സ്പെയിനിലെ മൈതാനങ്ങളില്‍ ആത്മാവിനെപ്പോലെ അപ്രത്യക്ഷനായി നടന്ന റോസി, വാതുവെപ്പിന്റെ മുറിവുകള്‍പ്പേറി അപമാനത്തിന്റെ ഭാരവുമായി എത്തിയ റോസി, ബെര്‍ണബ്യൂവില്‍ അയാള്‍ പന്തുകൊണ്ട് ലോകത്തെ തിരുത്തി
ഇറ്റലിയുടെ ഫുട്ബോള്‍ ആകാശം ഇരുണ്ടുതുടങ്ങിയ കാലം, 1980. റ്റൊറ്റോനേറൊ, ദ മാച്ച് ഫിക്സിങ് സ്കാൻഡല്‍. അസൂറികളുടെ മൈതാനങ്ങളില്‍ ഒഴുകിനടന്ന ആ തുകല്‍പ്പന്തിന് അന്നൊക്കെ വല്ലാത്തൊരു ഭാരമുണ്ടായിരുന്നു, കളിയുടെ മനോഹാരിത അന്ന് അപമാനത്തിന്റെ ശ്വാസമായിരുന്നു ചുമന്നതുപോലും. അവിടെ ഒരാള്‍, പൗലൊ റോസി, അയാളുടെ ബൂട്ടുകളിലേക്കും ആ പാപ്പക്കറ പടര്‍ന്നുകയറി, നീക്കം ചെയ്യാൻ ആകാത്തവിധം.
ഗ്യാലറിയുടെ കാതടപ്പിക്കുന്ന ഇരമ്പലുകളില്‍ നിന്നും മൈതാനങ്ങളില്‍ നിന്നും ഫുട്ബോളിന്റെ താളത്തില്‍ നിന്നും അയാള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു, ഏതൊരു കുറ്റവാളിയൊടെന്നപോലെ ലോകം അയാള്‍ക്ക് മുന്നിലും തിരിഞ്ഞുനിന്നു. ഒരോ നിമിഷവും അനിശ്ചിതത്വവും അപമാനവും വേട്ടയാടിയ രണ്ട് വര്‍ഷം, ഇറ്റാലിയൻ ഫുട്ബോളിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാൻ എത്തിയവനെ രാജ്യദ്രോഹിയെന്ന് കാലം ചാപ്പകുത്തി. അയാളുടെ ഗോള്‍ദാഹത്തെ ആഘോഷിച്ച മാധ്യമങ്ങള്‍ അയാളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്തു...
ഇവിടെയാണ് തുടങ്ങുന്നത്, മൈതാനത്ത് നിന്ന് തന്റെ കളിജീവിതത്തെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ ആ പാപ്പക്കറ സ്വര്‍ണംകൊണ്ടയാള്‍ കഴുകിക്കളഞ്ഞ അധ്യായം...The summer Rossi outran death and entered myth, The greatest comeback ever in football history.
1982, സ്പെയിൻ.
റേഡിയോയില്‍ നിന്ന് ടെലിവിഷൻ സ്ക്രീനുകളിലേക്ക് ഏറെക്കുറെ പൂർണമായും ഫുട്ബോള്‍ പരിണാമം നേടിയെടുത്ത കാലം. സ്പാനിഷ് മണ്ണിലേക്ക് ലോകം ചുരുങ്ങുകയായിരുന്നു. പക്ഷേ, ഇറ്റാലിയൻ ഫുട്ബോള്‍ ശാന്തമായിരുന്നില്ല, കലുഷിതമായിരുന്നു. കാരണം ഒരുപേര് മാത്രം, പൗലൊ റോസി. ഒരുരാജ്യം മുഴുവൻ പൗലൊ റോസിയെന്ന പേരിനോട് മുഖം തിരഞ്ഞുനിന്നപ്പോള്‍ ഒരാള്‍ മാത്രം അയാളെ വിശ്വസിച്ചു, ഇറ്റാലിയുടെ മുഖ്യപരിശീലകൻ, എൻസൊ ബയര്‍സോട്ട്.
റോസിയുടെ ശരീരഭാഷയും മനസുമൊന്നും ഒരു ലോകകപ്പിന് തയാറെടുത്തതായിരുന്നില്ല. പക്ഷേ, അയാളുടെ അസാധ്യമായ ഡ്രിബിളിങ് പാഠവം, ബോക്സിനുള്ളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാനുള്ള മികവ്, ഡിസീസിവ് മൊമന്റുകള്‍ ഗോളാക്കി മാറ്റാനുള്ള വൈഭവം, ഒരുതരം ഗോള്‍ദാഹം...ഇതെല്ലാം ബയര്‍സോട്ടിനെ റോസിയിലേക്ക് നയിക്കുകയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ബയര്‍സോട്ട് എന്ന മധ്യവയസ്ക്കന്റെ ചൂതാട്ടമായിരുന്നു 1982ല്‍ റോസിക്ക് ഇറ്റാലിയൻ കുപ്പായം നല്‍കാനുള്ള തീരുമാനംപോലും...
പക്ഷേ, ആദ്യ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ ആ ചൂതാട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയ രണ്ട് പേര്‍, ബയര്‍സോട്ടും റോസിയും. കാമറൂണും പെറുവും പോളണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒരുജയംപോലും ഇറ്റലിക്കുണ്ടായില്ല, മൂന്ന് സമനിലകള്‍, ഗോള്‍ വ്യത്യാസത്തില്‍ മാത്രമൊരു മുന്നേറ്റം സാധ്യമായി. മൈതാനത്ത് അലഞ്ഞുതിരഞ്ഞുനടന്നിരുന്ന ഒരു ആത്മാവ്, അതായിരുന്നു റോസി. ആ രണ്ട് വര്‍ഷത്തെ ഇരുട്ടില്‍ നിന്ന് റോസിക്ക് മോക്ഷം ലഭിച്ചിരുന്നില്ല അപ്പോഴും...
രണ്ടാം ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഡിയൊഗൊ മറഡോണയുടെ അര്‍ജന്റീന. ഒപ്പം ബ്രസീല്‍, സീക്കോയും സോക്രട്ടീസും ഫാല്‍ക്കോവയും അണിനിരന്ന ബ്രസീല്‍, ചരിത്രത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ ടീമുകളിലൊന്ന്. അക്ഷരാര്‍ത്ഥത്തില്‍ ഗ്രൂപ്പ് ഓഫ് ഡെത്ത്. അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പിലെ ആദ്യ ജയം ഇറ്റലി സ്വന്തമാക്കുമ്പോള്‍ റോസിയുടെ കാലുകള്‍ നിദ്രവെടിഞ്ഞിരുന്നില്ല...സെമി ഫൈനലിലേക്ക് കടക്കണമെങ്കില്‍ ബ്രസീലിനെ കീഴടക്കണം...
ബാഴ്സലോണയിലെ സരിയ സ്റ്റേഡിയം. മുള്‍ക്കിരീടം അഴിച്ചുവെച്ച് അയാള്‍ ഉയര്‍ത്തെഴുന്നേറ്റ നാലാം മിനുറ്റ്. അന്റോണിയൊ കാബ്രിനിയുടെ ക്രോസില്‍, ബോക്സിനുള്ളിലേക്ക് പറന്നെത്തി റോസി തലവെച്ചു, വാള്‍ഡിര്‍ പെരേസിന്റെ കരങ്ങളെ താണ്ടി പന്ത് വലയില്‍. പത്ത് അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം റോസി ഗോള്‍ കണ്ടെത്തിയിരിക്കുന്നു. ഏഴ് മിനുറ്റിന് ശേഷം സോക്രട്ടീസിലൂടെ ബ്രസീലിന്റെ തിരിച്ചുവരവ്. എന്നാല്‍, ബാഴ്സലോണയുടെ ആകാശത്തിന് കീഴില്‍ റോസിയുടെ കാലുകള്‍ക്ക് അമാനുഷികത്വം കൈവരിക്കുകയായിരുന്നു...
ബ്രസീലിന്റെ അന്റോണിയൊ സെറോസുടെ പാസ് ഇന്റര്‍സെപ്റ്റ് ചെയ്ത് ബോക്സിന് പുറത്തുനിന്നൊരു ബുള്ളറ്റ് ഷോട്ട്, ഗോള്‍. ഇറ്റലിയെ ഒരിക്കല്‍ക്കൂടി റോസി മുന്നിലെത്തിച്ചു. 68-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന് ഒപ്പമെത്താൻ, ഫാല്‍ക്കോവയിലൂടെ. സമനിലകൊണ്ട് പോലും സെമിയിലേക്ക് കുതിക്കാൻ ബ്രസീലിനാകുമായിരുന്നു, പക്ഷേ റോസിയുടെ ബൂട്ടുകള്‍ ഒടുവിലാ ചൂതാട്ടത്തില്‍ വിജയിക്കുകയായിരുന്നു, 74-ാം മിനുറ്റില്‍ ബ്രസീലിന്റെ ഡിഫൻസീവ് ഏററില്‍ നിന്ന് അയാള്‍ തന്റെ ഹാട്രിക്ക് തികച്ചു.
ഡിനോ സോഫിന്റെ കരങ്ങളെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അന്ന് ആ മൈതാനം റോസിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അയാള്‍ ബ്രസീലിയൻ ജനതയെ കണ്ണീരിലാഴ്ത്തി, അത് അയാളുടെ മുറിവിന്റെ നീറ്റല്‍ ഉണക്കിയായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ബ്രസീലിയൻ ടീമുകളില്‍ ഒന്ന് എന്തുകൊണ്ട് ലോകകപ്പ് നേടിയില്ല എന്നതിന് ഒരുത്തരമേയുള്ളു, പൗലൊ റോസി. ഇറ്റാലിയൻ ഫുട്ബോളിന് മുകളില്‍ നിഴലിച്ചുനിന്ന ആ കാര്‍മേഘം റോസിയുടെ ബൂട്ടുകള്‍ തുടച്ചുമാറ്റി ആ പകല്‍...
ആ അത്ഭുതപ്പകല്‍, അങ്ങനെതന്നെ പറയാം, അത് സെമി ഫൈനലിലും ആവര്‍ത്തിച്ചു, റോസിയുടെ ഇരട്ടഗോളില്‍ പോളണ്ടിനെ ഇറ്റലി മറികടന്ന് ഫൈനലിലേക്ക്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ വെസ്റ്റ് ജര്‍മനി, കാള്‍ ഹെയിൻസിന്റെ വെസ്റ്റ് ജര്‍മനി. ഗോള്‍രഹിതമായ 57 മിനുറ്റുകള്‍ക്ക് ശേഷം ആ ഫൈനലിലെ വഴിത്തിരിവ് സംഭവിക്കുന്നതും റോസിയിലൂടെയാണ്, ബോക്സിനുള്ളിലെ റോസിയുടെ ഫിനിഷ് ഇറ്റലിയെ മുന്നിലെത്തിച്ചു, ശേഷം 25 മിനുറ്റിനിടെ രണ്ട് തവണകൂടി ഇറ്റലി ലക്ഷ്യം കണ്ടു, 3-1ന് കിരീടം, 44 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിശ്വം കീഴടക്കി ഇറ്റലി.
സ്പെയിനിലെ മൈതാനങ്ങളില്‍ ആത്മാവിനെപ്പോലെ അപ്രത്യക്ഷനായി നടന്ന റോസി, വാതുവെപ്പിന്റെ മുറിവുകള്‍പ്പേറി അപമാനത്തിന്റെ ഭാരവുമായി എത്തിയ റോസി, ബെര്‍ണബ്യൂവില്‍ അയാള്‍ പന്തുകൊണ്ട് ലോകത്തെ തിരുത്തി, ആ പാപ്പക്കറ സുവര്‍ണകിരീടംകൊണ്ട് കഴുകിക്കളഞ്ഞു, ആറ് ഗോളുകള്‍, ഗോള്‍ഡൻ ബൂട്ട്, ഗോള്‍ഡൻ ബോള്‍, ആ വര്‍ഷം ബാലൻ ദ ഓര്‍.
The summer Paolo Rossi carved his name into eternity.


