ട്വന്റി 20 ടീമിലേക്കുള്ള തന്റെ വരവിനെ നീതികരിക്കാൻ ശുഭ്മാൻ ഗില്ലിന് മുന്നില്‍ മറ്റൊരു അവസരം കൂടി. കഴിഞ്ഞ പരമ്പരകളിലും ടൂർണമെന്റുകളിലും തിളങ്ങാൻ ഗില്ലിനായിരുന്നില്ല

ടെസ്റ്റില്‍ അടിയറവ് പറഞ്ഞു, ഏകദിനത്തില്‍ വിരാട് കോഹ്ലിയുടേയും രോഹിത് ശർമയുടേയും റണ്‍ദാഹത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ വീഴ്ച. ഇനി ക്ലൈമാക്‌സാണ്, ട്വന്റി 20. അഞ്ച് മത്സരങ്ങള്‍. കട്ടക്ക്, മുലൻപൂർ, ധരംശാല, ലഖ്നൗ, അഹമ്മദാബാദ്. ട്വന്റി 20 ലോകകപ്പിലേക്ക് ഇനി രണ്ട് മാസത്തെ ദൂരം മാത്രം, ഓസ്ട്രേലിയെ അവരുടെ മടയില്‍ ചെന്ന് കീഴടക്കിയാണ് സൂര്യകുമാര്‍ യാദവിന്റേയും സംഘത്തിന്റേയും വരവ്. വിശ്വകിരീടപ്പോരില്‍ ആരൊക്കെ നീലക്കുപ്പായമണിയുമെന്ന് നിര്‍ണയിക്കുന്ന പരമ്പര കൂടിയായിരിക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായത്.

ട്വന്റി 20 ടീമിലേക്കുള്ള തന്റെ വരവിനെ നീതികരിക്കാൻ ശുഭ്മാൻ ഗില്ലിന് മുന്നില്‍ മറ്റൊരു അവസരം കൂടി. പരുക്കില്‍ നിന്ന് മുക്തിനേടിയെത്തുന്ന ഗില്ലിന്റെ ട്വന്റി 20യിലെ പ്രകടനം പോയ പരമ്പരകളിലും ടൂര്‍ണമെന്റുകളിലും നിരാശപകരുന്നതായിരുന്നു. ഏഷ്യ കപ്പില്‍ ഏഴ് കളികളില്‍ നിന്ന് 21 ശരാശരിയില്‍ 127 റണ്‍സ് മാത്രം. മറ്റ് ഫോര്‍മാറ്റുകളിലെ സ്ഥിരത ആവര്‍ത്തിക്കാൻ കഴിയാതെ പോകുന്നത് ഓസ്ട്രേലിയയിലും കണ്ടു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 132 റണ്‍സ്.

ട്വന്റി 20യില്‍ അഗ്രസീവ് ശൈലി പിന്തുടരുന്ന ഇന്ത്യയുടെ ഗെയിം പ്ലാനിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗില്ലിനെ ഏഷ്യ കപ്പിലും ഓസ്ട്രേലിയയിലും കാണാനായിരുന്നില്ല. ഏഷ്യ കപ്പില്‍ പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചപ്പോഴെല്ലാം എതിരാളികളും വലുപ്പച്ചെറുപ്പത്തിന് അതീതമായി വിക്കറ്റ് നഷ്ടമാകുകയായിരുന്നു, അതിനാല്‍ ഓസ്ട്രേലിയയില്‍ ശൈലി മാറ്റിയ ഗില്ലിന് സ്കോറിങ്ങ് വേഗത്തിലാക്കാനും കഴിയാതെ പോയി.

ഓപ്പണറായി നിരന്തരം തെളിയിച്ച സ‍ഞ്ജുവിന് മുകളിലെത്തിയ ഗില്ലിന് ഇതുവരെ മാനേജ്മെന്റിന്റെ തീരുമാനം ശരിവെക്കാൻ സാധിച്ചിട്ടില്ല. ഉപനായകൻ കൂടിയായ ഗില്ലിന് ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ തിളങ്ങിയെ മതിയാകു. ഉപനായകനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് നായകൻ സൂര്യകുമാര്‍ യാദവിന്റെ കാര്യവും. 2023ന് ശേഷം സൂര്യകുമാറിന്റെ ട്വന്റി 20 കരിയറില്‍ കാര്യമായ ഉദയങ്ങളൊന്നും സംഭവിച്ചിട്ടില്ല. നായകസമ്മര്‍ദം താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നോയെന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്.

സമീപകാലത്ത് ഓര്‍ത്തുവെക്കാൻ ഒരു ഇന്നിങ്സുപോലും ഇന്ത്യൻ നായകന്റെ പക്കലില്ല. 2025ല്‍ 15 ഇന്നിങ്സുകളില്‍ നിന്ന് 184 റണ്‍സ് മാത്രമാണ് സമ്പാദ്യം. ശരാശരി 15.33 ആയി ചുരുങ്ങി. സ്ട്രൈക്ക് റേറ്റ് കേവലം 127 ആണ്. ഈ വര്‍ഷം ഒരു അര്‍ദ്ധ സെഞ്ചുറിപോലും പേരിലില്ല. കഴിഞ്ഞ നാല് വര്‍ഷവും സ്ഥിരതയോടെ 150 സ്ട്രൈക്ക് റേറ്റിന് മുകളില്‍ ബാറ്റ് വീശിയിരുന്ന താരമാണ് സൂര്യയെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍, സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ സൂര്യ നല്‍കുന്നുണ്ട്. ആറ് കളികളില്‍ നിന്ന് 41 ശരാശരിയില്‍ 165 റണ്‍സ് നേടി. സ്ട്രൈക്ക് റേറ്റ് 140ലും എത്തിനില്‍ക്കുന്നു.

ഇന്ത്യയുടെ കരുത്തുറ്റ, ഹാര്‍ഡ് ഹിറ്റര്‍മാരുടെ നീണ്ട നിരയുള്ള ബാറ്റിങ് ലൈനപ്പിലെ ദുര്‍ബല കണ്ണിയായി സൂര്യകുമാര്‍ നിലനില്‍ക്കുകയാണ്. ലോകകപ്പിന് മുന്നോടിയായി റണ്‍ വരള്‍ച്ചയെ മറികടക്കേണ്ടതുണ്ട് സൂര്യക്ക്. മുന്നില്‍ ഒരുപാട് സമയമോ മത്സരങ്ങളോ ബാക്കിയില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം ജനുവരിയിൽ ന്യൂസിലൻഡാണ് എതിരാളികള്‍. പിന്നാലെ ലോകകപ്പിലേക്ക് ഇന്ത്യ കടക്കും. സൂര്യയുടെ ഫോം മറ്റെന്തിനേക്കാള്‍ പ്രധാനപ്പെട്ട ഘടകമാണ് ഇന്ത്യക്ക്.

ബാറ്റിങ് നിരയില്‍ മറ്റ് ആശങ്കകള്‍ നിലനില്‍ക്കുന്നില്ലെന്ന് പറയാം. ഇന്ത്യയുടെ വജ്രായുധമായ അഭിഷേക് ശര്‍മ അസാധാരണ ഫോം തുടരുകയാണ്. സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ആറ് കളികളില്‍ നിന്ന് 304 റണ്‍സാണ് പഞ്ചാബിനായി നേടിയത്. 249 സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ അഭിഷേക് ബാറ്റ് വീശുന്നത്. സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, ഹാ‍‍ര്‍ദിക്ക് പാണ്ഡ്യ എന്നിവരും ഫോം തുടരുകയാണ്. പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക്ക് പഞ്ചാബിനെതിരെ 42 പന്തില്‍ 77 റണ്‍സായിരുന്നു നേടിയത്. 223 റണ്‍സ് പിന്തുടര്‍ന്ന ബറോഡയെ ജയത്തിലേക്ക് നയിക്കാനും ഹാര്‍ദിക്കിനായി.

ഏകദിന പരമ്പരയിലെ ഇടവേളയ്ക്ക് ശേഷം ജസ്പ്രിത് ബുമ്ര മടങ്ങിവരുന്നതോടെ ബൗളിങ് നിര കരുത്തുറ്റതാകും. അര്‍ഷദീപ് സിങ്ങാണ് രണ്ടാം സീമര്‍, ഏകദിന പരമ്പരയില്‍ റണ്ണൊഴുകിയപ്പോള്‍ മികവ് തെളിയിച്ച ഏക ഇന്ത്യൻ പേസറാണ് അര്‍ഷദീപ്. സ്പിൻ നിരയില്‍ കുല്‍ദീപും വരുണ്‍ ചക്രവര്‍ത്തിയും മധ്യ ഓവറുകളുടെ നിയന്ത്രണം ഏറ്റെടുക്കും. പലര്‍ക്കും സ്ഥാനമുറപ്പിക്കാനും ലോകകപ്പിന് തയാറാകാനുമുള്ള അവസരമാണ് പ്രോട്ടിയാസ് പരമ്പര.