ടെസ്റ്റ് ക്രിക്കറ്റിന്റെ മെല്ലപ്പോക്കിനോട് ട്വന്റി 20 ക്രിക്കറ്റ് മല്ലിടുന്ന കാലത്തായിരുന്നു കോലിയുടെ പ്രൈം ടൈം

ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പര, ലീഡ്‌സില്‍ ബാറ്റ് ചെയ്യാൻ ഇന്ത്യ ഇറങ്ങുന്ന ദിനം. രണ്ടാം വിക്കറ്റ് വീഴുന്ന നിമിഷം. നാലാമനിറങ്ങുമ്പോള്‍ ഗ്യാലറിയില്‍ പതിവ് ആരവങ്ങളുണ്ടാകില്ല, പ്രതീക്ഷയുണ്ടാകില്ല, മറ്റൊരു സെഞ്ച്വറിയ്ക്കായുള്ള കാത്തിരിപ്പുണ്ടാകില്ല. 269-ാം നമ്പര്‍ തൊപ്പിക്ക് ഒന്നരപതിറ്റാണ്ടിന് ശേഷം കാലം വിശ്രമം അനുവദിച്ചു. തൂവെള്ളയണിഞ്ഞ് മുന്നില്‍ നടന്നവരേപ്പോലെ, സമകാലീനരെപ്പോലെ വിരാട് കോലിയുടെ പേര് ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതിഹാസത്താളുകളില്‍ ഇടംപിടിക്കുമോ, അയാളുടെ ടെസ്റ്റ് കരിയര്‍ പൂര്‍ണത കൈവരിച്ചൊ?

2008-ലാണ് വിരാട് കോലി എന്ന യങ് സെൻസേഷന് ഇന്ത്യൻ ടീമിലേക്ക് എൻട്രി ലഭിക്കുന്നത്. പിന്നീട് മൂന്ന് വർഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ടെസ്റ്റ് ക്രിക്കറ്റെന്ന പരീക്ഷണക്കയത്തിലേക്ക് ചുവടുവെക്കാൻ. മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താൻ കോലിയുടെ ടെസ്റ്റ് കരിയറിനെ മൂന്നായി തിരിച്ചു പറയേണ്ടി വരും. 2011 മുതല്‍ 2015 വരെയുള്ള ആദ്യ ഘട്ടം. 2016 മുതല്‍ 2019 വരെയുള്ള പ്രതാപം. 2020 മുതല്‍ 2025 വരെയുള്ള അപ്രതീക്ഷിത കാലം.

2011ല്‍ വെസ്‍റ്റ് ഇൻഡീസിനെതിരെ കിങ്സ്റ്റണില്‍ അരങ്ങേറ്റം, അഞ്ചാം നമ്പറില്‍. കോലിയുടെ കന്നി ഇന്നിങ്സിന്റെ ദൈര്‍ഘ്യം കേവലം 13 മിനുറ്റുകള്‍ മാത്രമായിരുന്നു. ആദ്യ പരമ്പര ശുഭകരമായിരുന്നില്ല. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 76 റണ്‍സ്. പിന്നീട് ഇന്ത്യ ആതിഥേയത്വം വഹിച്ച വിൻഡീസിനെതിരായ ടെസ്റ്റില്‍ രണ്ട് അർദ്ധ സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവ്. വിൻഡീസില്‍ കണ്ട കോലിയായിരുന്നില്ല അന്ന് വാംഖഡയില്‍, രണ്ട് ഇന്നിങ്സുകളിലുമായി 225 പന്തുകള്‍ നേരിട്ടു, 290 മിനുറ്റ് ക്രീസില്‍ നിലകൊണ്ടു.

പിന്നാലെ ബോർഡർ ഗവാസ്കർ ട്രോഫി, 22-ാം വയസില്‍ സെഞ്ച്വറി കോളത്തിലെ ആദ്യ ടിക്ക് അഡ്‌ലെയിഡില്‍. സച്ചിനും സേവാഗും ദ്രാവിഡും ലക്ഷ്മണും വീണിടത്തായിരുന്നു കോലിയുടെ സെഞ്ച്വറി. ജോഹന്നാസ്‍ബർഗിലും വില്ലിങ്ടണിലുമെല്ലാം ശതകം ആവർത്തിച്ചു. 2014 ഓസ്ട്രേലിയൻ പര്യടനം കോലിയുടെ ടെസ്റ്റ് കരിയറിന്റെ ടേക്ക് ഓഫ് തന്നെയായിരുന്നു. അഡ്‌ലെയിഡില്‍ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി, മെല്‍ബണിലും സിഡ്നിയിലും വിരാടവീര്യം. 

ആദ്യ ഘട്ടം അവസാനിക്കുമ്പോള്‍ 44 ശരാശരിയില്‍ 2994 റണ്‍സ്, 11 സെഞ്ച്വറികള്‍. ഒരു ശരാശരി ടെസ്റ്റ് ബാറ്ററിന്റേത് എന്ന ഒറ്റനോട്ടത്തില്‍ പറയാനാകുന്ന കണക്കുകള്‍. ഇവിടെ നിന്നാണ് ഇതിഹാസ കാലത്തിന്റെ തുടക്കം. കോലിയെന്ന നായകൻ, ബാറ്റർ, താരം ഇവ മൂന്നും ഒരേ അളവില്‍ ചേർന്നുവന്ന കാലമെന്ന് തന്നെ പറയാം. വിദേശ മണ്ണില്‍ സമനിലകൊണ്ടെങ്കിലും തൃപ്തിപ്പെടാൻ മൈതാനത്തേക്ക് ചുവടുവെച്ചൊരു സംഘത്തെ ജയിക്കാനായി മാത്രം പ്രേരിപ്പിച്ചവൻ. 

ടെസ്റ്റ് ക്രിക്കറ്റിന്റെ മെല്ലപ്പോക്കിനോട് ട്വന്റി 20 ക്രിക്കറ്റ് മല്ലിടുന്ന കാലമായിരുന്നു അത്. അവിടെ കോലിയെന്ന ഒറ്റപ്പേര് ജനലക്ഷങ്ങളെ ടെലിവിഷൻ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തി. കോലിപ്പട ടെസ്റ്റ് ക്രിക്കറ്റ് വെട്ടിപ്പിടിക്കുകയായിരുന്നു. ജയം ശീലമാക്കിയൊരു സംഘം, വിദേശവിക്കറ്റുകളേയും വേഗപന്തുകാരെയും ഭയപ്പെടാത്തൊരു സംഘം. ഏഴാം സ്ഥാനത്തുനിന്ന് ഇന്ത്യ ഒന്നാം നമ്പര്‍ ടീമായി. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ ലോകം കണ്ടു.

മറുവശത്ത് ബാറ്ററെന്ന തലത്തിലും കോലിയുടെ സുവര്‍ണകാലം. 2016, 2017, 2018 കലണ്ടര്‍ വര്‍ഷങ്ങളില്‍ ആയിരത്തിലധികം റണ്‍‍സ് തുടര്‍ച്ചയായി നേടി. 2019ല്‍ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറഞ്ഞില്ലായിരുന്നെങ്കില്‍ റണ്ണൊഴുക്ക് തുടരുമായിരുന്നു. നാല് വ‍ര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ശരാശരി 55ന് താഴെ വീണിട്ടില്ല. 16 സെഞ്ച്വറികള്‍, ഇതില്‍ ഏഴ് ഇരട്ടശതകങ്ങള്‍. സെന രാജ്യങ്ങളിലെല്ലാം മൂന്നക്കം കടന്നു. 43 മത്സരങ്ങളില്‍ നിന്ന് 4,208 റണ്‍സ് രണ്ടാം ഘട്ടത്തില്‍, ശരാശരി 66.79.

2019 അവസാനിക്കുമ്പോള്‍ 27 സെഞ്ച്വറികളുമായി ഫാബുലസ് ഫോറില്‍ ഒന്നാമൻ. സ്റ്റീവ് സ്മിത്താണ് തൊട്ടുപുറകില്‍ 26 ശതകം. കെയിൻ വില്യംസണ്‍ 21, ജോ റൂട്ട് 17. 2020 മുതല്‍ വിരാട് കോലിയുടെ ബാറ്റിന് എന്ത് സംഭവിച്ചുവെന്നറിയില്ല. ഫോം നഷ്ടമായി, താല്‍ക്കാലികമെന്ന് തോന്നിച്ചതിന്റെ ദൈര്‍ഘ്യം വര്‍ധിച്ചു. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് പന്തുകളില്‍ ഡ്രൈവിന് ശ്രമിച്ച് നിരന്തരം പുറത്താകുന്ന കോലി, ഫീറ്റ് മൂവ്മെന്റിന്റെ കുറവ് ചൂണ്ടിക്കാണിക്കാൻ മാത്രമായി പല ഇന്നിങ്സുകള്‍.

തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരുന്നു. എവിടെയൊക്കെയോ ഒരു കനലുപോലെ പ്രതാപകാലം നിഴലിച്ചെങ്കിലും അത് വലിയൊരി തീയായി ആളിയില്ല. 2020 മുതല്‍ 2025 വരെ 39 മത്സരം, 2028 റണ്‍സ്. മൂന്ന് സെഞ്ച്വറികള്‍ മാത്രം. അഹമ്മദാബാദും പോര്‍ട്ട് ഓഫ് സ്പെയിനും പെര്‍ത്തുമാണ് കോലിയുടെ സെഞ്ച്വറികള്‍ അവസാനം കണ്ട മൈതാനങ്ങള്‍. ഫാബുലസ് ഫോറില്‍ അയാള്‍ ഏറ്റവും പിന്നിലായി, സ്മിത്തിന്റേയും റൂട്ടിന്റേയും പേരിലിന്ന് 36 സെഞ്ച്വറികളുണ്ട്, വില്യംസണിന് 33.

നമ്പറുകള്‍ നോക്കി ഇതിഹാസങ്ങളുടെ തട്ടിലിരിക്കാൻ കോലിക്ക് സാധിക്കുമോയെന്നറിയില്ല. പക്ഷേ, കോലി എന്ന നായകൻ ടെസ്റ്റ് ക്രിക്കറ്റിന് ഇന്നേ വരെ ലഭിക്കാത്ത സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച പേസ് നിരയുണ്ടായത്, ഫിറ്റ്നസിന്റ് കാര്യത്തില്‍ ഒരു മാതൃകയുണ്ടായത്, ജയങ്ങള്‍ക്കായുള്ള ദാഹമുണ്ടായത്, എല്ലാം കോലിക്ക് കീഴിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ മരണമുനമ്പില്‍ നിന്ന് വീണ്ടെടുത്തത് 269-ാം നമ്പറുകാരനായിരുന്നു.