ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബുമ്രയോളം ഇംപാക്റ്റുണ്ടാക്കിയ ബൗളര്‍മാര്‍ ചുരുക്കമാണ്, ഇല്ലെന്ന് തന്നെ പറയാം
കഴിഞ്ഞ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫി. മെല്‍ബണ്‍ ടെസ്റ്റില്‍ ദീര്‍ഘമായ സ്പെല്ലിന് ശേഷം നില്‍ക്കുന്ന ജസ്പ്രിത് ബുമ്ര. നായകൻ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി അയാളിലേക്ക് പന്തുനീട്ടുകയാണ്. ബുമ്രയുടെ മറുപടി ഇങ്ങനെയായിരുന്നു, 'ഇപ്പോഴത്തേക്ക് ഇത് മതി, ഇനി എനിക്ക് ശക്തിയില്ല'.
ഇന്ത്യയുടെ ബൗളിങ് അറ്റാക്ക് ബുമ്ര എന്ന പേരിലേക്ക് ചുരുങ്ങിയ പരമ്പരയായിരുന്നു അത്. 151 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. 13.06 ശരാശരിയില്‍ 32 വിക്കറ്റുകള്‍. സ്വന്തം നാട്ടില്‍ ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്ക് പോലും സാധിക്കാത്ത മികവ്. പരമ്പരയുടെ താരമായി ബുമ്ര തിരഞ്ഞെടുക്കപ്പെട്ടതിലും ആര്‍ക്കും ആത്ഭുതമില്ലായിരുന്നു. മുഹമ്മദ് സിറാജിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കും ആറ് വിക്കറ്റിനപ്പുറം കടക്കാനായിട്ടില്ല.
ബുമ്രയുടെ പന്തുകളെ എത്രമാത്രം ഇന്ത്യ ആശ്രയിക്കുന്നുണ്ട് എന്നതുകൂടി പരമ്പര തെളിയിക്കുകയായിരുന്നു. ബുമ്രയ്ക്ക് മാത്രമെ ഇന്ത്യയെ കരകയറ്റാനാകു എന്നൊരു സ്ഥിതിയുള്ളതുപോലെ.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബുമ്രയോളം ഇംപാക്റ്റുണ്ടാക്കിയ ബൗളര്‍മാര്‍ ചുരുക്കമാണ്, ഇല്ലെന്ന് തന്നെ പറയാം. ബുമ്ര പന്തെടുക്കുന്ന നിമിഷം ഇന്ത്യ തിരിച്ചുവരാൻ ഒരുങ്ങുന്നുവെന്ന് വേണം കരുതാൻ. പൊതുവെ ബാറ്റിങ് ശക്തികളെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ സ്റ്റാൻഡേര്‍ഡ് ഉയര്‍ത്താൻ സാധിച്ചത് ബുമ്രയുടെ വരവോടെയായിരുന്നു. അത് സംരക്ഷിക്കുന്ന തരത്തിലായിരുന്നില്ല ടെസ്റ്റില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍.
ഓസ്ട്രേലിയൻ പര്യടനത്തില്‍ ബുമ്ര പരുക്കിലേക്ക് തള്ളപ്പെട്ടതിന്റെ കാരണം ടീം തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. ബാറ്റിങ്ങിന് മുൻതൂക്കം നല്‍കി മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ അന്തിമ ഇലവൻ പരുവപ്പെടുത്തിയത്. നിതീഷ് കുമാര്‍ എന്ന ഓള്‍ റൗണ്ടറായിരുന്നു നാലാം പേസറിന്റെ റോള്‍ വഹിച്ചത്. എന്നാല്‍ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. പരമ്പരയിലാകെ അഞ്ച് വിക്കറ്റ് മാത്രമാണ് നിതീഷിന് നേടാൻ കഴിഞ്ഞതും.
മൂന്നാം പേസറായി മാറി വന്ന പ്രസിദ്ധ കൃഷ്ണയ്ക്കും ആകാശ് ദീപിനും നീതീഷിനേക്കാള്‍ മുകളിലേക്ക് സംഭാവന നല്‍കാനും കഴിയാതെ പോയി. ഇതോടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്ന നിയോഗം ബുമ്ര-സിറാജ് സഖ്യത്തിലേക്ക് എത്തി. ഇതോടെ എറിയുന്ന സ്പെല്ലുകളുടെ എണ്ണവും വര്‍ധിച്ചു.
ബാക്ക് ഇഞ്ചുറി നിരന്തരം വേട്ടയാടുന്ന ബുമ്രയെ സംബന്ധിച്ച് ഇത് കഠിനമായ ഒന്നായിരുന്നെന്ന് സിഡ്നി ടെസ്റ്റ് തെളിയിച്ചു. മറ്റൊരു പരുക്കിലേക്ക് ബുമ്ര അഞ്ചാം ടെസ്റ്റില്‍ 10 ഓവര്‍ മാത്രമായിരുന്നു ബുമ്ര എറിഞ്ഞതും. വലം കയ്യൻ പേസറുടെ അഭാവം ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ത്യയെ അകറ്റുകയും ചെയ്തു.
പരുക്കില്‍ നിന്ന് മുക്തമാകാൻ നാല് മാസത്തെ ഇടവേളയായിരുന്നു ബുമ്രയ്ക്ക് പിന്നീട് ആവശ്യമായി വന്നത്, ചാമ്പ്യൻസ് ട്രോഫിയും നഷ്ടമായി. ഐപിഎല്ലില്‍ തിരിച്ചുവന്നു, ഒരിക്കല്‍ക്കൂടി തിളങ്ങി. ഐപിഎല്ലിനിടയില്‍ പരിശീലനത്തില്‍ ബുമ്ര എറിയുന്ന ഓവറുകളുടെ എണ്ണം പടിപടിയായിരുന്നു വര്‍ധിപ്പിച്ചതുപോലും. അത്രത്തോളം സൂക്ഷ്മതയോടെയാണ് താരത്തെ കൈകാര്യം ചെയ്യുന്നതിപ്പോള്‍.
പക്ഷേ, തുടര്‍ച്ചയായ പരുക്കുകളും അമിതഭാരവും നിര്‍ണായക തീരുമാനത്തിലേക്ക് ബുമ്രയെ നയിക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകള്‍ വരുന്ന പരമ്പരകളില്‍ പരമാവധി മൂന്ന് മത്സരം മാത്രമെ കളിക്കാനാകൂ എന്ന്. ഒരു ബൗളറെ സംബന്ധിച്ച് ബാക്ക് ഇഞ്ചുറി എന്നത്, കരിയറിലെ ദുസ്വപ്നമായി പോലും പരിണമിക്കാൻ പോന്നതാണ്.
ഇതോടെ നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ സാധ്യതകളും തുലാസിലാവുകയാണ്. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നില്‍ മാത്രമെ ബുമ്ര കളത്തിലെത്തുകയുള്ളുവെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീറും നായകൻ ഗില്ലും സ്ഥിരീകരിച്ചുകഴിഞ്ഞു. ബുമ്രയും ഇത് ശരിവെക്കുകയും ചെയ്തു.
ലീഡ്‌സ് ആതിഥേയത്വം വഹിക്കുന്ന ആദ്യ ടെസ്റ്റില്‍ ബുമ്രയുണ്ടാകും. അവശേഷിക്കുന്ന മത്സരങ്ങളിലെ സാന്നിധ്യം, അത് പലകണക്കുകൂട്ടലുകളുടേയും അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് ഓസ്ട്രേലിയയില്‍ പാളിയ തന്ത്രം തിരുത്താനും ഇന്ത്യ നിര്‍ബന്ധിതമാകും. നാല് പ്രോപ്പര്‍ പേസര്‍മാരെ അന്തിമ ഇലവനില്‍ പ്രതീക്ഷിക്കാം, ബുമ്രയില്ലാത്തൊരു ഇന്ത്യ ടെസ്റ്റില്‍ എത്രത്തോളം ശക്തരാണെന്നതിനും ലോകം വൈകാതെ തിരിച്ചറിയും.
പരുക്കുതന്നെയായിരുന്നു ഇന്ത്യയുടെ നായകസ്ഥാനത്തിനോട് മുഖം തിരിക്കാൻ ബുമ്രയെ പ്രേരിപ്പിച്ചതും. അഞ്ച് ടെസ്റ്റുള്ള പരമ്പരയില്‍ മൂന്നില്‍ മാത്രം കളിക്കുന്ന ഒരു നായകൻ ടീമിന് നല്‍കുക മോശം സന്ദേശമാണെന്ന ധാരണ ബുംറയ്ക്കുണ്ടായിരുന്നു. ഫിസിയോ, ശസ്ത്രക്രിയ ചെയ്യുന്ന വിദഗ്ധര്‍ തുടങ്ങിയവരോടെല്ലാം തന്റെ ശരീരത്തിന്റെ പരിധികളെക്കുറിച്ച് വിലയിരുത്തിയശേഷമായിരുന്നു കളിക്കുന്ന ടെസ്റ്റുകളുടെ എണ്ണത്തില്‍ ബുമ്ര ധാരണയിലെത്തിയതും.
ഓസ്ട്രേലിയയില്‍ കണ്ടതുപോലെ ബുംറയില്‍ നിന്ന് വലിയ സ്പെല്ലുകള്‍ ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കേണ്ടതില്ല. മത്സരസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമായിരിക്കും ബുമ്രയുടെ വരവും. ദീര്‍ഘമായ പരമ്പരകളും ഇടവേളകളുടെ കുറവും പരുക്കിന്റെ ഭൂതകാലവും പ്രായമേറുന്നതും വരും വര്‍ഷങ്ങളിലും ബുമ്രയ്ക്ക് വെല്ലുവിളിയായിരിക്കും. പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകള്‍ നിരവധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍.


