ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഏറെ നിർ‍ണായകമാകുക പവർപ്ലെ ഓവറുകളായിരിക്കും. അവിടെ ഇന്ത്യക്കായി സ്മൃതിയും പ്രോട്ടിയാസിനായി കാപ്പും നേർക്കുനേർ എത്തും

ആ സ്വപ്നനിമിഷത്തിലേക്കുള്ള ദൂരം ഒരു ജയം മാത്രമാണ്. കിരീടം കൈപ്പിടിയിലൊതുക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ളത് അഞ്ച് നിർണായക ഘട്ടങ്ങള്‍, അഞ്ച് വെല്ലുവിളികള്‍.

ഒന്ന് മരിസാൻ കാപ്പ് - സ്മൃതി മന്ദന. വനിത ഏകദിന ലോകകപ്പ് ‍ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ള താരം, മരിസാൻ കാപ്പ്. നിലവിലെ ലോക ഒന്നാം നമ്പർ ഏകദിന ബാറ്ററും ഈ ലോകകപ്പില്‍ റണ്‍വേട്ടയില്‍ രണ്ടാമതുമുള്ള താരം, സ്മൃതി മന്ദന. ഇരുടീമുകള്‍ക്കും നിർണായകമായ പവർപ്ലേ ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ പേറുന്നവർ. ലോകകപ്പില്‍ മങ്ങിയ ഫോമില്‍ തുടർന്ന കാപ്പ്, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തന്റെ താളം കണ്ടെത്തിയിരിക്കുകയാണ്. മീഡിയം പേസറാണെങ്കിലും ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവാണ് കാപ്പിനെ അണ്‍പ്രെഡിക്റ്റബിളും അപകടകാരിയാക്കുന്നതും.

മറുവശത്ത് അഗ്രസീവ് ക്രിക്കറ്റിന്റെ പുതിയ വേർഷനിലിറങ്ങുന്ന സ്മൃതിയും ലോകകപ്പിന്റെ തുടക്കത്തില്‍ തന്റെ മികവിനൊത്ത് ഉയർന്നിരുന്നില്ല. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ തുടർച്ചയായ് രണ്ട് അർദ്ധ സെഞ്ച്വറിയും ഒരു ശതകവും നേടി ഫോം വീണ്ടെടുത്തു. ന്യൂ ബോള്‍ ബൗളര്‍മാരെ അറ്റാക്ക് ചെയ്യുന്ന സ്മൃതിയേയാണ് സമീപകാലത്ത് കണ്ടിട്ടുള്ളത്. എന്നാല്‍, കാപ്പിനെതിരെ പെരുമയ്ക്കൊത്ത റെക്കോ‍ര്‍ഡ് താരത്തിനില്ല. എല്ലാക്കാലത്തും കരുതലോടെയാണ് കാപ്പിനെ സ്മൃതി നേരിട്ടിട്ടുള്ളത്. കാപ്പിന്റെ 116 പന്തുകള്‍ നേരിട്ട സ്മൃതി 72 റണ്‍സ് മാത്രമാണ് നേടിയത്, സ്ട്രൈക്ക് റേറ്റ് 62. ഒരു തവണ മാത്രമാണ് കാപ്പിന് മുന്നില്‍ കീഴടങ്ങിയത്.

അടുത്തത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ട്ട് നയിക്കുന്ന മുൻനിരയെ ഇന്ത്യയുടെ ന്യുബോള്‍ ബൗളര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വിശാഖപട്ടണത്ത് നേരിട്ടപ്പോള്‍ പ്രോട്ടിയാസ് മുൻനിരയെ 20 ഓവറിന് മുൻപ് പവലിയനിലേക്ക് മടക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. പക്ഷേ, വിശാഖപട്ടണമല്ല നവി മുംബൈ. ബാറ്റര്‍മാരുടെ വിളനിലമാണ് മുംബൈയിലെ വിക്കറ്റ്. 470 റണ്‍സുമായി ബാറ്റിങ് നിരയുടെ നട്ടെല്ലായ ലോറ തന്നെ മുന്നിലുണ്ട്, എന്നാല്‍ ലോറയുടെ പങ്കാളി തസ്മിൻ ബ്രിറ്റ്സ് സ്ഥിരതയില്ലാതെയാണ് ലോകകപ്പില്‍ തുടരുന്നത്. ഈ വര്‍ഷം അഞ്ച് സെഞ്ച്വറികള്‍ നേടിയെങ്കിലും ലോകകപ്പില്‍ ആ ഫോം ആവര്‍ത്തിക്കാനായിട്ടില്ല.

ലോറയ്ക്ക് ശേഷം കാപ്പ് മാത്രമാണ് മുൻനിരയില്‍ അല്‍പ്പമെങ്കിലും മികവ് പുലര്‍ത്തുന്നത്. ഇംഗ്ലണ്ടിന്റേയും ഓസ്ട്രേലിയയുടേയും ക്വാളിറ്റി ബൗളര്‍മാര്‍ക്ക് മുന്നില്‍ 100 റണ്‍സ് പോലും തികയ്ക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, നവി മുംബൈയില്‍ അത്തരമൊരു തകര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, ഇന്ത്യയുടെ പേസ് നിരയിലേക്ക് രേണുക സിങ് താക്കൂര്‍ കൂടിയെത്തുന്നതോടെ പ്രോട്ടിയാസിന് മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ഛയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

മൂന്നാമത്തെ വെല്ലുവിളിയായി ചൂണ്ടിക്കാണിക്കാനുള്ള പ്രോട്ടിയാസിന്റെ പിൻനിരയും ഇന്ത്യയുടെ ഡെത്ത് ബൗളര്‍മാരും തമ്മിലുള്ള ബാറ്റിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 252 റണ്‍സ് പ്രതിരോധിക്കവെ ദക്ഷിണാഫ്രിക്കയെ 142-6 എന്ന നിലയിലേക്ക് വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പക്ഷേ, നദീൻ ക്ലാര്‍ക്കിന്റെ ഒറ്റ ഇന്നിങ്സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. അതും നാല് ഓവറുകള്‍ ബാക്കി നില്‍ക്കെ. കേവലം 54 പന്തില്‍ 84 റണ്‍സെടുത്ത നദീനായിരുന്നു ഇന്ത്യയുടെ സെമി മോഹങ്ങള്‍ തുലാസിലാക്കിക്കൊണ്ടുള്ള തോല്‍വികളുടെ തുടക്കമിട്ടത്.

പ്രത്യേകിച്ചും നവി മുംബൈയിലെ ബാറ്റിങ് വിക്കറ്റിലേക്ക് എത്തുമ്പോള്‍ നദീൻ കൂടുതല്‍ അപകടകാരിയാകുമെന്ന് തീര്‍ച്ചയാണ്. 136 സ്ട്രൈക്ക് റേറ്റിലാണ് നദീൻ ലോകകപ്പില്‍ ബാറ്റ് വീശുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരവും നദീനാണ്. വലം കയ്യൻ ബാറ്ററെ സമ്മര്‍ദത്തിലാക്കാൻ ഇടം കയ്യൻ സ്പിന്നര്‍മാരെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നതാണ് ആകാംഷ. ശ്രീചരണി ഇലവനിലെ സ്ഥാനം ഉറപ്പിക്കുമ്പോള്‍ രാധാ യാദവിനാണ് മറ്റൊരു സാധ്യത. അതോ സ്നേ റാണയ്ക്കാകുമോ ഹര്‍മന്റെ അന്തിമ ഇലവനില്‍ ഇടമെന്നും കാത്തിരുന്ന് അറിയേണ്ടതുണ്ട്.

ജമീമയും ഹര്‍മനും നയിക്കുന്ന ഇന്ത്യയുടെ മധ്യനിര എങ്ങനെ മധ്യഓവറുകളെ നേരിടുമെന്നതാണ് അടുത്ത വെല്ലുവിളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഒരു മധ്യനിര ബാറ്റര്‍പോലും 15 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാൻ സാധിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ജമീമയും ഹ‍‍ര്‍മനും എതിരാളികള്‍ക്ക് പഴുതൊരുക്കാതെയാണ് ബാറ്റ് ചെയ്തത്. ഇതിന് പിന്നിലെ പ്രധാന കാരണം ഇരുവരുടേയും പക്കലുള്ള റേഞ്ച് ഓഫ് ഷോട്ട്സാണ്. പുതുകാലത്തിനൊപ്പം സഞ്ചരിക്കുന്ന ജമീമയും സ്കൂപ്പ് ഷോട്ടുകളും ഫീല്‍ഡിനെ കീറിമുറിച്ചുള്ള കട്ട് ഷോട്ടുകളും. മറുവശത്ത് ഹര്‍മൻ മൈതാനത്തിന്റെ ഏത് ഭാഗത്തേക്ക് സ്കോര്‍ ചെയ്യാനുള്ള മികവുള്ള താരം. നദീനും മ്ലാബയും ട്രിയോണുമായിരിക്കും മധ്യ ഓവറുകളില്‍ ലോറയുടെ അസ്ത്രങ്ങളാകുക.

ഇനിയുള്ളത് ദീപ്തി ശര്‍മയും ദക്ഷിണാഫ്രിക്കയുടെ വലം കയ്യൻ ബാറ്റര്‍മാരുമായുള്ള ബാറ്റിലാണ്. ഇന്ത്യൻ നിരയിലെ ഏറ്റവും പരിചയസമ്പത്തുള്ള ബൗളറാണ് ദീപ്തി, ഇതുവരെ ലോകകപ്പില്‍ 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ അനബല്‍ സതര്‍ലൻഡിനൊപ്പം ഒന്നാമതാണ്. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 54 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ 73 റണ്‍സും വഴങ്ങി. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റുകളുമാണ്. ദീപ്തി ഫൈനലില്‍ തന്റെ മികവിലേക്ക് പൂ‍ര്‍ണമായും ഉയരേണ്ടതുണ്ട്.