ഏകദേശം രണ്ട് വർഷത്തോളമായിരിക്കുന്നു ശ്രേയസ് അയ്യർ ഒരു അന്താരാഷ്ട്ര ട്വന്റി 20 മത്സരം കളിച്ചിട്ട്
ഐപിഎല്‍ 2025. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള ക്വാളിഫയര്‍ രണ്ട് നടക്കുകയാണ്. മത്സരം ഏത് വശത്തേക്കും തിരിഞ്ഞേക്കാം. പതിവുപോലെ ജസ്പ്രിത് ബുമ്ര എന്ന ലോകോത്തര ബൗളര്‍ക്ക് നേര്‍ക്ക് ഒരിക്കല്‍ക്കൂടി മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ പന്തുനീട്ടുകയാണ്. ഇപ്പോഴത് സംഭവിച്ചില്ലെങ്കില്‍ ആറാം കിരീടമെവന്ന സ്വപ്നം ബാക്കിയാക്കി മടങ്ങാം ദൈവത്തിന്റെ പോരാളികള്‍ക്ക്. കാരാണം പഞ്ചാബിന്റെ നായകൻ ശ്രേയസ് അയ്യര്‍, പിടിച്ചുകെട്ടാനാകാത്ത പടക്കുതിരയെപ്പോലെ മത്സരവുമായി പായുകയായിരുന്നു.
വാഷിങ്ടണ്‍ സുന്ദറിനെ ദിവസങ്ങള്‍ക്ക് മുൻപ് നിലം പതിപ്പിച്ച ആ പന്തിന്റെ ആവര്‍ത്തനമായിരുന്നു ബുമ്ര ശ്രേയസിനായി കാത്തുവെച്ചത്. മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തുന്ന ഇൻസ്വിങ്ങിങ് യോര്‍ക്കര്‍, ബുമ്രയുടെ ഏറ്റവും അപകടകാരിയായ പന്ത്. സ്റ്റമ്പിന് മുകളിലായി ഉയര്‍ന്നു നിന്ന ശ്രേയസിന്റെ ബാറ്റ് പൊടുന്നനെ താഴ്‌ന്നു. പന്ത് ക്രീസ് വര കടന്ന മാത്രയില്‍ ബാറ്റിന്റെ ഫേസ് ഓപ്പണായി. ബുംറയുടെ യോർക്കറില്‍ പരിചിതമല്ലാത്ത ഒരു കാഴ്ചയുടെ പിറവി. ഷോർട്ട് തേഡിനെ മറികടന്ന് ബൗണ്ടറിയിലേക്ക് പന്ത് പാഞ്ഞു.
ഒരുപക്ഷേ, ഐപിഎല്‍ 2025ലെ തന്നെ ഷോട്ടെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒന്ന്, അത് ഒന്നല്ല രണ്ട് തവണ ശ്രേയസ് ബുമ്രയുടെ ഓവറില്‍ പുറത്തെടുത്തു. ബുമ്രയ്ക്കെതിരെ അത്തരമൊരു ഷോട്ട് കളിക്കണമെങ്കില്‍ എത്രത്തോളം മികവുള്ള ബാറ്ററായിരിക്കും ശ്രേയസ്? നിലവിലെ ഏറ്റവും മികച്ചവരില്‍ ഒരുവൻ തന്നെയെന്ന് നിസംശയം പറയാം. എന്നിട്ടും, ട്വന്റി 20 ടീമിലേക്കുള്ള മടക്കത്തിനായി ശ്രേയസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകള്‍. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ശ്രേയസിന്റെ സാധ്യതകള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു.
ഏകദേശം രണ്ട് വർഷത്തോളമായിരിക്കുന്നു ശ്രേയസ് ഒരു അന്താരാഷ്ട്ര ട്വന്റി 20 മത്സരം കളിച്ചിട്ട്. 2023 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അവസാന മത്സരം. ബെംഗളൂരു ആതിഥേയത്വം വഹിച്ച പോരാട്ടത്തില്‍ അർദ്ധ സെഞ്ച്വറി നേടിയായിരുന്നു കളം വിട്ടത്. പിന്നീട് പരുക്കും വിവാദങ്ങളും നിറഞ്ഞ നാളുകളില്‍ ഇന്ത്യൻ ടീമില്‍ നിന്ന് തന്നെ അകറ്റപ്പെട്ട ശ്രേയസ് ഐപിഎല്ലില്‍ അസാധ്യമെന്ന് തോന്നിച്ച പലതും സാധിച്ചെടുക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കേവലം ബാറ്റർ എന്ന നിലയില്‍ മാത്രമായിരുന്നില്ല, നായകനായും ശ്രേയസിന് തലപ്പൊക്കമുണ്ടായിരുന്നു.
2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് എത്തിച്ചു. അന്ന് 15 കളികളില്‍ നിന്ന് 351 റണ്‍സ് നേടിയായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. എന്നാല്‍, 2025ല്‍ അടിമുടി വ്യത്യസ്തനായിരുന്നു ശ്രേയസ്. 26.75 കോടി രൂപ നേടി ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മൂല്യമേറിയ താരമായാണ് പഞ്ചാബ് കിങ്സിനെ നയിക്കാൻ ഒരുങ്ങുന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഞ്ചാബിനെ കലാശപ്പോരിലേക്ക് എത്തിച്ചു.
17 മത്സരങ്ങളില്‍ നിന്ന് 604 റണ്‍സ്. അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ നിന്നു. ആറ് അർദ്ധ സെഞ്ച്വറികള്‍. ഇതിനെല്ലാം ഉപരിയായി കാണേണ്ടത് ശ്രേയസിന്റെ സ്ട്രൈക്ക് റേറ്റായിരുന്നു. ഒരു പതിറ്റാണ്ട് നീണ്ട ശ്രേയസിന്റെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്, 175.07. മറ്റൊരു സീസണില്‍ പോലും 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെ വലം കയ്യൻ ബാറ്റര്‍ ബാറ്റ് ചെയ്തിട്ടില്ല. മുന്നൂറിലധികം പന്ത് നേരിട്ടവരിലും ഏറ്റവും മികച്ച പ്രഹരശേഷി പഞ്ചാബ് നായകന്റെ പേരില്‍.
എല്ലാംകൊണ്ടും ഒരു തിരിച്ചുവരവിനുള്ള മരുന്ന് കയ്യില്‍ കരുതിയാണ് ശ്രേയസ് ഐപിഎല്‍ അവസാനിപ്പിച്ചത്. മധ്യനിരയിലാണ് ശ്രേയസിന്റെ ഈ പ്രകടനങ്ങളെല്ലാമെന്നതാണ് ഇന്ത്യയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതും. മധ്യനിരയില്‍ സൂര്യകുമാറും ശ്രേയസും എത്തിയാല്‍ മറ്റ് ആശങ്കകള്‍ക്കൊന്നും വഴിയില്ല. കാരണം ഇരുവരും സ്ഥിരതയോടെ മികച്ച സ്ട്രൈക്ക് റേറ്റില്‍ മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ കെല്‍പ്പുള്ളവരാണ്.
ശ്രേയസ് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്ന ഒരു ബിഗ് ടൂർണമെന്റ് പ്ലെയര്‍ കൂടിയാണ്. അവസാനം ഇന്ത്യ കളിച്ച മൂന്ന് ഐസിസി വൈറ്റ് ബോള്‍ ടൂർണമെന്റുകളെടുക്കാം. 2023 ഏകദിന ലോകകപ്പ്, 2024 ട്വന്റി 20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി. 2024 ട്വന്റി 20 ലോകകപ്പ് ഒഴികെ മറ്റ് രണ്ട് ടൂർണമെന്റുകളിലും ശ്രേയസിന്റെ സാന്നിധ്യം മധ്യനിരയില്‍ ഉണ്ടായിരുന്നു.
2023 ഏകദിന ലോകകപ്പെടുത്താല്‍, റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്തുണ്ട് ശ്രേയസ്. 11 ഇന്നിങ്സുകളില്‍ നിന്ന് 530 റണ്‍സ്. രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും. ന്യൂസിലൻഡിനെതിരെ സെമി ഫൈനിലില്‍ നേടിയ ശതകത്തിനായിരുന്നു കൂട്ടത്തില്‍ തിളക്കം കൂടുതലും. 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററും ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സെടുത്തതും ശ്രേയസായിരുന്നു.
അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 243 റണ്‍സായിരുന്നു ശ്രേയസ് നേടിയത്. പാകിസ്ഥാനും ന്യൂസിലൻഡിനുമെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായക അർദ്ധ സെഞ്ച്വറികള്‍. സെമി ഫൈനലില്‍ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയുമൊത്തുള്ള കൂട്ടുകെട്ട്. ഫൈനലില്‍ കിവീസിനെതിരെ 38 പന്തില്‍ 37 റണ്‍സും. സ്ഥിരതയുടെ പര്യായയമായി ശ്രേയസ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മാറി.
തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസെന്ന് വിലയിരുത്താനാകും. പിന്നെ എന്തുകൊണ്ട് ശ്രേയസിന് മുന്നില്‍ വാതിലുകള്‍ അടയുന്നു എന്നത് ചോദ്യമായി തന്നെ മുന്നില്‍ നില്‍ക്കുന്നു. മധ്യനിരയ്ക്ക് കരുത്തേകാൻ ശ്രേയസിനേക്കാള്‍ മികച്ചൊരു ബാറ്റര്‍ ഇന്ന് ഇന്ത്യൻ ക്രിക്കറ്റില്‍ ഉണ്ടോയെന്നതും സംശയമാണ്.


