ഇന്ത്യ തിരിച്ചടി നേരിടുമ്പോഴായിരുന്നു പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ഹാർദിക്ക് പാണ്ഡ്യ ക്രീസിലേക്ക് എത്തുന്നതും ചുരുങ്ങിയ ഓവറുകള്‍ക്കൊണ്ട് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയതും

പതിവുപോലെ വളരെ കൂളായി അയാള്‍ ക്രീസിലേക്ക് എത്തുകയാണ്. അഭിഷേക് ശര്‍മ, ശുഭ്മാൻ ഗില്‍, സൂര്യകുമാ‍ര്‍ യാദവ്, തിലക് വര്‍മ നാല്‍വര്‍ സംഘം അടിയറവ് പറഞ്ഞ വിക്കറ്റാണ് അയാളെ കാത്തിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന അക്സര്‍ പട്ടേലാകട്ടെ താളം കണ്ടെത്താനാകാതെ സമ്മര്‍ദത്തിലാണ്. റണ്‍റേറ്റ് ഏഴിൽ താഴെയാണ്. പരുക്ക് മൈതാനത്ത് നിന്ന് അകറ്റി നിര്‍ത്തിയിട്ട് 73 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നിലയുറപ്പിക്കാൻ അല്‍പ്പമസമയമെടുക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.

നേരിട്ട രണ്ടാം പന്ത്, 13-ാം ഓവറാണ്. മി‍‍ഡില്‍ - ലെഗ് സ്റ്റമ്പുകളെ ലക്ഷ്യമാക്കി കേശവ് മഹരാജിന്റെ ഒരു ടോസ്ഡ് അപ്പ് ഡെലിവെറി. ബാറ്റില്‍ തൊട്ട പന്ത് പതിച്ചത് ഡീപ് മിഡ്‌വിക്കറ്റ് താണ്ടി ബരാബതി സ്റ്റേഡിയത്തിലെ കാണികള്‍ക്കിടയിലാണ്. അഭിഷേകിന്റെ വിക്കറ്റിന് ശേഷം നിശബ്ദത ശീലിച്ച ആ ഗ്യാലറി ഉണര്‍ന്നു. ഹാര്‍ദിക്ക് പാണ്ഡ്യ ഈസ് ബാക്ക്.

ഇന്ത്യൻ മുൻനിരയ്ക്ക് പിടികൊടുക്കാത്ത ടു പേസ്‌ഡായ ആ വിക്കറ്റ് എന്താണെന്ന് പൂര്‍ണബോധ്യമുള്ളതുപോലെയായിരുന്നു ഹാര്‍ദിക്കിന്റെ ബാറ്റിങ്. ഒരു പന്തിന്റെ ഇടവേളയ്ക്ക് ശേഷം ഒരിക്കല്‍ക്കൂടി മഹരാജ് ഗ്യാലറിയിലെത്തി. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു സ്ലോട്ട് ബോളായിരുന്നു. സ്റ്റാൻഡ് ആൻഡ് ഡെലിവര്‍. ഒരു നോ ലുക്ക് സിക്‌സ്. പവര്‍ ഹിറ്റിങ്ങിനായിരുന്നില്ല ഹാര്‍ദിക്ക് പ്രാധാന്യം നല്‍കിയത്, മറിച്ച് ടൈമിങ്ങിനായിരുന്നു. ആൻറിച്ച് നോര്‍ക്കെയെറിഞ്ഞ 15-ാം ഓവര്‍ തന്നെ ഉദാഹരിക്കാം.

മൂന്നാം പന്തില്‍ ഡീപ് തേഡിലേക്കൊരു കട്ട് ഷോട്ട്. ആറാം പന്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കിയായിരുന്നു എത്തിയത്. വേഗത മണിക്കൂറില്‍ 149 കിലോമീറ്റര്‍ കവിഞ്ഞിരുന്നു. ക്രീസുവിട്ടിറങ്ങിയൊരു ക്രാക്കിങ്ങ് ഷോട്ട്, മിഡ് ഓഫിലുണ്ടായിരുന്നു പ്രോട്ടിയാസ് നായകൻ എയ്‌ഡൻ മാര്‍ക്രത്തിന്റെ കൈകളുടെ വേഗതയ്ക്ക് പന്തിനെ തടുക്കാനായില്ല.17 റണ്‍സായിരുന്നു ആ ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത്, അപ്പോഴേക്കും ഇന്ത്യയുടെ റണ്‍റേറ്റ് എട്ട് കടന്നു. ക്രീസിലുറച്ച മൂന്ന് ഓവറുകൊണ്ട് കളിയെ മാറ്റി മറിച്ചു.

അക്സറും ശിവം ദുബെയും മടങ്ങിയെങ്കിലും സ്ലൊ ഡൗണ്‍ ചെയ്യാൻ ഹാര്‍ദിക്ക് തയാറായില്ല. അഭിഷേകിനേയും അക്സറിനേയും പുറത്താക്കിയ ലുതൊ സിപാംലയുടെ ഓഫ് കട്ടറുകളെ ലോങ് ഓഫിലേക്ക് തുടരെ മടക്കി. സിക്സും ഫോറും. മറ്റ് ബാറ്റര്‍മാരെ അനുസരണ പഠിപ്പിച്ചവര്‍ക്ക് ഹാ‍ര്‍ദിക്കിന്റെ ടൈമിങ്ങിനും പവറിനും ഫീല്‍ഡറിഞ്ഞുള്ള ഷോട്ട് മേക്കിങ്ങിനേയും തടുക്കാനാകുന്നുണ്ടായിരുന്നില്ല.

അവസാന ഓവറില്‍ തീതുപ്പുന്ന നോര്‍ക്കക്കെതിരെ ഒരു അപ്പര്‍ കട്ട്, ഷോട്ട് ഓഫ് ദ മാച്ച് എന്ന് തന്നെ പറയാം. ട്വന്റി 20 കരിയറിലെ 100-ാം സിക്സ് തന്നെ ഹാര്‍ദിക്കിനെ അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തിച്ചു. 25 പന്തിലായിരുന്നു നേട്ടം. മൊമന്റം ഷിഫ്റ്റ് ചെയ്ത, ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്ത ഇന്നിങ്സിന് ഗ്യാലറിയും ഡഗൗട്ടും ഒരുമിച്ച് കയ്യടിച്ചു. അജയ്യനായി ക്രീസുവിടുമ്പോള്‍ 28 പന്തില്‍ ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 210 സ്ട്രൈക്ക് റേറ്റില്‍ 59 റണ്‍സ്.

160 എങ്കിലും എത്തിയാല്‍ മാത്രമെ തങ്ങള്‍ക്ക് സാധ്യതയുള്ളെന്ന് കരുതിയ സൂര്യകുമാറിന്റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായൊരു സ്കോര്‍ സമ്മാനിച്ചു ഹാര്‍ദിക്ക്. ഇന്ത്യ 20 ഓവറില്‍ 175. റണ്‍ റേറ്റ് 8.75. അവസാന ആറ് ഓവറില്‍ ഇന്ത്യ നേടിയത് 71 റണ്‍സായിരുന്നു.

ഹാര്‍ദിക്കിന്റെ പ്രഹരം ഇവിടെ അവസാനിച്ചില്ല. ഡി കോക്കും സ്റ്റബ്‌സും നായകൻ മാര്‍ക്രവും മടങ്ങിയ പവര്‍പ്ലേക്ക് ശേഷം ഏഴാം ഓവറിലാണ് ഹാര്‍ദിക്കിനെ സൂര്യകുമാര്‍ പന്തേല്‍പ്പിക്കുന്നത്. സ്ട്രൈക്കില്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കെല്‍പ്പുള്ള സാക്ഷാല്‍ മില്ലര്‍. ഹാര്‍ദിക്ക് എറിഞ്ഞ ആദ്യ പന്ത് ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു ലെങ്ത് ബോളായിരുന്നു, വോബിള്‍ സീം. മില്ലറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച പന്ത് ഇൻസൈഡ് എഡ്‌ജില്‍ ജിതേഷ് ശര്‍മയുടെ കൈകളില്‍. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി മില്ലര്‍ പുറത്ത്. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ ഹാര്‍ദിക്ക് 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടിയാണ് കളിയിലെ താരമായത്.

കട്ടക്കിലേത് ഹാര്‍ദിക്കിന് കേവലമൊരു മത്സരമായിരുന്നില്ല. അയാളുടെ സാന്നിധ്യം ടീമിന് എത്രത്തോളം മുൻതൂക്കവും ബാലൻസും നല്‍കുമെന്നത് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. അഭിഷേക് ശര്‍മയേയും കുല്‍ദീപ് യാദവിനേയും ജസ്പ്രിത് ബുമ്രയേയുമൊക്കെ എക്‌സ് ഫാക്ടറായി കണക്കാക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ആ എക്‌സ് ഫാക്ടര്‍ ഹാര്‍ദിക്ക് ആണ് എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ശാരീരികക്ഷമത പൂര്‍ണമായി നിലനിര്‍ത്താനായാല്‍ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ട്രമ്പ് കാര്‍ഡും ഹാര്‍ദിക്ക് തന്നെയായിരിക്കും.