അർമാൻഡ് ഡുപ്ലന്റിസ് 2020ലാണ് ആദ്യമായി പോള്‍ വോള്‍ട്ട് വിഭാഗത്തില്‍ ലോക റെക്കോർഡ് മറികടക്കുന്നത്. പിന്നീട് 14 തവണ റെക്കോര്‍ഡ് തിരുത്തുന്നതിന് കായികലോകം സാക്ഷ്യം വഹിച്ചു

പോള്‍ കയ്യിലുറച്ചാല്‍ കണ്ണ് ചിമ്മില്ല. ഓരോ അടിയിലും ഏകാഗ്രത വര്‍ധിക്കും. പോള്‍ ലാൻഡ് ചെയ്യുന്ന നിമിഷം, സമയം നിശ്ചലമാകുന്നപോലെ തോന്നിക്കും. കാണികളുടെ കാതടപ്പിക്കുന്ന ശബ്ദം പതിയെ താഴും, അത് ദീര്‍ഘനിശ്വാസമായി പരിണമിക്കും. ഏറ്റവും പൂർണതയിലുള്ള ഒരു ശില്‍പ്പം പോലെയാകും ആ ശരീരം. ആ ബാറിനെ തൊട്ടുരുമി ശരീരം മറികടക്കുന്ന സമയം, കയ്യടികള്‍ക്ക് ആശ്ചര്യത്തിന്റെ ഭാഷ കൈവരും. അർമാൻഡ് ഡുപ്ലന്റിസ്, അയാളൊരു അത്ഭുതമാണ്. പോള്‍വാള്‍ട്ടില്‍ വിസ്മയം ഒരുക്കുന്ന സ്വീഡിഷുകാരൻ.

ഒരു യുക്രൈൻകാരനുണ്ടായിരുന്നു സെർജി ബുബ്‌ക. പോള്‍ വാള്‍ട്ടില്‍ 1994ല്‍ അയാളൊരു വര വരച്ചു, 6.14 മീറ്റർ. 17 തവണ തിരുത്തിയെഴുതിയാണ് ബുബ്ക ഫുള്‍ സ്റ്റോപ്പിടുന്നത്. രണ്ട് പതിറ്റാണ്ട് കടന്നു, ഫ്രഞ്ചുകാരൻ റെനൗഡ് ലാവില്ലെനി രണ്ട് സെന്റി മീറ്റർ കൂടി ബാർ ഉയര്‍ത്തിവെച്ചു. 2020ല്‍ ഡുപ്ലന്റിസ് റെക്കോര്‍ഡ് പുസ്തകത്തിലേക്ക് തന്റെ പേര് ആദ്യം എഴുതിച്ചേർത്തു. 6.17 മീറ്റർ. ടോക്കിയോയിലെ ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പില്‍ വായുവിനെ കീറി മുറിച്ച് കടക്കുമ്പോള്‍ കുറിച്ച റെക്കോർഡ് 6.30 മീറ്റർ, 14-ാം തവണ. ഇതെങ്ങനെ കഴിയുന്നു.

ഡുപ്ലന്റിസിന് മാത്രം കഴിയുന്നത്!

ഡുപ്ലന്റിസിനേയും മറ്റ് ഇതിഹാസ പോള്‍ വോള്‍ട്ട് അത്‌ലീറ്റുകളേയും വേർതിരിക്കുന്ന ചില ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വേഗതയാണ്. ആ വേഗത എങ്ങനെ ഡുപ്ലന്റിസ് കൈവരിക്കുന്നു എന്നത് അതിലേറെ പ്രധാന്യമർഹിക്കുന്നു. ടേക്ക് ഓഫിന്റെ സമയത്ത് സെക്കൻഡില്‍ 10.3 മീറ്റർ വേഗത കൈവരിക്കും വിധമാണ് സ്വീഡിഷ് താരം തന്റെ റണ്ണപ്പ് പാകപ്പെടുത്തുന്നത്. മറ്റ് അത്ലീറ്റുകള്‍ക്ക് ഇത് സെക്കൻഡില്‍ 9.4 മുതല്‍ 9.7 മീറ്റര്‍ വരെയാണ്. ഉയർന്ന് നില്‍ക്കുന്ന പോള്‍ പോള്‍ വോള്‍ട്ട് ബോക്‌സില്‍ കുത്തി ഉയരുന്നതിന് മുൻപുള്ള നിമിഷം ഡുപ്ലന്റിസിന് അസാധ്യമായ നിയന്ത്രണമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതായത് ടേക്ക് ഓഫിന് അനുയോജ്യമായ പൊസിഷനിലേക്ക് എത്താൻ ഇത് ഡുപ്ലന്റിസിനെ സഹായിക്കും.

പോള്‍ വോള്‍ട്ട് ബോക്സിന്റെ ഏറ്റവും അറ്റത്തായിരിക്കും കൂടുതല്‍ അത്ലീറ്റുകളും പോള്‍ ലാൻഡ് ചെയ്യിക്കുക. എന്നാല്‍, ഡുപ്ലന്റിസിന്റെ രീതിയിതല്ല. അതിന് കുറച്ച് മുൻപായി ലാൻഡ് ചെയ്യിക്കും. സ്ലൈഡ് ചെയ്തായിരിക്കും ഡുപ്ലന്റിസിന്റെ പോള്‍ അറ്റത്തേക്ക് എത്തുക. അവസാന സ്റ്റെപ്പുകളില്‍ വേഗത നിലനിർത്താൻ സഹായിക്കുന്ന നീക്കമാണിത്. അല്ലാത്ത പക്ഷം, ടേക്ക് ഓഫ് വളരെ പെട്ടെന്ന് സംഭവിക്കുകയും നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടേക്ക് ഓഫ് സമയത്ത് ഡുപ്ലന്റിസിന്റെ കൈകളും കാലും തമ്മിലുള്ള അകലം 20 മുതല്‍ 30 സെന്റി മീറ്റർ വരെയായിരിക്കും. ഇത് റണ്ണപ്പില്‍ ലഭിച്ച വേഗത പൂർണമായും ഉപയോഗിക്കാനും ഇതില്‍ നിന്ന് പോള്‍ തനിക്ക് അനുയോജ്യമായ രീതിയില്‍ ബെൻഡ് ചെയ്തെടുക്കാനും പ്രാപ്തമാക്കുന്നു. ഇതിന് ശേഷം പോള്‍ പൂർണമായും ബെൻഡ് ചെയ്യുന്ന സമയത്ത് പോളിന് പിന്നിലായിരിക്കും ഡുപ്ലന്റിസിന്റെ ശരീരം. പോള്‍ നേരെയാകുന്ന സമയം പോളിന്റെ അതേ ദിശയില്‍ തലകുത്തനെയാണ് ഡുപ്ലന്റിസ് തന്റെ ശരീരം പ്ലേസ് ചെയ്യുക.

ഇവിടെയാണ് ആ ഡുപ്ലന്റിസ് മൊമന്റ് സംഭവിക്കുന്നതും. ഇത്രയും നേരത്തെ പ്രോസസ് നിയന്ത്രണത്തോടെ കൃത്യമായി സംഭവിക്കുമ്പോള്‍, പോള്‍ ഗ്രിപ്പില്‍ നിന്ന് കൈ വിടുന്ന സമയം, ഉയർന്ന് പൊങ്ങാനുള്ള വെര്‍ട്ടിക്കല്‍ വെലോസിറ്റി ഡുപ്ലന്റിസ് കൈവരിക്കും. ഇത് ബാറിനെ അനായാസം മറികടക്കാൻ ഡുപ്ലന്റിസിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയുടെ സഹായം

ഇതിനെല്ലാം പുറമെ ഡുപ്ലന്റിസ് ലോക റെക്കോർഡ് കൈവരിക്കാൻ ധരിക്കുന്ന ഷൂവിനും ചില പ്രത്യേകതകളുണ്ട്. ടോക്കിയോയില്‍ നടന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പില്‍ 6.30 മീറ്റർ പോള്‍ വോള്‍ട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ഡുപ്ലന്റിസ് ധരിച്ച ഷൂ ശ്രദ്ധിക്കുക. പ്യൂമ നിര്‍മ്മിച്ച പ്രത്യേക ഷൂവിന്റെ മുൻ ഭാഗത്തായി കൂര്‍ത്ത രൂപത്തിലുള്ള അഗ്രം കാണാനാകും. ഇത് തന്റെ റണ്ണപ്പിലെ ഏറ്റവും മികച്ച വേഗത കൈവരിക്കാൻ സഹായിക്കുമെന്നാണ് താരം പറയുന്നത്. റണ്ണപ്പിന്റെ കാര്യത്തില്‍ ഷൂ തനിക്ക് മുൻതൂക്കം നേടിത്തരുന്നുണ്ടെന്നും ഡുപ്ലന്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ബണ്‍ ഫൈബർ ഉപയോഗപ്പെടുത്തിയുള്ള ഷൂ അത്ലീറ്റുകളും പ്രകടനത്തെ മെച്ചപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. 2023 സെപ്തംബറിന് ശേഷം വനിത മാരത്തണ്‍ ലോക റെക്കോർഡ് നാല് തവണയാണ് തിരുത്തപ്പെട്ടത്. പുരുഷ വിഭാഗം മാരത്തണിലെ പത്ത് മികച്ച സമയം കുറിച്ച അത്ലീറ്റുകളില്‍ ഒൻപത് പേരും ധരിച്ചത് കാർബണ്‍ ഷൂ ആണ്. എന്നാല്‍, തനിക്ക് റെക്കോർഡ് സ്ഥാപിക്കാൻ സാധിക്കുമെന്ന് തോന്നുമ്പോള്‍ മാത്രമാണ് ഇത്തരം ഷൂ ഉപയോഗിക്കുക എന്നും ഡുപ്ലന്റിസ് വെളിപ്പെടുത്തിയിട്ടുണ്ട്.