ട്വന്റി 20 ക്രിക്കറ്റ് ബാറ്റിന്റെ ദിശയ്ക്കൊപ്പം നീങ്ങിയപ്പോള്‍ ബൗണ്ടറിവരകള്‍ ചെറുതായി, സ്പിന്നര്‍മാ‍രുടെ പന്തുകള്‍ നിരന്തരം ഗ്യാലറികളില്‍ പതിച്ചു

കരുണ്‍ നായരിന്റെ പ്രതിരോധത്തെ പൂര്‍ണമായും തകര്‍ത്ത് ഓഫ് സ്റ്റമ്പിന്റെ ടോപ്പില്‍ പതിച്ച മിച്ചല്‍ സാന്റ്നറിന്റെ പന്ത്. കളിപറച്ചിലുകാര്‍ ജാഫ എന്ന് വിളിക്കുന്ന മൊമന്റ്. സീസണിലെ ഏറ്റവും മികച്ച പന്തുകളിലൊന്ന്. ഇത്തരം നിമിഷങ്ങളാണ് സ്പിന്നര്‍മാര്‍ മത്സരത്തിന് സമ്മാനിക്കുന്നത്.

ട്വന്റി 20 ക്രിക്കറ്റ് ബാറ്റിന്റെ ദിശയ്ക്കൊപ്പം നീങ്ങിയപ്പോള്‍ ബൗണ്ടറിവരകള്‍ ചെറുതായി, സ്പിന്നര്‍മാ‍രുടെ പന്തുകള്‍ നിരന്തരം ഗ്യാലറികളില്‍ പതിച്ചു. 2024 ഐപിഎല്‍ സീസണ്‍ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. എന്നാല്‍ ഇത്തവണ അതിനൊരു മാറ്റമുണ്ടായി, സ്പിന്നര്‍മാര്‍ മാറ്റമുണ്ടാക്കിയെന്ന് തന്നെ പറയാം. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും സ്പിന്നര്‍മാരെ പരീക്ഷിക്കാൻ ക്യാപ്റ്റൻമാര്‍ തയാറാകുന്ന അപൂര്‍വമായ കാഴ്ച നാം കണ്ടു.

ഗെയിമിന്റെ മാറ്റങ്ങള്‍ക്കൊപ്പം വേഗം സഞ്ചരിക്കാൻ സ്പിന്നര്‍മാര്‍ തയാറായി എന്നതാണ് ഇതിന് പിന്നിലെ ഒരു കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത്. പന്ത് പിന്നിലൊളിപ്പിച്ച് ബാറ്റര്‍മാരെ കുഴപ്പിക്കുന്ന സുനില്‍ നരെയ്ൻ സുപരിചിതനാണ് എല്ലാവര്‍ക്കും. എന്നാല്‍, സമാന തന്ത്രമുപയോഗിക്കുന്നവര്‍ ഇന്ന് ഐപിഎല്ലിലുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ, ദിഗ്വേഷ് റാത്തി അങ്ങനെ നീളുന്നു പട്ടിക. ഫ്ലൈറ്റഡ് ഡെലിവറികള്‍, കാരം ബോളുകള്‍, ദൂസര മിസ്റ്ററി സ്പിന്നര്‍മാരുടെ കടന്നുവരവ്...ബാറ്റര്‍മാരെ ക്ലൂലെസാക്കുന്നവര്‍.

വിക്കറ്റ് കോളത്തില്‍ അതിന്റെ മാറ്റവും സീസണില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ പരിശോധിക്കുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ ആകെ നേടിയ വിക്കറ്റുകളുടെ എണ്ണം 233 ആയിരുന്നു. ഇത്തവണ 57 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 243 തവണ ബാറ്റ‍ര്‍മാരെ ഡഗൗട്ടിലേക്ക് മടക്കാൻ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിട്ടുകൊടുക്കുന്ന റണ്‍സിന്റെ കാര്യത്തില്‍ മാത്രമാണ് സമാനമായ കണക്കുകള്‍ കാണാൻ കഴിയുന്നത്.

മറ്റൊരു കാര്യം സെക്കൻഡ് ന്യൂബോളിന്റെ കടന്നുവരവാണ്. ഇന്ത്യയിലെ കാലാവസ്ഥയനുസരിച്ച് രാത്രി മത്സരങ്ങളില്‍ മഞ്ഞ് വീഴ്ചയുണ്ടാകും. ഇത്, പന്ത് ഗ്രിപ്പ് ചെയ്യുന്നതില്‍ സ്പിന്നര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ പുതിയ മാറ്റം സ്പിന്നര്‍മാരെ തുണച്ചു. മുംബൈ-ഡല്‍ഹി മത്സരത്തോളം ക്ലാസിക്കായുള്ള ഉദാഹരണം  ചൂണ്ടിക്കാണിക്കാനില്ല ഈ സീസണില്‍.

അനായാസം വിജയത്തിലേക്ക് കുതിക്കുന്ന ഡല്‍ഹി. കരുണിന്റെ വിക്കറ്റ് വീഴുന്നു. സ്പിന്നര്‍മാര്‍ക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കിയ മുംബൈ ക്യാമ്പ് ന്യൂബോളെടുക്കാൻ തീരുമാനിക്കുന്നു. കരണ്‍ ശര്‍മ ഡല്‍ഹി ബാറ്റര്‍മാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതിനായിരുന്നു പിന്നീട് അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അന്ന് മൂന്ന് വിക്കറ്റെടുത്ത കരണ്‍ തന്നെയായിരുന്നു കളിയിലെ താരമായതും.

സെക്കൻഡ് ന്യൂബോള്‍ എന്ന സാധ്യത വന്നത് പത്ത് ഓവറുകള്‍ക്ക് ശേഷം സ്പിന്നര്‍മാരെ കൂടുതലായി ഉപയോഗിക്കുന്നതിനും കാരണമായി. 2024 സീസണില്‍ പത്ത് ഓവറിന് ശേഷം 192 ഓവര്‍ മാത്രമാണ് സ്പിന്നര്‍മാര്‍ക്ക് എറിയാൻ അവസരമൊരുങ്ങിയത്. ഇത്തവണ ഇതിനോടകം തന്നെ ഓവര്‍ കണക്കുകള്‍ 204ലെത്തി. 67 വിക്കറ്റുകളും പിഴുതു ഈ ഘട്ടത്തില്‍.

യുസുവേന്ദ്ര ചഹലിന്റെ സീസണിലെ ഹാട്രിക്ക് വരുന്നത് 19-ാം ഓവറിലാണെന്നതും ഇതിനോട് കൂട്ടിച്ചേര്‍ക്കാവുന്ന ഒന്നാണ്. എം എസ് ധോണി, ദീപക് ഹൂഡ എന്നിവരടക്കം നാല് വിക്കറ്റുകളായിരുന്നു ആ ഒരു ഓവറില്‍ ചഹല്‍ എടുത്തത്. ഇതിന് മുൻപ് എത്ര തവണ ചഹലിനെ 19-ാം ഓവറില്‍ കണ്ടിട്ടുണ്ട് എന്നോരു ചോദ്യവും ഇവിടെ ചേര്‍ക്കാം.

വിക്കറ്റിനായി ഹൈ റിസ്ക്ക് ഗെയിം കളിക്കാനും സ്പിന്നര്‍മാര്‍ തയാറാകുന്നു. കൃണാല്‍ പാണ്ഡ്യ ബൗണ്‍സറുകള്‍ എറിയുന്നത്, ബാറ്റര്‍മാരുടെ ഹിറ്റിങ് ആര്‍ക്ക് ലക്ഷ്യമാക്കി പന്തെറിയുന്ന വിഘ്നേഷ് പുത്തൂര്‍, ദിഗ്വേഷ്, വേരിയേഷനുകളും വേഗതയും ആയുധമാക്കുന്ന വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും...വരുണിന്റെ പന്തുകള്‍ പലപ്പോഴും ഒരു മീഡിയം പേസറിനെ ഓ‍ര്‍മിപ്പിക്കുന്നതാണ്. പവര്‍പ്ലേയില്‍ എത്തുന്ന വിപ്രജ് നിഗം..ഇത്തരം തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബാറ്റര്‍മാര്‍ വീഴുകയും ചെയ്തു.

20 വിക്കറ്റുകളുമായി സ്പിന്നര്‍മാരില്‍ നൂര്‍ അഹമ്മദാണ് തിളങ്ങുന്നത്. വരുണിന്റെ പേരില്‍ 17 വിക്കറ്റുകളുണ്ട്. സായ് കിഷോറും കൃണാലും ചഹലും 14 വിക്കറ്റ് വീതവും നേടി. കുറഞ്ഞത് 30 ഓവര്‍ എറിഞ്ഞവരില്‍ ഏറ്റവും മികച്ച എക്കണോമിയുടെ പട്ടികയെടുത്ത ആദ്യ നാലില്‍ ഒന്നാമതുള്ള ബുംറയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് മൂന്ന് പേര്‍ സ്പിന്നര്‍മാരാണെന്നതും അവരുടെ പന്തിലെ നിയന്ത്രണത്തിന്റെ ഉദാഹരണമാണ്.