂറല്‍, റിഷഭ് എന്നിവരുടെ ഷോട്ട് സെലക്ഷനുകള്‍. രവീന്ദ്ര ജഡേജ രണ്ട് ഇന്നിങ്സിലും വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ബാറ്റ് പാഡിന് പിന്നിലായിരുന്നു. സ്ട്രെയിറ്റ് ബോളുകളാണ് വാഷിങ്ടണ്‍ സുന്ദറിന്റെ ചെറുത്തുനില്‍പ്പ് രണ്ട് ഇന്നിങ്സിലും അവസാനിപ്പിച്ചത്. എറര്‍ ഓഫ് ജഡ്ജ്മെന്റ്. ഓള്‍ റൗണ്ടര്‍മാര്‍ക്കും ആറ്റാക്കിങ് ശൈലിയുള്ള ബാറ്റര്‍മാര്‍ക്കും ഇടം നല്‍കുമ്പോള്‍ നഷ്ടമാകുന്നത് പ്രോപ്പര്‍ ഡിഫൻസീവ് ടെക്ക്‌നിക്കുള്ള, ചെറുത്തുനില്‍പ്പിനുള്ള മനസാന്നിധ്യമുള്ള ബാറ്റര്‍മാരെയാണ്. ഇംഗ്ലണ്ട് പര്യടനത്തിലേത് ബാലൻസ്‌ഡായ വിക്കറ്റുകളായിരുന്നു, വിൻഡീസ് ഇന്ത്യക്ക് മുന്നില്‍ തുല്യരായ എതിരാളികളുമായിരുന്നില്ല.

ഇന്ത്യൻ ബാറ്റിങ് നിരയെടുത്താല്‍ ഒരു സോളിഡ് ഡിഫൻസീവ് പ്ലെയറായി കെ എല്‍ രാഹുലിനെ മാത്രമായിരിക്കാം ഒരുപക്ഷേ പരിഗണിക്കാനാകുക. ജയ്സ്വാള്‍, ഗില്‍, പന്ത്, ജൂറല്‍ തുടങ്ങിയവരുടെയൊന്നും തനതുശൈലി പ്രതിരോധമല്ലെന്ന് കരിയറുകള്‍ വ്യക്തമാക്കുന്നു. മധ്യനിരയില്‍ ഒരു ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി ശൈലി പിന്തുടരുന്നവരുണ്ടായിരുന്നെങ്കില്‍ 30 റണ്‍സ് അകലം മാത്രമുള്ള തോല്‍വിയെ മറികടക്കാനാകുമായിരുന്നു. ഗംഭീറിന് കീഴില്‍ മൂന്നാം നമ്പറില്‍ തന്നെ എത്ര പരീക്ഷണങ്ങളായി.

ഓസ്ട്രേലിയയില്‍ ഗില്‍, ദേവദത്ത് പടിക്കല്‍, ഇംഗ്ലണ്ടില്‍ കരുണ്‍ നായകര്‍, സായ് സുദര്‍ശൻ, വിൻഡീസിനെതിരെയും സായ്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാഷിങ്ടണ്‍ സുന്ദര്‍. ഇതില്‍ ഒരുതാരത്തിന് പോലും ലോങ് റണ്‍ കൊടുക്കാൻ ഗംഭീറിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ഡൊമിനേറ്റ് ചെയ്തിരുന്ന രവി ശാസ്ത്രി - വിരാട് കോഹ്ലി കാലത്തോ, അല്ലെങ്കില്‍ രോഹിത് ശര്‍മ - രാഹുല്‍ ദ്രാവിഡ് കാലഘട്ടത്തിലും ടെസ്റ്റ് ടീമില്‍ ഇത്തരം നിരന്തര പരീക്ഷണങ്ങളുണ്ടായിരുന്നില്ല. ഏത് സാഹചര്യത്തേയും അതിജീവിക്കാൻ കഴിയുന്ന നിരയെയായിരുന്നു ഇരുസംഘങ്ങള്‍ക്ക് കീഴിലും കണ്ടത്. എന്നാല്‍, ഇതെല്ലാം തകിടം മറിയുന്നതായാണ് കഴിഞ്ഞ ന്യൂസിലൻഡ് പരമ്പര മുതല്‍ കാണുന്നത്.

2011 മുതല്‍ 2023 വരെ ഹോം സീരീസുകളില്‍ ഇന്ത്യ ആകെ തോല്‍വി അറിഞ്ഞത് അഞ്ച് തവണയായിരുന്നു. എന്നാല്‍, 2024ന് ശേഷം ഇതിനോടകം തന്നെ ഇന്ത്യ അഞ്ച് പരാജയം രുചിച്ചു. ന്യൂസിലൻഡ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതായിരുന്നു ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സാധ്യതകള്‍ പോയ സൈക്കിളില്‍ ഇല്ലാതാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വി ഇന്ത്യയെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എടുത്തറിയപ്പെട്ടു. ഗുവാഹത്തിയില്‍ ഒരുങ്ങുന്ന വിക്കറ്റും ഇത്തരത്തിലൊന്നാണെങ്കില്‍ ടെസ്റ്റ് മേസ് സ്വന്തമാക്കാനുള്ള യാത്ര എളുപ്പമാകില്ല.