ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ സാധ്യതകള് എത്രത്തോളമാണ്
മൂന്ന് വര്ഷം, അവസാന അവസരത്തില് സെഞ്ചുറി നേടി കളിയിലെ താരമായൊരാള് ടീമിലേക്ക് മടങ്ങിയെത്താൻ ഇത്രനാള് കാത്തിരിക്കണോ. വേണ്ടി വരും, കാരണം ഇത് ഇന്ത്യൻ ടീമാണ്, ആ താരത്തിന്റെ പേര് സഞ്ജു സാംസണ് എന്നും. നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജുവിന്റെ പേര് ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം ഒരിക്കില്ക്കൂടി ഉയര്ന്ന് കേള്ക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ സാധ്യതകള് എത്രത്തോളമാണ്.
ഏകദിനത്തില് വിക്കറ്റിന് പിന്നില് കെ എല് രാഹുലും ടി20യില് സഞ്ജുവും നിലയുറപ്പിച്ചതോടെ റിഷഭ് പന്തിന്റെ വൈറ്റ് ബോള് കരിയര് തിരിച്ചുപിടിക്കാനാകുന്നതിലും ദൂരത്തിലായിക്കഴിഞ്ഞു. രണ്ട് ഫോര്മാറ്റിലും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതാകട്ടെ ഇഷാൻ കിഷനെയും. ഈ സാഹചര്യത്തിലെങ്ങനെ സഞ്ജു ഏകദിനത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ചോദ്യം.
അഞ്ച് വീതം ടി20, ഏകദിന മത്സരങ്ങളാണ് ന്യൂസിലൻഡ് പര്യടനത്തിലുള്ളത്, ശേഷം രണ്ട് ടെസ്റ്റും. ഒക്ബോര് 22ന് ആരംഭിക്കുന്ന പര്യടനം അവസാനിക്കുന്നത് നവംബര് 27നും. എന്നാല്, ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ദിവസത്തെ ഇടവേള മാത്രമാണ് ടെസ്റ്റിലേക്കുള്ളത്. ഈ സാഹചര്യത്തില് നാല്, അഞ്ച് ഏകദിനങ്ങളില് ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള പ്രധാന താരങ്ങള്ക്ക് വിശ്രമം അനുവദിച്ചേക്കും. പെട്ടെന്നുള്ള ഫോര്മാറ്റ് സ്വിച്ച് പ്രകടനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാല് സന്നാഹ മത്സരങ്ങളുടെ ഭാഗമാകുന്നതിനാണിത്.
വിക്കറ്റ് കീപ്പറായ കെ എല് രാഹുലും നായകൻ ശുഭ്മാൻ ഗില്ലുമാണ് സന്നാഹ മത്സരങ്ങള്ക്കായി ടീം വിടാൻ സാധ്യതയുള്ള ബാറ്റര്മാര്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുക എന്ന വലിയ വെല്ലുവിളി നിലനില്ക്കുന്ന പശ്ചാത്തലത്തില്ക്കൂടിയായിരിക്കും ഈ തീരുമാനം. ഇങ്ങനെ സംഭവിക്കുകയാണെങ്കില് ഗില്ലിന്റെ അഭാവത്തില് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക. ഗില്ലിന് പകരം യശസ്വി ജയ്സ്വാള് ഓപ്പണറായി എത്തും, എന്നാല് ഇവിടെ രാഹുലിന് പകരക്കാരനെ കണ്ടത്തേണ്ടതുണ്ട്.
ന്യൂസിലൻഡിനെതിരായ ടി20 ടീമില് സഞ്ജുവും ഇഷാനും ഭാഗമായതിനാല് മറ്റ് ഓപ്ഷനുകള് തിരയേണ്ടതില്ല. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സഞ്ജുവിനേക്കാള് ഇഷാനായിരിക്കും മുൻഗണന ലഭിക്കുക. കാരണം, താരത്തിന്റെ ഫോം തന്നെയാണ്. മറ്റൊന്ന് ഇടം കയ്യൻ ബാറ്ററെന്ന ആനുകൂല്യം. ജയ്സ്വാള് അല്ലാതെ ബാറ്റിങ് ഓര്ഡറില് മറ്റൊരു ലെഫ്റ്റ് ഹാൻഡര് ബാറ്റില്ല ഇന്ന് ഇന്ത്യക്ക്. ലോകകപ്പ് പദ്ധിതകളില് ഇഷാന്റെ പേര് ദീര്ഘകാലമായി ഉയര്ന്ന് കേള്ക്കുന്നുണ്ട്, കഴിഞ്ഞ രണ്ട് വര്ഷത്തോളമായുള്ള അസാധാരണ സ്ഥിരത തന്നെയാണ് അടിസ്ഥാനം.
എന്നാല് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ട് ഏകദിനങ്ങളിലും ഇഷാന് തിളങ്ങാൻ കഴിയാതെ പോയിരുന്നു. സ്ഥാനമുറപ്പിക്കാനുള്ള ഒരു അവസരം കൂടിയാകും ന്യൂസിലൻഡ് പര്യടനം. മറുവശത്ത് സഞ്ജുവിന്റെ കാര്യം വ്യത്യസ്തമാണ്. ടോപ് ഫോര് പൊസിഷനുകളില് സഞ്ജുവിന് അവസരമുണ്ടാകില്ല. ജയ്സ്വാള്, രോഹിത് ശര്മ, വിരാട് കോലി, ശ്രേയസ് അയ്യര് എന്നിങ്ങനെയായിരിക്കും ഇന്ത്യയുടെ ടോപ് ഫോര്. അഞ്ചാമനായി റുതുരാജ് ഗെയ്ക്വാദും.
ഗെയ്ക്വാദിന് വിശ്രമം അനുവദിക്കേണ്ടി വരികയാണെങ്കില് സഞ്ജുവിന് അന്തിമ ഇലവനിലേക്ക് വഴിയൊരുങ്ങിയേക്കും. ടി20യില് കണ്സിസ്റ്റൻസിയുടെ പേരില് നിരന്തരം വിമര്ശനങ്ങള്ക്ക് വിധേയമാകുന്ന സഞ്ജുവിന്റെ ഏകദിനത്തിലെ സ്റ്റാറ്റ്സ് തീര്ത്തും വ്യത്യസ്തമാണ്, ഇംപ്രസീവാണ്. 14 ഇന്നിങ്സുകളില് നിന്ന് 510 റണ്സ്, ശരാശരി 56 ആണ്, സ്ട്രൈക്ക് റേറ്റ് 99.61. മൂന്ന് അര്ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും.
സഞ്ജുവിന് മുൻതൂക്കം നല്കുന്ന ഘടകങ്ങള്ക്കൂടി ഇവിടെയുണ്ട്. അത് വിദേശ വിക്കറ്റുകളിലെ പ്രകടനമാണ്. നാല് ഫിഫ്റ്റി പ്ലസ് സ്കോറുകളില് മൂന്നും വിദേശത്താണ് സഞ്ജു നേടിയത്. സെഞ്ചുറിയാകട്ടെ ദക്ഷിണാഫ്രിക്കയിലും. 2027 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയില് സഞ്ജുവിന്റെ ശരാശരി 60 ആണ്. ദക്ഷിണാഫ്രിക്കയില് മൂന്ന് ഏകദിനങ്ങളാണ് സഞ്ജു കളിച്ചത്, രണ്ട് ഇന്നിങ്സില് നിന്ന് 120 റണ്സാണ് നേട്ടം. ലോകകപ്പിലെ മറ്റൊരു അതിഥേയ രാജ്യമായ സിംബാബ്വയില് 58 ആണ് ശരാശരി.
എന്നാല് ന്യൂസിലൻഡില് ഇഷാനും സഞ്ജുവിനും ഏകദിനത്തില് എക്സ്പീരിയൻസ് ഇല്ല. ടി20 പരമ്പര അതുകൊണ്ട് നിര്ണായകമാകും. സഞ്ജു ഏകദിന ടീമിന്റെ ഭാഗമാകുകയാണെങ്കില് ടി20 സീരീസിലെ മികച്ച പ്രകടനം അന്തിമ ഇലവനിലേക്കും എത്തിക്കും.


