ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍, ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുമ്പോള്‍ റബാഡയ്ക്ക് ഓരോ പന്തും ഏറെ നിര്‍ണായകമായിരുന്നു
ടോപ് ഓഫ് ദ സ്റ്റമ്പില്‍ ഹിറ്റ് ചെയ്യാനുള്ള ഐഡിയല്‍ ലെങ്ത് എത്രയായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഓരോ വിക്കറ്റിലും ഇത് വ്യത്യസ്തമാണ്. പക്ഷേ, കഗിസോ റബാഡയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നടക്കുന്ന ലോര്‍ഡ്‌സിലെ ആ മാന്ത്രിക പോയിന്റിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. He was not just good, but was brilliant against Australia.
ഇങ്ങനെ പറയാനുള്ള കാരണവും കണക്കുകളും ഇനി നിരത്താം. മേല്‍പ്പറഞ്ഞ ആ ഐഡിയല്‍ ലെങ്ത് തന്നെയാണ് പ്രധാനപ്പെട്ട ഒന്ന്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളില്‍ പന്തെറിഞ്ഞാണ് റബാഡയ്ക്ക് ശീലം. സെഞ്ചൂറിയനില്‍ കൃത്യതയാര്‍ന്ന ലെങ്ത്, സ്റ്റമ്പില്‍ നിന്ന് 5.77 മീറ്ററാണ്. കേപ് ടൗണിലേക്ക് വരുമ്പോള്‍ ഇത് 5.89 മീറ്ററായി മാറുകയും ചെയ്യും.
ഓസ്ട്രേലിയയിലെ പെർത്തില്‍ 5.86 മീറ്ററും മെല്‍ബണില്‍ 6.08 ആണ് ടോപ് ഓഫ് ദ സ്റ്റമ്പ് ഹിറ്റിങ് ലൈൻ. പക്ഷേ, ലോർഡ്‌സില്‍ ഇത് 6.80 മീറ്ററാണ്. മേല്‍പ്പറഞ്ഞ നാല് മൈതാനങ്ങളേക്കാള്‍ വ്യത്യസ്തമായ ലെങ്ത്. അതുകൊണ്ട് ലെങ്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒരു പേസ് ബൗളറെ സംബന്ധിച്ച് നിര്‍ണായകമാകുന്നു. ഇവിടെ റബാഡ പൂര്‍ണമായും വിജയിക്കുകയായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍, ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുമ്പോള്‍ റബാഡയ്ക്ക് ഓരോ പന്തും ഏറെ നിര്‍ണായകമായിരുന്നു. കാരണം, ലഹരിമരുന്നിന്റെ കറ കഴുകിക്കളയണമായിരുന്നു അയാള്‍ക്ക്. അതിന് അനിവാര്യമായതെല്ലാം പന്തിലൊളിപ്പിച്ച് തന്നെയായിരുന്നു ലോര്‍ഡ്‌സില്‍ റബാഡ റണ്ണപ്പ് എടുത്തതും.
ഉസ്മാൻ ഖവാജയും ഔട്ട്സൈഡ് എഡ്ജ് ബീറ്റ് ചെയ്ത ആദ്യ പന്തില്‍ തന്നെ സൂചന. പേസും ബൗണ്‍സും മൂവ്മെന്റും ഒരുപോലെ, അതും സ്ഥിരതയോടെ. ഓസ്ട്രേലിയക്ക് 20 പന്തുകള്‍ അതിജീവിക്കേണ്ടി വന്നു റബാഡക്കെതിരെ ആദ്യ റണ്‍സെടുക്കാൻ. അടുത്ത പന്ത് ഫോര്‍ത്ത് സ്റ്റമ്പ് ലൈനില്‍, ഖവാജ നിക്ക് ചെയ്യുകയും സ്ലിപ്പില്‍ അടിയറവ് പറയുകയും ചെയ്തു. വൈകാതെ ഗ്രീനും.
വിക്കറ്റെടുത്ത പന്തുകളേക്കാള്‍ ആകര്‍ഷിച്ചത് മറ്റൊന്നായിരുന്നു. 27-ാം ഓവറില്‍ വെബ്സ്റ്ററിന് എതിരെ എറിഞ്ഞ പന്ത്. വെബ്സ്റ്ററിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ സ്വിങ്ങ് ചെയ്ത പന്ത് മിഡില്‍ സ്റ്റമ്പിന്റെ തലയെ തൊട്ടുരുമിയാണ് കടന്നുപോയത്. വെബ്സ്റ്റര്‍ ഇത്തരത്തില്‍ പലകുറി അതിജീവിച്ചു റബാഡയുടെ പന്തുകളില്‍.
വൈകാതെ വെബ്സ്റ്ററിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ റബാഡയുടെ പന്ത് റിവ്യു ചെയ്യാതെ വിട്ടുകളഞ്ഞത് പ്രോട്ടിയാസിനെ സംബന്ധിച്ച് നഷ്ടമായി മാറുകയും ചെയ്തു.
ഓഫ് സ്റ്റമ്പ് തുറന്ന് നല്‍കിയ കമ്മിൻസിന് 138 കിലോമീറ്റര്‍ വേഗതയിലൊരു പന്ത്. ഓഫ് സ്റ്റമ്പിന്റെ ടോപിലായിരുന്നു പന്ത് പതിച്ചത്. വെബ്സ്റ്ററിനെ മടക്കിയത് വൈഡായി എത്തിയ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവറിയായിരുന്നു. ബാക്ക് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച വെബ്സ്റ്ററിന്റെ ഇന്നിങ്സ് സ്ലിപ്പിലാണ് അവസാനിച്ചത്. നാലാം വിക്കറ്റ്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റും ബാക്ക് ഓഫ് ദ ലെങ്തായിരുന്നു. ലെഗ് സ്റ്റമ്പിന്റെ ടോപിലായിരുന്നു പന്ത് ഹിറ്റ് ചെയ്തതും. ഇൻസ്വിങ് ഡെലിവറി ജഡ്ജ് ചെയ്യാനാകാതെ ഡ്രൈവിന് ശ്രമിച്ചതോടെ സ്റ്റാര്‍ക്കിന്റെ ഡിഫൻസ് ഓപ്പണാവുകയും ബെയില്‍ തെറിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വേട്ടക്കാരില്‍ അലൻ ഡൊണാള്‍ഡിനേയും റബാഡ മറികടന്നു.
ലോര്‍ഡ്സിലെ ഗ്യാലറിയുടെ ഹർഷാരവത്തോടെയായിരുന്നു റബാഡ മൈതാനം വിട്ടത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്തായിരുന്നു റബാഡയെ ബൗണ്ടറിക്ക് അരികില്‍ നിന്ന് സ്വീകരിച്ചത്. തന്റെ പ്രകടനത്തെ റിയലി സ്പെഷ്യല്‍ എന്നായിരുന്നു റബാഡ വിശേഷിപ്പിച്ചത്.
മറ്റൊന്ന് ചൂണ്ടിക്കാണിക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍, ലോര്‍ഡ്‌സില്‍ റബാഡ അവസാനമായി പന്തെറിഞ്ഞത് മൂന്ന് വര്‍ഷം മുൻപ് ഒരു ഓഗസ്റ്റിലാണ്. അന്നും അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങാൻ റബാഡയ്ക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് ബാറ്റര്‍മാരെയാണ് ലോര്‍ഡ്‌സിലെ ചരിത്ര പ്രസിദ്ധമായ പവലിയനിലേക്ക് മടക്കിയത്.
ആനുകൂല്യമുണ്ടെങ്കിലും ബാറ്റര്‍മാര്‍ക്കും സാധ്യതയുള്ള വിക്കറ്റ് പോലെ തോന്നിച്ചു. കൂടുതല്‍ പന്തുകള്‍ കൃത്യമായ ലെങ്തുകളില്‍ ഹിറ്റ് ചെയ്യാൻ സാധിക്കുകയാണെങ്കില്‍ അവസരങ്ങള്‍ സൃഷ്ടിക്കാൻ കഴിയും, ഇതായിരുന്നു മത്സരശേഷം റബാഡ പറഞ്ഞത്. മത്സരത്തില്‍ ചെയ്തതും ഇതുതന്നെ. മറ്റ് ദക്ഷിണാഫ്രിക്കൻ പേസര്‍മാര്‍ക്ക് കഴിയാതെ പോയതും.


